'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ഞായറാഴ്‌ച, സെപ്റ്റംബർ 04, 2016

ശംസുദ്ധീൻ പാലത്തിൻ്റെ വലാഉം ബറാഉം


അൽ വലാഅ് വൽ ബറാഅ് എന്നത് ഇയ്യിടെയായി അധികമായി കേൾക്കാൻ തുടങ്ങിയ പദമാണ്. ഇരുപത്തി അഞ്ചിലധികം വർഷമായി ഇസ്ലാമിനെക്കുറിച്ച് പഠിക്കുന്നുണ്ട്. പക്ഷെ ഒരു സാങ്കേതിക പ്രയോഗമെന്ന നിലക്ക് ഇത് ശ്രദ്ധയിൽ വരുന്നത് ഇയ്യിടെയാണ്. ഐ.എസ് പിന്തുണക്കുന്ന ഒരു സൈറ്റിലാണ് ആദ്യമായി ഇത് വായിച്ചത്. (അതുകൊണ്ട് ആദ്യം അവരാണ് പറഞ്ഞത് എന്നർഥമാക്കുന്നില്ല) മുസ്ലിംകളോടുള്ള പെരുമാറ്റത്തെക്കുറിക്കാൻ വലാഅ് എന്നും മുസ്ലികളല്ലാത്തവരോടുള്ള പെരുമാറ്റത്തെക്കുറിക്കാൻ ബറാഅ് എന്നും ഉപയോഗിച്ചുവരുന്നതായിട്ടാണ് മനസ്സിലായത്. രണ്ട് ദിവസം മുമ്പ് ശംസുദ്ധീൻ പാലത്ത് എന്ന മുജാഹിദ് പ്രാസംഗികൻ ഈ കാര്യം വിശദീകരിച്ചുകൊണ്ട് നടത്തിയ പ്രഭാഷണം വ്യാപകമായി ഷെയർ ചെയ്യപ്പെടുകയുണ്ടായി. അവ ശ്രദ്ധയോടെ മുഴുവനായി കേട്ടു. തികഞ്ഞ വിരക്കേടും അബദ്ധവുമാണ് അവയിലൂടെ എഴുന്നള്ളിക്കുന്നത്. ഈ പത്രങ്ങൾ മറ്റു വിഷയങ്ങളിലെന്ന പോലെ അവരുടേതായ വക്രീകരണം നടത്തിയിട്ടുണ്ടാകാം. അത് മാറ്റിവെച്ചാൽ പോലും ഒരു മുസ്ലിമിന് യോജിക്കാവുന്ന അഭിപ്രായങ്ങളല്ല അദ്ദേഹം പറയുന്നത് എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. വലാഉം ബറാഉം അതേ പദങ്ങളിൽ തന്നെ ഖുർആനിലില്ലെങ്കിലും ഇവയിൽ നിന്ന് നിഷ്പന്നമായ പദങ്ങൾ ഖുർആനിലുണ്ട്. അതിന് ഇവരിപ്പോൾ നൽകികൊണ്ടിരിക്കുന്ന ഇതിന് തെറ്റായ ഇത്ര വ്യാപകമായ ഒരു അർഥം ഉള്ളതായി മനസ്സിലാക്കിയിട്ടില്ലായിരുന്നു. ബറാഅത്ത് എന്ന ഒരു സൂറതന്നെ ഖുർആനിലുണ്ട്. 9ാം അധ്യായമായ സൂറത്തുതൌബക്ക് സുറത്ത് ബറാഅത്ത് എന്നും പേരുണ്ട്. സത്യനിഷേധികളും ഇസ്ലാമിനോട് ശത്രുതകാണിച്ച് ഇസ്ലാമിക രാഷ്ട്രവ്യവസ്ഥയോട് സായുധാക്രമണത്തിന് തയ്യാറായിവന്നവരുമായ ബഹുദൈവാരാധകർ  നടത്തിയ കരാർവ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് മുന്നോട്ട് നീങ്ങിയപ്പോഴാണ് ഖുർആൻ ഇത്തരം ഒരു പ്രഖ്യാപനം നടത്തിയത്. 

(9:3-4) അല്ലാഹുവില്‍നിന്നും അവന്റെ ദൂതനില്‍നിന്നും സകല ജനങ്ങള്‍ക്കുമായി മഹാ ഹജ്ജ്ദിനത്തിലുള്ളപൊതുവിളംബരമാണിത്. എന്തെന്നാല്‍, അല്ലാഹു ബഹുദൈവവിശ്വാസികളോടുള്ള ബാധ്യതയില്‍നിന്ന് ഒഴിവായിരിക്കുന്നു; അവന്റെ ദൂതനും. നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ അതിന്റെ ഗുണം നിങ്ങള്‍ക്കുതന്നെ. പിന്തിരിയുകയാണെങ്കില്‍, നന്നായറിഞ്ഞിരിക്കുക, നിങ്ങള്‍ അല്ലാഹുവിനെ തോല്‍പിക്കാനാവതുള്ളവരല്ല. പ്രവാചകന്‍, നിഷേധികളെ കഠിന ശിക്ഷയുടെ സുവാര്‍ത്ത അറിയിച്ചുകൊള്ളുക--നിങ്ങളുമായി കരാറിലേര്‍പ്പെടുകയും എന്നിട്ട് ആ കരാര്‍ പാലിക്കുന്നതില്‍ വീഴ്ചയൊന്നും ചെയ്യാതിരിക്കുകയും നിങ്ങള്‍ക്കെതിരായി ആരെയും സഹായിക്കാതിരിക്കുകയും ചെയ്ത ബഹുദൈവവിശ്വാസികളെ ഒഴിച്ച്. അങ്ങനെയുള്ളവരോട് നിങ്ങളും കരാറിന്റെ അവധിവരെ അതു പാലിക്കുന്നവരായിരിക്കുക. എന്തുകൊണ്ടെന്നാല്‍ സൂക്ഷ്മതയുള്ളവരെയത്രെ അല്ലാഹു ഇഷ്ടപ്പെടുന്നത് . (ഖുർആൻ)

ഇവിടെ ബഹുദൈവാരാധകർ എന്ന് പറയുന്നുണ്ടെങ്കിലും ഇവിടെ പരാമർശിക്കപ്പെട്ട ബഹുദൈവാരാധകർ എത്തരത്തിലുള്ളതാണ് എന്ന് ആ സംഭവം തുടർന്ന് വായിച്ചാൽ തന്നെ മനസ്സിലാകും. ഇത്തരക്കാരോട് സൌഹൃദവും ഇണക്കവും അവരെ കൈകാര്യകർത്താക്കളാക്കുന്നതും അക്കാലത്ത് എന്ത് മാത്രം രാജ്യദ്രോഹപരവും അപകടകരവുമാണ് എന്ന് ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. അതിൽ തന്നെ കരാർ ലംഘിക്കാത്തവരോട് ഈ പറഞ്ഞകാര്യങ്ങൾ അനുവർത്തിക്കരുത് എന്നും ഉണ്ട്. കരാറിലുള്ള ഒരു കൂട്ടർ കരാർ ലംഘിച്ചാൽ തങ്ങളും ഇനി ആ കരാറിൽ ഇല്ല എന്ന് വ്യക്തമാക്കികൊണ്ടല്ലാതെ ഒരു നടപടിയും സ്വീകരിക്കരുത് എന്ന മഹത്തായ സന്ദേശമാണ് ഈ സൂക്തങ്ങളിലൂടെ ഖുർആനെ വിശദീകരിച്ച പണ്ടിതൻമാർ നമുക്ക് വ്യക്തമാക്കി തരുന്നത്. ഈ നൂറ്റാണ്ടിലെ ഇസ്ലാമിക ചിന്തകനും ഖുർആൻ വ്യാഖ്യാതാവുമയ സയ്യിദ് അബുൽ അഅ് ലാ മൌദൂദി അടക്കം അങ്ങനയാണതിനെ മനസ്സിലാക്കിയിട്ടുള്ളത്.  നമ്മുടെ അയൽ രാജ്യമായ പാകിസ്ഥാൻ നരകമാണെന്ന് ഞാൻ കരുതുന്നില്ല എന്ന് പറഞ്ഞ നടിയെപോലും കൈകാര്യം ചെയ്തതെങ്ങനെ എന്ന് ചിന്തിക്കുക. എന്നാൽ അത്തരം ശത്രുതാപരമായ ഒരു സമീപനം പോലുമല്ല ഖുർആൻ ഈ വിഷയത്തിൽ നടത്തുന്നത് എന്നറിയുക. ഈ പദം  പാലത്തിനെ പോലുള്ളവർ തങ്ങളുടേതായ വീക്ഷണം സ്വീകരിക്കാത്തവരുടെയെല്ലാം കാര്യത്തിൽ ഖുർആൻ പറഞ്ഞതിനേക്കാൾ തീവ്രമായ അഭിപ്രായം പറയാൻ ഉപയോഗപ്പെടുത്തുമ്പോൾ, പത്രങ്ങളും സോഷ്യൽമീഡിയയും അവ ഏറ്റെടുത്തില്ലെങ്കിലാണ് അത്ഭുതം. 

ഞാനീ പറഞ്ഞതൊക്കെ ഖുർആനിലും സുന്നത്തിലും ഉള്ളത് തന്നെ ഞങ്ങൾ സലഫികളാണ് ഖുർആനിലും സുന്നത്തിലുമില്ലാത്ത ഒന്നും ഞങ്ങൾ പറയില്ല എന്ന നിലപാട് ആവർത്തിച്ച് വ്യക്തമാക്കുന്നവരെന്ന നിലക്ക് അവ രണ്ടിനെയും പ്രമാണമായി അംഗീകരിക്കുന്ന ഇതര മുസ്ലിംകൾക്കും അത് സംബന്ധമായി ചിലത് പറയാതിരിക്കാനാവില്ല.
തുർമിദി ദുർബലമായ പരമ്പരയോട് കൂടി ഉദ്ധരിച്ച, നാസിറുദ്ദീ അൽബാനി ദുർബലമായി വിധിയെഴുതിയ ഒരു ഹദീസി തെറ്റായി വിശദീകരിച്ചാണ് അദ്ദേഹം തന്റെ പ്രഭാഷണം തുടരുന്നത്. അതിന് മുമ്പ് കഴിഞ്ഞ തവണനടന്ന ക്ലാസിന്റെ സംക്ഷിപ്ത വിവരണം നൽകുന്നുമുണ്ട്. ഇതാണ് അദ്ദേഹം തന്റെ പ്രസംഗത്തിന് തന്നെ അടിസ്ഥാനമാക്കുന്ന ദുർബല ഹദീസ്.
هذا الحديث روي من حديث حذيفة بن اليمان رضي الله عنه أن النبي صلى الله عليه وسلم قال : (لَا تَكُونُوا إِمَّعَةً ، تَقُولُونَ : إِنْ أَحْسَنَ النَّاسُ أَحْسَنَّا ، وَإِنْ ظَلَمُوا ظَلَمْنَا ، وَلَكِنْ وَطِّنُوا أَنْفُسَكُمْ ، إِنْ أَحْسَنَ النَّاسُ أَنْ تُحْسِنُوا ، وَإِنْ أَسَاءُوا فَلَا تَظْلِمُوا) رواه الترمذي (2007) بإسناد ضعيف .

وقد ضعفه الشيخ الألباني رحمه الله في "ضعيف الترمذي" غير أنه صححه من قول عبد الله بن مسعود رضي الله عنه .
(നിങ്ങൾ ഒപ്പംകൂടികളാകരുത്, ജനങ്ങൾ നന്മചെയ്താൽ ഞങ്ങളും നന്മ ചെയ്യും ജനങ്ങൾ അക്രമം കാണിച്ചാൽ ഞങ്ങളും അക്രമം കാണിക്കും. മറിച്ച് നിങ്ങളുടെ മനസ്സിനെ ഉറപ്പിച്ച് നിർത്തുക. ജനങ്ങൾ നന്മചെയ്താൽ നിങ്ങളും നന്മചെയ്യുക. അവർ അവർ തിന്മചെയ്താൽ നിങ്ങൾ അക്രമികളാകരുത്) എന്ന ഹദീസ്, ഹദീസെന്ന നിലക്ക് ദുർബലമെങ്കിലും അതിലെ ആശയം സ്വീകാര്യയോഗ്യമാണ് എന്ന കാര്യവും ഇതുമായി ബന്ധപ്പെട്ട ചർചയിൽ പണ്ഡിതന്മാർ എടുത്തുപറയുന്നു. എന്നാൽ ഈ ഹദീസിനെ ശംസുദ്ധീൻ പാലത്ത് വിശദീകരിക്കുന്ന പോലെ മുസ്ലിം പണ്ഡിതരിലാരെങ്കിലും വിശദീകരിക്കുന്നത് കേട്ടിട്ടില്ല. അഹ്ലുസുന്നത്തിൽനിന്ന് വ്യത്യസ്ഥമായി ജീവിക്കുന്നവരോട് അടുപ്പം പുലർത്തുന്നതാണ് ഇമ്മഅ എന്നാണ് പാലത്ത് വിശദീകരിച്ച് അവസാനിപ്പിക്കുന്നത്. ഹദീസേ ദുർബലം അതിന് ഇമ്മട്ടിലൊരു വിശദീകരണം നൽകുന്നത് അതിനേക്കാൾ വലിയ പ്രവാചനിന്ദയോളമെത്തുന്ന ക്രൂരത. കാരണം ഇത് കേൾക്കുന്ന മുസ്ലിമല്ലാത്ത, മുസ്ലിമായിട്ടും അറബിയറിയാത്ത ഒരാൾ ഇദ്ദേഹം തുടർന്ന് വിശദീകരിക്കുന്നതിന്റെയൊക്കെ പിതൃത്വം മുഹമ്മദ് നബിക്കാണ് എന്ന് തെറ്റിദ്ധരിക്കും.
ഒന്നാമതായി അദ്ദേഹം പറയുന്നതുപോലെയല്ല ഉള്ള ദുർബലമായ ആ വചനത്തിന്റെ ടെക്സ്റ്റ് പോലും. ദുർബലമെങ്കിലും അത് ഉള്ളതുപോലെ വിശദീകരിച്ചാൽ ഇതുപോലെ അദ്ദേഹത്തിന് ഒരു തത്വം കെട്ടിപ്പൊക്കാനാവില്ല. لا تكن أحدكم إمعة  എന്നാണദ്ദേഹം വായിക്കുന്നത് അപ്രകാരം ഈ ഹദീസ് തുടങ്ങുന്നേ ഇല്ലേ. തുടർന്ന് അദ്ദേഹം പറയുന്നതും ഹദീസിലുള്ളത് അങ്ങനെയല്ല. അദ്ദേഹം ഉദ്ധരിക്കുന്ന അറബി അനുസരിച്ച് തന്നെ അങ്ങനെയല്ല അർഥം പറയേണ്ടത്. റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസിന്റെ രൂപത്തിലല്ല അദ്ദേഹം ഉദ്ധരിക്കുന്നത് എന്നതുകൊണ്ടുതന്നെ അദ്ദേഹം ആരോ പറയുന്നതും എഴുതിയതും അങ്ങനെ തന്നെ പ്രചരിപ്പിക്കുകയാണ് എന്നത് വ്യക്തമാക്കുന്നു. സത്യത്തിൽ അതിന് മറുപടി പറയേണ്ട ആവശ്യമേ വരുന്നില്ല.  

ഈ വിഷയം വിവാദമായപ്പോൾ അദ്ദേഹം അതിന് ഒരു വിശദീകരണം നൽകിയിട്ടുണ്ട്. അൽപം ഭീഷണി സ്വരത്തിലുള്ളതാണത്. ഇത് റിപ്പോർട്ട് ചെയ്ത ഈ പത്രങ്ങൾ മറ്റുവിഷയത്തിലെന്ന പോലെ അവരുടേതായ മാറ്റത്തിരുത്തലുകൾ വാർത്തയിൽ നൽകിയിട്ടുണ്ടാവും. കാഫിർ എന്ന് അദ്ദേഹം പറഞ്ഞിടത്ത് അമുസ്ലിം എന്നവർ മാറ്റിയിട്ടുണ്ടാവും. അതിൽ പിടിച്ചാണ് അദ്ദേഹം നിയമപരമായി നേരിടും എന്ന ഭീഷണിമുഴക്കുന്നത് എന്ന് തോന്നുന്നു.  എന്നാൽ അദ്ദേഹത്തിന് ഇത്തരം കളവുകളൊക്കെ ആരുടെ മേലും വെച്ചുകെട്ടാൻ പൊതുവായി തന്നെ അനുവാദമുള്ളതുപോലെയാണ് അതിൽ സംസാരിക്കുന്നത്. ലോകത്തുള്ള തീവ്രവാദ പ്രവർത്തനങ്ങളുടെയെല്ലാം ഉത്തരവാദിത്തം മൌദൂദിക്കും ജമാഅത്തെ ഇസ്ലാമിക്കുമാണ് എന്ന പതിവുകള്ളം ഇതിലും അദ്ദേഹം ഉയർത്തുന്നു. 

മൌദൂദി ഇതുപോലെ എവിടെയങ്കിലും പറഞ്ഞതൊന്ന് കാണിച്ചുതരിക എന്ന് ആ സുഹൃത്തിനോട് വിനയത്തോടെ നമുക്ക് ആവശ്യപ്പെടാം. ഇദ്ദേഹം നടത്തുന്ന ഈ ക്ലാസ് കേട്ടാൽ നമുക്ക് മനസ്സിലാകും നാടുവിടുന്നവരുടെ ആദർശം രൂപപ്പെടുത്തിയാതാരാണെന്ന്. അത് മറച്ചുപിടിക്കാൻ ഇവിടെയുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ തലയിൽ അരോപണം കെട്ടിവെച്ചിട്ട് കാര്യമില്ല. 

ആധുനിക സലഫികളെക്കുറിച്ച ഒരു തെറ്റിദ്ധാരണകൂടി നാം മാറ്റേണ്ടതുണ്ട്. ഖുർആനും സുന്നത്തും ഓരോരുത്തർക്കും തോന്നിയതുപോലെ വിശദീകരിക്കുന്നവരാണ് അധുനികകാലത്തെ സലഫികൾ. ഇദ്ദേഹം നടത്തുന്നതുപോലുള്ള അക്ഷരവായനയും തെറ്റായ ആശയങ്ങളുമാണ് ഇവരുടെ പൊതുസ്വഭാവം. അനുഷ്ഠാനങ്ങളിലും കർമങ്ങളിലുമുള്ള തീവ്രത ഇവരുടെകൂടെ പിറപ്പാണ്. ഇത് കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുന്നതുകൊണ്ട് ചില മുജാഹിദു ഗ്രൂപുകൾ ഇന്ന് സലഫികൾ എന്ന് വിശേഷപ്പിക്കപ്പെടാൻ താൽപര്യപ്പെടാത്തത്. കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ച പോലെ കേരളത്തിലേക്ക് ഈ സലഫി പ്രയോഗം കടന്നുവന്നത് ഗൾഫ് സലഫികളുടെ പണത്തിൽ കണ്ണുവെച്ചാണെന്നും അവർ അഭിപ്രായപ്പെടുന്നു.

ഖുർആനിൽ പറയുന്നത് പോലെ ഇസ്ലാമിക രാഷ്ട്രവ്യവസ്ഥയോട് യുദ്ധം പ്രഖ്യാപിച്ച സായുധരായി അതിനെ നേരിടാൻ വരുന്നവരുടെ കാര്യത്തിൽ മാത്രമാണ് ഞാൻ പറഞ്ഞ പെരുമാറ്റം ബാധകമാകുന്നത് എന്ന വാദം അദ്ദേഹത്തിനുണ്ടെങ്കിൽ അത് പറയട്ടെ. അതാണ് വാദമെങ്കിൽ അത് ഇങ്ങനെയല്ല പറയേണ്ടത് എന്ന് അപ്പോൾ നമുക്കദ്ദേഹത്തെ ഉപദേശിക്കുകയുമാവാം. പക്ഷെ അതിനദ്ദേഹം സന്നദ്ധമായിട്ടില്ല. മറിച്ച് ഭീഷണിപ്പെടുത്താനും കുറ്റം മറ്റുള്ളവരിൽ ചാരാനുമാണ് ആ അവസരം അദ്ദേഹം വിനിയോഗിച്ചത്. മാത്രമല്ല ഇതര സംഘടനകളെക്കുറിച്ച് പ്രത്യേകിച്ചു ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചൊക്കെയുള്ള ഇദ്ദേഹമടക്കമുള്ള സലഫികളുടെ പരാതി പാലത്ത് വിശദീകരിച്ച 'ഇമ്മഅ' (മറ്റുള്ളവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നു. സഹകരിക്കുന്നു. അവരുമായി കൂട്ടുകൂടുന്നു) യിൽ അവർ ഉൾപ്പെടുനനുവെന്നൊക്കെയാണല്ലോ. അപ്പോൾ പിന്നെ നിങ്ങളുടെ ഈ അൽവലാഅ വൽ ബറാഅ് അമുസ്ലികളുടെ കാര്യത്തിൽ പറഞ്ഞതാണ് എന്ന് മറ്റുള്ളവർ മനസ്സിലാക്കിയാൽ അതിനെ കുറ്റം പറയാമോ..


എങ്കിലും അവരുടെ അത്തേരം ലേഖനത്തിലേക്ക് ലിങ്ക് നൽകുന്നില്ല. മറിച്ച് അവർ ചേർത്ത യൂറ്റൂബിൽ നിന്ന് നേരിട്ട് തന്നെ പ്രസംഗം കേൾക്കുക.

ഈ പ്രസംഗം വിവാദമായതിന് ശേഷം അദ്ദേഹം നടത്തിയ മറുപടി ഇവിടെ നിന്നും നിങ്ങൾക്ക് ശ്രവിക്കാം. അതിനായി ഇതിൽ ക്ലിക്ക് ചെയ്യുക. 

ഒരു കാര്യം മാത്രം പറയാം വിശുദ്ധഖുർആനിൽ നിന്നോ തിരുനബിയുടെ വചനങ്ങളിൽ നിന്നോ ഇവിടെയുള്ള അമുസ്ലിം സുഹൃത്തുക്കളോടുള്ള പെരുമാറ്റമായി ഞങ്ങൾ മനസ്സിലാക്കിയത് ശംസുദ്ധീൻ പാലത്ത് പറഞ്ഞതല്ല. അത് എന്താണ് എന്ന് നേരത്തെ വിശദമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഈ പ്രസംഗത്തിൽ പറയുന്ന കാര്യങ്ങളിൽ നിന്ന് ഞങ്ങൾ ബരീഅ് (ഒഴിവ് )ആണ്. 

കൂടുതൽ വിശദീകരണങ്ങൾക്കായി കമന്റ് ബോക്സിൽ നമുക്ക് സംവദിക്കാം... 

1 അഭിപ്രായ(ങ്ങള്‍):

ഓം ശാന്തി പറഞ്ഞു...

https://youtu.be/2K1KvYNeKUA

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK