'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, ഓഗസ്റ്റ് 11, 2016

മുജാഹിദ് മടവൂർവിഭാഗം വീണ്ടും ഉരുളുന്നു


കേരളത്തിൽ ഇയ്യിടെ ഉണ്ടായ ചിലകുടുംബങ്ങളുടെയും വ്യക്തികളുടെയും നാടുവിടലും അതിനോടനുബന്ധിച്ച് ഉയർന്നുവന്ന ആരോപണങ്ങളും വീണ്ടും മുസ്ലിം സംഘടനകളെ കാമ്പയിനുമായി രംഗത്തിറങ്ങാൻ പ്രേരിപ്പിച്ചിരിക്കുന്നു. അങ്ങനെ നാടുവിട്ടവർ സലഫിവിഭാഗത്തിൽ പെട്ടവരാണ് എന്നതും. അറബി നാട്ടിൽ ഏതാനും വർഷം മുമ്പ് പ്രത്യക്ഷപ്പെട്ട ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്) എന്നറിയപ്പെടുന്ന ഭീകര സംഘടന സലഫികളായി അറിയപ്പെടുന്നുവെന്നതും നാട്ടിലെ മുജാഹിദ് പ്രസ്ഥാനങ്ങളെ പ്രയാസപ്പെടുത്തുന്ന കാര്യങ്ങളാണ്. സമസ്തയിലെ എ.പി വിഭാഗം ഈ അവസരം ഉപയോഗപ്പെടുത്തി പഴയകണക്കു തീർക്കാൻ ഇതിനെ വ്യാപകമായി പ്രയോജനപ്പെടുത്തുന്നു. അതിന്റെ അടിസ്ഥാനത്തിൽ കാമ്പയിനും ലഘുലേഖ വിതരണവും നടത്തിക്കൊണ്ടിരിക്കുന്നു. 

ഈ സാഹചര്യത്തിലാണ് കെ.എൻ.എം (മടവൂർ വിഭാഗം) മർക്കസുദ്ദഅ് വ ഒരു ലഘു പുസ്തകം പ്രസിദ്ധീകരിക്കുന്നത്. നാലുപേർ ശബാബിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളെ അവലംബിച്ചാണ് ഈ ലഘുലേഖ തയ്യാറാക്കിയിട്ടുള്ളത് എന്ന് ആമുഖത്തിൽ പറയുന്നു. പ്രധാനമായും അതിൽ ഉദ്ദേശിക്കുന്നത് തങ്ങൾ സലഫികളല്ലെന്ന് പറയാനും ഇപ്പോഴുണ്ടായ സംഭവങ്ങളുടെ ഉത്തരവാദിത്തമൊക്കെയും ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ നായകൻമാരായ ഇമാം മൌലാനാ അബുൽ അഅ് ലാ മൌദൂദിയിലും ശഹീദ് ഹസനുൽ ബന്നയിലും സയ്യിദ് ഖുതുബിലുമൊക്കെ ആരോപിക്കാനുമാണ്. പല ആളുകളുടെ ലേഖനങ്ങൾ അവലംബിച്ച് എഴുതിയത് കൊണ്ടാവും വൈരുദ്ധ്യങ്ങളും ധാരാളമായി കടന്നുവരുന്നു. പുസ്തകം മുഴുവൻ വായിച്ചുതീരുമ്പോഴും ഇസ്ലാമിൻ്റെ തന്നെ സുപ്രധാന മേഖലയായ രാഷ്ട്രീയ മേഖല മൌദൂദിയിടെയും ഹസനുൽബന്നയുടെയും ഒരു പുതിയ കണ്ടുപിടുത്തമാണെന്നും. ആ ചിന്തയാണ് ഇസ്ലാമിക സ്റ്റേറ്റ് എന്ന പേരിൽ തന്നെ ഭീകര സംഘടന പ്രത്യക്ഷപ്പെടാനിടയാക്കിയത് എന്നും വായനക്കാരനെ ധരിപ്പിക്കാൻ പാടുപെടുന്നതായികാണാം. 

ഈ ബ്ലോഗിൽ മടവൂർ വിഭാഗവും ശബാബിലെ ലേഖനവും ഇടക്കിടെ കടന്നുവരാനുള്ള കാരണം നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. നിരന്തരം ആ വിഭാഗമുമായി ബന്ധപ്പെടുന്നതുകൊണ്ടും, സാമാന്യെ പ്രമാണങ്ങളെ കുറേകൂടി അക്ഷരപൂജയുടെ തലത്തിൽ നിന്ന് ഉയർന്ന് നിന്ന് മനസ്സിലാക്കാനും ശ്രമിക്കുന്ന പൊതുവെ സഹിഷ്ണുതയുള്ള വിഭാഗം എന്ന നിലക്കാണ്. മാത്രമല്ല അതിലെ പല നേതാക്കളും സത്യസന്ധമായി കാര്യങ്ങളെ ഉൾകൊള്ളാനും പറയാനും മനസ്സുകാണിക്കുകയും ചെയ്യുന്നു. 

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം തീവ്രവാദത്തിന് വഴിമരുന്നിട്ടുവോ എന്ന ചോദ്യത്തിന് മറുപടി പറയാനാണ് ആദ്യത്തിൽ ശ്രമിക്കുന്നത്. 'കേരളത്തിലെ മുജാഹിദു പ്രസ്ഥാനം ഇന്ത്യയിലോ ലോകത്തിൻ്റെ മറ്റുഭാഗങ്ങളിലോ രൂപീകൃതമായ ഏതെങ്കിലും സലഫി സംഘടനകളുടെയോ ആശയങ്ങളുടെയോ ഘടകമോ പിന്തുടർച്ചയോ അല്ല' (പേജ് 5) എന്നും 'ഇസ്ലാഹി സെൻ്റർ പ്രവർത്തകർ ഗൾഫിലെ അറബി ശൈഖുമാരുമായി കൂടുതൽ അടുത്തപ്പോഴാണ് സലഫി എന്ന പദം കേരളത്തിലേക്ക് കടുന്നുവന്നത്' (പേജ് 7) എന്നും ലഘുലേഖ വ്യക്തമാക്കുന്നു. ലോകത്ത് പ്രത്യക്ഷപ്പെട്ട മിക്ക സായുധഭീകര സംഘടനകളുടെയും സലഫി പശ്ചാതലം ചർചയാകുന്ന പശ്ചാതലത്തിലാണ് ഇത്തരമൊരു വിശദീകരണം നൽകുന്നതെന്ന് ന്യായമായും പ്രതീക്ഷിക്കാം. 

അതിന് ശേഷം മുജാഹിദുകളിലുണ്ടായ വിഭജനത്തെക്കുറിച്ച് ചർച ചെയ്യുന്നു. ജിന്നുവിഭാഗം എന്നറിയപ്പെടുന്ന വിസ്ഡം ഗ്രൂപ്പ് കേരളത്തിലെ സുന്നി യാഥാസ്ഥിതികരിൽനിന്ന് ഒട്ടും ഭിന്നമല്ല എന്നും അതിന് ചില തെളിവുകൾ നൽകുകയും ചെയ്യുന്നു പത്താമത്തെ പേജിൽ. ജിന്നു ഗ്രൂപിൽ നിന്ന് മൂന്ന് ഗ്രൂപുകൾ കൂടി പിരിഞ്ഞുപോയതായി തുടർന്നു പറയുന്നു. ഈ ഗ്രൂപുകൾ ഏതാണ് ആരുടെ നേതൃത്വത്തിലാണ് എന്ന് വ്യക്തമാക്കുന്നില്ലെങ്കിലും മൂന്ന് കൂട്ടരുടെ സ്വഭാവം പറയന്നു. ഒന്നാമത്തെ വിഭാഗം.. സംഘടന വേണ്ട,അത് തിന്മയാണ് എന്ന് വാദിക്കുന്നവരാണ്. രണ്ടാമത്തെ വിഭാഗം, ഒരു ശൈഖിനെ അമീറായി നിശ്ചയിക്കുക, മുരീദുമാരായി അനുയായികൾ വർത്തിക്കുക എന്നതാണ് സലഫി മൻഹജ് എന്ന് വാദിക്കുന്നവരാണ്. മൂന്നാമത്തെവിഭാഗം. ഇന്ത്യയിലെ സാഹചര്യം ഇസ്ലാമിന് അനുയോജ്യമല്ലെന്നും അതുകൊണ്ട് ഹിജ്റ പോകേണ്ട സമയമായിരിക്കുന്നു എന്നും വാദിക്കുന്നവരാണ്. 

ഒരു നവോത്ഥാന നായകനായി കടന്നുവന്ന സയ്യിദ് അബുൽ അഅ് ലാ മൌദൂദി അക്കാലത്ത് ഇസ്ലാമിക ലോകം ഏറെ പ്രയാസം അനുഭവിച്ച ഭൌതിക ഇസ്സങ്ങളുടെ കടന്നുകയറ്റത്തിനെതിരെ മുസ്ലിംകളെ അവരുടെ അടിസ്ഥാനങ്ങൾ മുന്നിൽ വെച്ച് അന്ന് നിലവിലുണ്ടായിരുന്ന മതവിരുദ്ധമായ ജനാധിപത്യമതേതരത്വ ദേശിയത്വ ചിന്താഗതികളെ താത്വികമായി എതിർക്കുകയുണ്ടായി. പകരം ഇസ്ലാമിൻ്റെ രാഷ്ട്രീയ സിദ്ധാന്തം കളങ്കമില്ലാതെ അവതരിപ്പിക്കുകയും ചെയ്തു. ഇതിൽ പിടിച്ച് ലഘുലേഖ രാഷ്ടീയമായി ബന്ധപ്പെട്ട സകല തീവ്രവാദങ്ങളെയും അദ്ദേഹത്തിൻ്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണ്. എന്നാൽ അദ്ദേഹം സ്ഥാപിച്ച ജമാഅത്തെ ഇസ്ലാമി എങ്ങനെയാണ് ഇപ്പോൾ സലഫികളെന്ന് പറയുന്നവരിൽ കാണപ്പെടുന്ന തീവ്രവാദം പോലും ഏശാതെ സുരക്ഷിതമായി നിൽക്കുന്നത് എന്ന് മുജാഹിദു വിഭാഗം പഠിക്കേണ്ടതുണ്ട്. 

സലഫികൾ ഒരു വിഭാഗം തീവ്രവാദത്തിലേക്ക് നീങ്ങിയതായി മുജാഹിദുകൾ തന്നെ പറയുന്നു. അങ്ങനെ പോയവർ സലഫികളല്ല എന്നും പറയുന്നു. എന്നാൽ ജമാഅത്തെ ഇസ്ലാമിയിൽ തീവ്രവാദം ആരോപിക്കാൻ വേണ്ടി കരുവാക്കുന്നത്, ഇന്ത്യയിൽ നിരോധിക്കപ്പെട്ട സിമിയെയും ഇപ്പോൾ ഉടലെടുത്ത പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെയുമാണ്. അതിനാൽ ഇപ്പോൾ രാഷ്ട്രീയ തീവ്രവാദം പുലർത്തുന്ന സലഫി സംഘടനകൾക്കും പ്രചോദകമായത് മൌദൂദിയാണ് എന്ന് ധ്വനിപ്പിക്കാനാണ് ലഘുലേഖ ശ്രമിക്കുന്നത്. 

അതോടൊപ്പം സലഫികളല്ല ഈ തീവ്രവാദികൾ എന്ന് വരുത്താനും ശ്രമിക്കുന്നു. 'സലഫി പണ്ഡിതൻമാരാൽ ആകർശിക്കപ്പെട്ട് ഒരു തീവ്രവാദ ഗ്രൂപ്പ് ഏതെങ്കിലും കാലത്ത് സ്ഥാപിതമായതോ ലോകത്തെവിടെയെങ്കിലും പ്രവർത്തിക്കുന്നതായോ അറിയാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ശ്രദ്ധേയമായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) സലഫീ ആശയക്കാരാണ് എന്ന് പറഞ്ഞു കേൾക്കുന്നു. ഇസ്ലാമിക് സ്റ്റെയിറ്റ് എന്നത് മൌദൂദി ചിന്തയുടെ ഉൽപന്നമാണ്. ദീൻ എന്നാൽ സ്റ്റെയിറ്റ് എന്നാണ് മൌദൂദി വ്യക്തമാക്കിയത്. ഇവരുടെ രക്ഷകരും മാതൃത്വവും ഏത് നാട്ടിലെ സലഫികളുമായി ബന്ധപ്പെട്ടതാണ് എന്ന് വ്യക്തമായിട്ടില്ല. അവർ അമേരിക്കയുടെയും ഇസ്രാഈലിൻ്റെയും സൃഷ്ടിയാണ് എന്നും പറയപ്പെടുന്നുണ്ട്. ' (പേജ് 14). 

കാര്യം ഇങ്ങനെയാണെങ്കിൽ മുജാഹിദു സുഹൃത്തുക്കളേ ഈ വിഭാഗത്തെ ഇസ്ലാമിനെയും അതിൻ്റെ രാഷ്ട്രീയ സംവിധാനത്തെയും തെറ്റിദ്ധരിപ്പിക്കാൻ ഇസ്ലാമിക വിരുദ്ധ ശക്തികൾ ഉണ്ടാക്കിയതാണ് എന്ന് ഊഹിക്കുകയല്ലേ കുടുതൽ സത്യസന്ധമാകാനിടയുള്ളത്. എന്തിനിവിടെ നിങ്ങൾ മൌദൂദിയെ പറഞ്ഞുവെക്കുന്നു. ഇസ്ലാമിക വിരുദ്ധ ശക്തികളുടെ ഉപചാപത്തിൻ്റെ അക്ഷര പൂജകരായ സലഫി ചിന്താഗതിക്കാർ പങ്കാളികളായി ശക്തിപകർന്നുവെന്നതല്ലേ ഐ.എസിൻ്റെ കാര്യത്തിൽ സംഭവിക്കാനിടയുള്ള യാഥാർഥ്യം. ഇസ്ലാമിക രാഷ്ട്രീയത്തെ കണ്ണുമടച്ച് സംഘടനാ പക്ഷപാതിത്തം വെച്ച് നിഷേധിച്ചപ്പോൾ നിങ്ങളിലൊരു വിഭാഗം അതിനെ ലക്ഷ്യബോധമില്ലാതെ പിന്തുടർന്നുവെന്നതല്ലേ സത്യം. ഇസ്ലാമിലെ രാഷ്ട്രീയം എന്നത് മൌദൂദി ചിന്തയാണ് എന്നത് അൽപം സത്യസന്ധതയുള്ള ഏതെങ്കിലും മുസ്ലിമിനെ വിശ്വസിപ്പിക്കാനാവുമോ. ഈ തെറ്റായ ചിന്തതന്നെയാണ് നിങ്ങളിലൊരു വിഭാഗത്തെ തീവ്രവാദത്തിലേക്ക് നയിക്കുന്നത് എന്ന് ചിന്തിക്കുന്നതിൽ എന്താണ് തെറ്റ്. നിങ്ങളുടെ കൂട്ടത്തിൽ രൂപപ്പെട്ട നവസലഫിസം എന്ന് നിങ്ങൾ പേരിട്ട് വിളിക്കുന്നവർ അക്ഷരവായനയിൽ അതിരു കവിഞ്ഞവരും കടുത്ത മത-രാഷ്ട്രീയ തീവ്രവത വരിച്ചവരുമാണ് എന്ന് നിങ്ങൾ തന്നെ അംഗീകരികകുന്നില്ലേ. 

അന്തംകെട്ട 'അൽവാഉ വൽ ബറാഅ് ' വാദം

കേരള മുജാഹിദുകൾ (സലഫികൾ) മൌദൂദി ഇന്ത്യൻ പശ്ചാതലത്തിൽ നിന്ന് നടത്തിയ ഇസ്ലാമിൻ്റെ രാഷ്ട്രീയമായ വീക്ഷണങ്ങളെ തള്ളിക്കളഞ്ഞപ്പോൾ കേരളത്തിലെ മുജാഹിദുകളിലൊരുവിഭാഗം സൌദി സലഫി പണ്ഡിതൻമാരിലൊരു വിഭാഗത്തെ പിൻപറ്റി പോയി. അവരാകട്ടെ തികഞ്ഞ അക്ഷരപൂജകരായിരുന്നു. ശൈഖ് സ്വാലിഹ് അൽ ഫൌസാൻ അവരിലൊരാളാണ്.. 

ഇതേക്കുറിച്ച് വിശദമായി അടുത്ത പോസ്റ്റിൽ...

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK