'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, ജനുവരി 30, 2012

ഇസ്ലാമിസ്റ്റുകള്‍ സുജൂദില്‍നിന്ന് ശീര്‍ശാസനത്തിലേക്ക് ?

'വര്‍ത്തമാനം' ദിനപത്രം ഒ. അബ്ദുല്ല എന്ന കോളമിസ്റ്റുമായി നടത്തിയ അഭിമുഖം വായിച്ചപ്പോള്‍ ചില കാര്യങ്ങള്‍ പറയേണ്ടതുണ്ടെന്ന് തോന്നി. തീര്‍ത്തും വ്യക്തിപരമായ ചില അഭിപ്രായ പ്രകടനങ്ങളാണ് ഇവിടെ നടത്തുന്നത് നിങ്ങള്‍ക്ക് അതിനോട് യോജിക്കാം വിയോജിക്കാം.

അറബ് വസന്തത്തെത്തുടര്‍ന്ന് ആഫ്രിക്കന്‍ അറബ് രാജ്യങ്ങളില്‍ നടന്ന ഭരണമാറ്റത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് അവിടുത്തെ ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്. തുനീഷ്യയില്‍ അന്നഹ്ദയും ഇജിപ്തില്‍ ഇഖ് വാനുല്‍ മുസ്ലിമൂനും അതിന് മുമ്പ് തുര്‍ക്കിയിലും അവര്‍ അധികാരത്തിലോ അതിലേക്കുള്ള വഴിയിലോ ആണുള്ളത് എന്ന് എല്ലാവര്‍ക്കും വ്യക്തമായി അറിവുള്ള കാര്യമാണ്. ഈ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ആചാര്യസ്ഥാനത്തുള്ളത് ശഹീദ് ഹസനുല്‍ ബന്നയും സയ്യിദ് ഖുതുബും സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുമൊക്കെ തന്നയാണ് എന്നതും ആര്‍ക്കും നിഷേധിക്കാനാവില്ല. എന്നാല്‍ ഈ പേരുകളെ പരാമര്‍ശിക്കേണ്ടി വരുമ്പോള്‍ ഇസ്ലാമിക രാഷ്ട്രീയത്തിന് ദിശാബോധം നല്‍കിയവര്‍ എന്നതിനേക്കാള്‍ ഇസ്ലാമിക തീവ്രവാദത്തിന് ബീജാവാപം നല്‍കിയവര്‍ എന്ന നിലക്കാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനങ്ങള്‍ പൊതുവെ അണികളെ പഠിപ്പിക്കാറുള്ളത്.

പക്ഷെ അറബി നാടുകളില്‍ അധികാരത്തില്‍ വന്ന  ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ഇവരുടെ വാദത്തെ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ അവരുടെ പ്രഖ്യാപനം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും ഖണ്ഡിച്ചു. അപ്പോള്‍ സ്വാഭാവികമായും അതിന് യുക്തമായ ഒരു വിശദീകരണം കണ്ടെത്തുക മുജാഹിദുകളുടെ ബാധ്യതയായി. തങ്ങള്‍ ഇത്രയും കാലം ഈ മഹാന്‍മാരെക്കുറിച്ച് പറഞ്ഞതൊന്നും ശരിയല്ല എന്ന നഗ്നസത്യം ലോകത്തിന് മുമ്പില്‍ വെളിപ്പെട്ടു പോകുമോ എന്ന ചിന്തയില്‍ നിന്നാണ് അവര്‍ സ്വയം ചില വ്യഖ്യാനങ്ങള്‍ കണ്ടെത്തുന്നത്. അതിന്റെ ഭാഗമായി മൌദൂദിയും സയ്യിദ് ഖുതുബും എഴുതുകയും പറയുകയും ചെയ്ത ഇസ്ലാമിലെ രാഷ്ട്രീയമല്ല അവിടെ പയറ്റുന്നതും നിലവില്‍ വരുന്നതെന്നും അത് വളരെയധികം മാറ്റം വരുത്തിയ ഇസ്ലാമിക രാഷ്ട്രീയമാണെന്നും. തങ്ങള്‍ എതിര്‍ത്തിരുന്നത് ഇതിനെയല്ല എന്നും ഇടക്ക് വിശദീകരിച്ചിരുന്നു. തങ്ങളുടെ ചിന്തക്ക് അനുഗുണമായി നേരത്തെ ജമാഅത്തെ ഇസ്ലാമിയില്‍ പ്രവര്‍ത്തിക്കുകയും മാധ്യത്തിന്റെ എഡിറ്റോറിയല്‍ ബോഡില്‍ വരെ ഉണ്ടായിരുന്നതുമായ ഒ. അബ്ദുല്ല സാഹിബില്‍ നിന്ന് വല്ലതും ലഭിക്കുമോ എന്നാണ് വര്‍ത്തമാനം കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഇത് മനസ്സിലാക്കി കൊണ്ട് തന്നെയാണ് ഒ. അബ്ദുല്ല സാഹിബിന്റെ മറുപടിയും എന്നാണ് എനിക്ക് തോന്നുന്നത്. തന്റെ അഭിമുഖം പ്രസിദ്ധീകരിക്കാനുള്ളത് ഇസ്ലാമിക പ്രസ്ഥാനത്തെ കഴിയാവുന്നത്ര വിമര്‍ശിക്കുന്ന വര്‍ത്തമാനമാണ് എന്നതിനാല്‍ അദ്ദേഹം  വളച്ചുകെട്ടുകയോ വിശദീകരിക്കാതെ വിടുകയോ ചെയ്ത ഭാഗത്ത് ഉണ്ടാവാനിടയുള്ള തെറ്റിദ്ധാരണകള്‍ (എന്റെതടക്കം) ദൂരീകരിക്കുക എന്നതാണ് ഈ പോസ്റ്റിന്റെ മുഖ്യമായ ഉദ്ദ്യേശ്യം. വര്‍ത്തമാനത്തിന്റെ ചോദ്യവും അബ്ദുല്ല സാഹിബിന്റെ മറുപടിയും നമ്മുക്ക് നോക്കാം.....

[' ? 1.  അറബ് വസന്തം മുസ്‌ലിം ലോകത്തെ എന്തുമാത്രം സ്വാധീനിച്ചു?

= മുസ്‌ലിം ലോകത്ത് മാത്രമല്ല അറബ് വസന്തം ലോകത്ത് മൊത്തത്തില്‍ തന്നെ മനോഹരമായ പ്രതികരണങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് വാള്‍സ്ട്രീറ്റ് സമരം. ഇന്ത്യയില്‍ പോലും അതിന്റെ അനുരണനങ്ങള്‍ ഉണ്ട്. അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടത്തിന് ഇത്രയധികം ജനപിന്തുണ കിട്ടുന്നത് ജനങ്ങള്‍ ഒരു മാറ്റത്തിന് വേണ്ടി ശ്രമിക്കുന്നു എന്നതിന്റെ തെളിവാണ്. പ്രത്യക്ഷത്തില്‍ ഒരു നായകന്‍ ഇല്ലാഞ്ഞിട്ടും ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്നു എന്നതാണ് സോഷ്യല്‍ മീഡയയുടെ രംഗപ്രവേശത്തോടു കൂടി മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇതൊരു വശം.
 
മറ്റൊരു വശത്ത് സാമ്രാജ്യത്വം ഇതുവരേയും പറഞ്ഞുപോന്നിരുന്നത് അറബികള്‍ക്ക് ജനാധിപത്യത്തോടോ മതേതരത്വത്തോടോ താത്പര്യമില്ലെന്നും ഇസ്‌ലാം അതിനൊക്കെ എതിരാണെന്നുമായിരുന്നു. ഇത് അവര്‍ പ്രചരിപ്പിക്കാന്‍ കാരണം അവരെ പിന്താങ്ങുന്ന ചില ഏകാധിപതികളേയും സ്വേഛാധിപതികളേയും അധികാര സ്ഥാനങ്ങളിലിരുത്തി ആ രാജ്യങ്ങളിലെ വിഭവങ്ങള്‍ കൊള്ളയടിക്കുകയോ ചുരുങ്ങിയത് അവരാല്‍ സ്ഥാപിതമായ ഇസ്രാഈലിന്റെ സുരക്ഷ ഉറപ്പ് വരുത്തുകയോ ആയിരുന്നു. ഈജിപ്ത് എന്ന അറബ് ലോകത്തിന്റെ നായകസ്ഥാനം വഹിക്കുന്ന രാജ്യത്തെ വരുതിയില്‍ കൊണ്ടുവരാന്‍ കാംപ് ഡാവിഡ് കരാറിന് സാധിച്ചു. കാംപ് ഡാവിഡ് ഒപ്പിട്ട അന്‍വര്‍സാദത്തിന് ശേഷം അധികാരത്തില്‍ വന്ന ഹുസ്‌നി മുബാറക്കിന് നാല് ദശകത്തോളം യാതൊരു തടസ്സവുമില്ലാതെ അധികാരത്തില്‍ തുടരാന്‍ സാധിച്ചു. ഈ കാലഘട്ടത്തില്‍ നടത്തപ്പെട്ടിട്ടുള്ള തെരഞ്ഞെടുപ്പുകള്‍ എപ്പോഴും 99.9 ശതമാനം ഭരണാധികാരിക്ക് അനുകൂലമായി വിധി പ്രസ്താവം നടക്കുന്ന പ്രഹസനങ്ങളായിരുന്നു. മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെപ്പോലും ചോദ്യം ചെയ്തുകൊണ്ട് ഇടപെടുന്ന അമേരിക്കയെ പോലുള്ള രാജ്യങ്ങള്‍ ഈജിപ്തിലും മറ്റും നടന്ന ഇത്തരം ജനാധിപത്യ പ്രഹസനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു പതിവ്. ഇതിനൊരു മാറ്റം അറബ് വസന്തം കൊണ്ടുണ്ടായി. ഒരു ഏകാധിപതിക്കും ഇനി അറബ് ജനതയെ വഞ്ചിക്കാന്‍ കഴിയില്ലെന്ന് അതിലൂടെ ബോധ്യമായി. 

വേറൊരു വശത്ത് അറബ് ലോകത്തെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍, അന്നഹ്ദ, ഹമ്മാസ് മുതലായ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ബഹുസ്വരതയെ അംഗീകരിച്ചുകൊണ്ടല്ലാതെ പിടിച്ചു നില്‍ക്കാനോ ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാനോ സാധ്യമല്ലെന്നും അറബ് വസന്തം തെളിയിച്ചു. തെഹ്‌രീര്‍ സ്‌ക്വയറില്‍ ഒരുമിച്ചു കൂടിയവരില്‍ ഇഖ്‌വാന്‍ പ്രവര്‍ത്തകരേക്കാള്‍ കൂടുതല്‍ ഇഖ്‌വാനേതരായിരുന്നു. അവരില്‍ ധാരാളം കൃസ്ത്യാനികളും മറ്റുമായ അമുസ്‌ലിംകളും ഉണ്ടായിരുന്നു. എടുത്തുപറയത്തക്ക ഒരുകാര്യം ഈ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാമിക ഭരണം അഥവാ ശരീഅത്ത് നിയമം നടപ്പാക്കുകയില്ല, അല്ലെങ്കില്‍ അത്തരമൊരു ഭരണം നടപ്പാക്കല്‍ തങ്ങളുടെ മുന്‍ഗണന അല്ല എന്ന് പരസ്യമായി പറയാനും നിര്‍ബന്ധിതരായി.

? 2. ഇഖ്‌വാനുല്‍ മുസ്‌ലിമൂനും അന്നഹ്ദയ്ക്കുമൊക്കെ വന്ന മാറ്റങ്ങള്‍ ഏതുതരത്തില്‍ കാണുന്നു? ബഹുസ്വരത മാത്രമാണോ മാറ്റത്തിന് കാരണം?

= ഇസ്‌ലാമിക കാഴ്ചപ്പാടിലൂടെ ഈ മാറ്റം എത്രത്തോളം ശരിയാണെന്ന് മതപരമായ പ്രസ്താവന നടത്തുവാന്‍ ഞാന്‍ ആളല്ല. ബഹുസ്വരത എന്നുപറഞ്ഞുകൊണ്ട് എന്തിനേയും അംഗീകരിക്കുകയും ശരീഅത്തും മറ്റും നടപ്പാക്കുക എന്നത് ഈ കാലഘട്ടത്തില്‍ സാധ്യമല്ല എന്നുപറയുന്നതുമൊക്കെ സ്വാഗതാര്‍ഹമായ കാര്യമായി ഞാന്‍ വിലയിരുത്തുന്നില്ല. പക്ഷേ, ജനങ്ങളുടെ മൗലികമായ അവകാശങ്ങള്‍ പുനസ്ഥാപിക്കുക എന്നതും അവര്‍ക്ക് ശ്വാസം കഴിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാക്കിയെടുക്കുക എന്നതും മറ്റെന്തിനേക്കാളും പ്രധാനമാണ് എന്ന കാര്യത്തിന് മുന്‍ഗണന നല്കുക എന്ന സങ്കല്‍പത്തെ തീര്‍ച്ചയായും ഞാന്‍ വാഴ്ത്തുന്നു. 

? 3. ഇസ്‌ലാമിസ്റ്റ് മുന്‍ഗണനകളില്‍ തന്നെ മാറ്റം വരികയുണ്ടായോ?

= ഇസ്‌ലാമിന്റെ പ്രമാണങ്ങളെ തള്ളിപ്പറയാതെ, അതിന്റെ മൗലികതയെ നിരാകരിക്കാതെ അവ നടപ്പാക്കുന്ന കാര്യത്തില്‍ സാവകാശമാണ് ബഹുസ്വരതകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ അത് അംഗീകരിക്കുന്നതില്‍ വിരോധമില്ല. പക്ഷേ, മദ്യപിക്കുന്ന ഒരു മുസ്‌ലിമിനെ മദ്യപാനത്തില്‍ നിന്ന് തടഞ്ഞുനിര്‍ത്തുക എന്നത് ഇസ്‌ലാമിക ബാധ്യതയാണ്. അത്തരത്തിലുള്ള കാര്യങ്ങള്‍ നടപ്പാക്കാതിരിക്കുന്നത് ഇസ്‌ലാമിക കാര്യമായി പറയാനാവില്ല. അമുസ്‌ലിംകള്‍ക്ക് അവരുടെ മതരീതി അനുസരിച്ച് മദ്യപിക്കാന്‍ പാടുണ്ടല്ലോ. അത് തടയണമെന്ന് തോന്നുന്നില്ല. 

? 4. അറബ് വസന്തത്തെ ഇസ്‌ലാമിക വിപ്ലവം എന്ന് വിളിക്കാനാവുമോ?

= പൂര്‍ണ്ണാര്‍ഥത്തില്‍ ഒരു ഇസ്‌ലാമിക കൈമാറ്റമാണ് അത് എന്ന് പറയാനാവില്ല. പക്ഷേ, ഇസ്‌ലാമിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്ന മാറ്റം തന്നെയാണത്. മനുഷ്യന്റെ സ്വാതന്ത്ര്യം, മൗലികാവകാശം മുതലായ മൂല്യങ്ങളെ ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്നതാണ്. അറബ് വസന്തം ഇസ്‌ലാമിക വിപ്ലവമാണെന്ന് തീര്‍ത്തുപറയില്ല. ഇവിടെ നടക്കുന്ന മാറ്റം ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് അനുസൃതമാണ്. പക്ഷേ, ഒരു സമ്പൂര്‍ണ്ണമായ മാറ്റം എന്നു പറയുമ്പോള്‍ ഇസ്‌ലാമിക ശരീഅത്തിലേക്കു കൂടിയുള്ള മാറ്റമാണ്. അതുകൊണ്ടാണ് അത് പൂര്‍ണ്ണാര്‍ഥത്തിലുള്ള ഇസ്‌ലാമിക മാറ്റമാണെന്ന് പറയാന്‍ അല്‍പം കരുതല്‍ വേണ്ടിവരുന്നത്. 

? 5. സയ്യിദ് ഖുതുബില്‍ നിന്നും നിലവിലുള്ള ഈജിപ്തിലേക്കുള്ള മാറ്റത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്.

= സയ്യിദ് ഖുതുബ് ഇസ്‌ലാമിന്റെ മൗലികതയെ വിവരിക്കുകയും ഇസ്‌ലാമിക ഭരണക്രമം നടപ്പാക്കുമ്പോള്‍ ഉണ്ടാക്കേണ്ട സാമൂഹ്യനീതി (അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പേര് തന്നെ ഇസ്‌ലാമിക സാമൂഹ്യനീതി എന്നാണ്) എപ്രകാരമായിരിക്കും എന്നതിനെ നിര്‍വ്വചിക്കുകയും വിശദീകരിക്കുകയുമാണ് ചെയ്തത്. അത് എങ്ങനെ ഏതെല്ലാം ഘട്ടത്തില്‍ എവിടെ നിന്ന് തുടങ്ങണം ഏതിലൂടെ മുന്നേറണം എവിടെ ചെന്ന് അവസാനിപ്പിക്കണം എന്ന് അദ്ദേഹം വിവരിച്ചതായി എന്റെ വായനയില്‍പ്പെട്ടിട്ടില്ല. 

അക്കാര്യത്തില്‍ വാശി പിടിച്ചത് സയ്യിദ് മൗദുദിയാണ്.   സയ്യിദ് ഖുതുബ് കുറേ തത്വങ്ങള്‍ പറയുകയാണ് ചെയ്തത്. ഇനി അത് ചെയ്യേണ്ടത് നിലവിലുള്ള നേതൃത്വമാണ്. നിലവിലുള്ള നേതൃത്വം ചെയ്യുന്നത് ഇന്നത്തെ ലോകസാഹചര്യത്തില്‍ സയ്യിദ് ഖുതുബോ സയ്യിദ് മൗദൂദിയോ മറ്റോ എഴുതിയ വാര്‍പ്പ് മാതൃകയിലുള്ള ഇസ്‌ലാം നടപ്പാക്കുക എന്നത് പലതരത്തിലുള്ള പ്രയാസങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതാണ്. ഹമ്മാസിന്റെ നേതാക്കളോട് ഇഖ്‌വാന്‍ നേതാക്കള്‍ പറഞ്ഞതായി പറയുന്നത് നിങ്ങള്‍ക്ക് നെറ്റിയില്‍ ലാ ഇലാഹ ഇല്ലല്ലാ എന്നുപറഞ്ഞുകൊണ്ട് നിങ്ങള്‍ ഒറ്റയ്ക്ക് മുമ്പോട്ട് പോകുക എന്നത് ഇനിയുള്ള കാലത്ത് നടക്കുകയില്ല എന്നാണ്. നിങ്ങള്‍ക്ക് മറ്റുള്ളവരുടെ കൂടി പിന്തുണയുള്ള ഒന്നിലൂടെയേ മുമ്പോട്ട് പോകാന്‍ പറ്റുയകയുള്ളു. പക്ഷേ, ഇഖ്‌വാന്‍ അങ്ങനെ പറയുന്നു എന്നല്ലാതെ, അവിടെ തന്നെ അതിന് വിപരീതമായി ചിന്തിക്കുന്നവരുണ്ട്. 

സലഫീ ഗ്രൂപ്പ് തീര്‍ത്തും ഇസ്‌ലാമിക് രീതി നടപ്പാക്കണമെന്ന് പറയുന്നുണ്ട്. ആ പറയുന്നവരെ ഇവര്‍ എക്‌സ്ട്രീമിസ്റ്റുകളായിട്ടാണ് കാണുന്നത്. നേരത്തെ ഇഖ്‌വാന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സലഫികള്‍ പറയുമ്പോള്‍ ഇഖ്‌വാന്‍ മധ്യവിഭാഗവും സലഫികള്‍ തീവ്രവാദികളുമായി മാറുന്നു എന്ന വിചിത്രമായ ഒരുകാര്യം സംഭവിക്കുന്നുണ്ട്.‍]

അഭിമുഖത്തിനുള്ള പ്രതികരണം.


1. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ബഹുസ്വരതയെ അംഗീകരിച്ചുകൊണ്ടല്ലാതെ പിടിച്ചു നില്‍ക്കാനോ ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാനോ സാധ്യമല്ലെന്നും അറബ് വസന്തം തെളിയിച്ചു. ഇത് വായിക്കുമ്പോള്‍ എന്റെ സംശയം ഇതാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ എന്നെങ്കിലും ബഹുസ്വരതയെ തങ്ങള്‍ അംഗീകരിക്കുകയില്ല എന്ന് പറഞ്ഞിരുന്നുവോ ? എപ്പോഴെങ്കിലും അത്തരം സൂചന നല്‍കിയരുന്നുവോ, അവരുടെ പ്രവര്‍ത്തനങ്ങളിലെപ്പോഴെങ്കിലും അതിന്റെ ലാഞ്ചന പ്രകടമായിരുന്നുവോ, ഇല്ല എന്നതാണ് എന്റെ ബോധ്യം മാത്രമല്ല പലപ്പോഴും മറ്റുള്ളവരെ അംഗീകരിക്കാനും ഉള്‍കൊള്ളാനുമുള്ള ശ്രമങ്ങളെയൊക്കെ മുജാഹിദുകളടക്കമുള്ളവര്‍ ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രമായും മുഖംമൂടിയായും അവതരിപ്പിക്കുമാര്‍ ഈ ആരോപണത്തിന് തീര്‍ത്തും വിരുദ്ധമായ വാക്കും പ്രവര്‍ത്തനവുമാണ് ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘങ്ങള്‍ക്ക് ഉണ്ടായിരുന്നത്.

എടുത്തുപറയത്തക്ക ഒരുകാര്യം ഈ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാമിക ഭരണം അഥവാ ശരീഅത്ത് നിയമം നടപ്പാക്കുകയില്ല, അല്ലെങ്കില്‍ അത്തരമൊരു ഭരണം നടപ്പാക്കല്‍ തങ്ങളുടെ മുന്‍ഗണന അല്ല എന്ന് പരസ്യമായി പറയാനും നിര്‍ബന്ധിതരായി.

ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ഇതിന് മുമ്പ് ഭരണത്തില്‍ വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇതല്ലാത്ത ഒരു മുന്‍ഗനാക്രമം അവര്‍ക്ക് ഉണ്ടായിരുന്നുവെന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കലാണ്. ഇസ്ലാമിക ഭരണം നടപ്പാക്കുകയില്ല എന്ന് അവിടെ അധികാരത്തില്‍ വന്ന ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പറഞ്ഞുവോ ഇല്ല എന്ന് ഈ വാചക ഘടന തന്നെ സൂചിപ്പിക്കുന്നു. അവസാനം പറഞ്ഞത് അഥവാ ഇസ്ലാമിലെ ക്രിമിനല്‍ ശിക്ഷവിധികളെ നടപ്പാക്കലാണ് ശരീഅത്ത് നടപ്പാക്കല്‍ എന്നത് കൊണ്ട് ഉദ്ദേശിച്ചതെങ്കില്‍ അതിന് ഒരു മുന്‍ഗണനാ ക്രമവും ഔചിത്യബോധവുമൊക്കെ ഉണ്ടാവണം എന്നത് ഇസ്ലാമിക രാഷ്ട്രീയത്തിന്റെ ബാലപാഠം മാത്രമാണ്.

2. ബഹുസ്വരത എന്നുപറഞ്ഞുകൊണ്ട് എന്തിനേയും അംഗീകരിക്കുകയും ശരീഅത്തും മറ്റും നടപ്പാക്കുക എന്നത് ഈ കാലഘട്ടത്തില്‍ സാധ്യമല്ല എന്നുപറയുന്നതുമൊക്കെ സ്വാഗതാര്‍ഹമായ കാര്യമായി ഞാന്‍ വിലയിരുത്തുന്നില്ല.

ഈ പരമാമര്‍ശത്തിലൂടെയും അബ്ദുല്ലാ സാഹിബ് ബുദ്ധിജീവി ചമയുകയാണ് എന്നത് എന്റെ ഒരു തോന്നലാകാം. പക്ഷെ അങ്ങനെ കരുതാനുള്ള ന്യായം ഇതാണ്. ബഹുസ്വരത എന്നതിന് എല്ലാവര്‍ക്കും അവരവരുടെ ചിന്തയും തത്വശാസ്ത്രവും കൊണ്ടുനടക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ്. എല്ലാ മൌലികാവകാശങ്ങളും വര്‍ഗ-വര്‍ണ-ജാതി-മത വ്യത്യസമില്ലാതെ തുല്ല്യമായി അനുഭവിക്കാനുള്ള അവകാശമാണ് എന്ന് തന്നെയാണ് ഇസ്ലാമിക പ്രസ്ഥാനങ്ങളും മനസ്സിലാക്കുന്നത്. അതുകൊണ്ട് തന്നെ ബഹുസ്വരത എന്ന് പറഞ്ഞാല്‍ എല്ലാം അംഗീകരിക്കലോ ശരീഅത്ത് നടപ്പാക്കാതിരിക്കലാണെന്നോ ആരും പറഞ്ഞിട്ടില്ല. അബ്ദുല്ല സാഹിബും അങ്ങനെ പറഞ്ഞിട്ടില്ല എന്ന് വാദിക്കാമെങ്കിലും അങ്ങനെ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ വാദിക്കുന്നുവെന്ന ധ്വനി ആ വാക്കുകളിലുണ്ട്.

3. ഇവിടെയൊന്നും ചോദ്യത്തിന് ഉത്തരമല്ല അബ്ദുല്ല സാഹിബ് നല്‍കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ചോദ്യകര്‍ത്താവിനെ തൃപ്തിപ്പെടുത്താവുന്ന ഉത്തരം പറയുന്ന പക്ഷം അത് തികഞ്ഞ കളവാകുമെന്ന് അദ്ദേഹത്തിനറിയാം. അതിനാല്‍ തന്റെ വാദം ശരിയാണ് അതില്‍നിന്ന് വ്യത്യസ്ഥമായ ഒരു വാദം ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ട് എന്ന് വായനക്കാര്‍ ധരിക്കുന്നെങ്കില്‍ ധരിച്ചുകൊള്ളട്ടേ എന്ന ഒരു നിര്‍ദ്ദോശകരമല്ലാത്ത ഒരു നിലപാട് അദ്ദേഹം സ്വീകരിക്കുന്നു. സത്യമാകട്ടേ മുന്നാം നമ്പറില്‍ (നമ്പര്‍ സൌകര്യത്തിന് ഞാന്‍ നല്‍കിയതാണ്)  പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്നവരാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

4. ശരീഅത്തിന്റെ ഏതെങ്കിലും നിയമങ്ങള്‍ നടപ്പാക്കുന്നില്ലെങ്കില്‍ അതിനെ പൂര്‍ണ ഇസ്ലാമിക വിപ്ലവം എന്ന് വിളിക്കാനുള്ള പ്രയാസമുണ്ടെങ്കില്‍ ആയിക്കൊള്ളട്ടെ. അതിനോട് വിയോജിക്കേണ്ടതില്ല. എന്നാലും എന്ത് കൊണ്ടും ഇസ്ലാമിലേക്കുള്ള അടുക്കലാണ് അകലലല്ല ഇഖ് വാനിലൂടെ സാധിക്കുന്നത് എന്നും അതിനെ ഇസ്ലാമിക വിപ്സവം എന്ന് പറയുന്നതില്‍ തെറ്റില്ല എന്നും അബ്ദുല്ല സാഹിബ് അംഗീകരിക്കുന്നു. ഇത് അംഗീകരിക്കാന്‍ കേരളത്തിലെ മുജാഹിദുകള്‍ക്ക് സാധിക്കുമോ ആവോ.

5. ഇവിടെ അബ്ദുല്ല സാഹിബിനോട് ഭാഗികമായേ യോജിക്കാനാവൂ. മൌദൂദിയും സയ്യിദ് ഖുതുബും വളരെ തീവ്രമായ, മാറ്റാന്‍ പാടില്ലാത്ത ഒരു പ്രായോഗിക സമീപനം നിര്‍ദ്ദേശിച്ചിട്ടില്ല. ഇതില്‍ രണ്ട് പേരെയും വേര്‍ത്തിരിക്കുന്നതിലെ ഗുട്ടന്‍സും മനസ്സിലായിട്ടില്ല.

അന്നൂര്‍ എന്ന സലഫി ഗ്രൂപ് പറയുന്നത് തന്നെയാണ് നേരത്തെ ജമാഅത്തെ ഇസ്ലാമിയും ഇഖ് വാനുല്‍ മുസ്ലിമൂനും പറഞ്ഞിരുന്നത് എന്ന് എന്തര്‍ഥത്തിലാണ് അബ്ദുല്ല സാഹിബ് പറയുന്നത്. അന്നൂറിനെ തീവ്രസലഫിഗ്രൂപായി പരിചയപ്പെടുത്തിയത് തന്നോട് അഭിമുഖം നടത്തുന്ന സംഘടനയാണ് എന്ന് പോലും അബ്ദുല്ല സാഹിബ് മറന്നു പോയി. അവരെയൊന്ന് സുഖിപ്പിക്കാനാവും ഇങ്ങനെ ഒരു താരതമ്യം നടത്തിയത് എന്ന് കരുതുന്നു.

ചുരുക്കത്തില്‍ മുജാഹിദുകളും ലോകത്തുള്ള മതേതര ഇസ്ലാമിക വിമര്‍ശകരും ഇപ്പോള്‍ ആളുകളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ മുമ്പ് സുജൂദിലായിരുന്നെങ്കില്‍ ഭരണം ലഭിച്ചപ്പോള്‍ അത് തീര്‍ത്തും ഭൌതിക വ്യായാമമമായ ശീര്‍ശാസനമായി അതിനെ പരിവര്‍ത്തിപ്പിച്ചുവെന്ന് പറയാനാണ്. പക്ഷെ അവര്‍ക്ക് എപ്പോള്‍ സുജൂദ് ചെയ്യണമെന്നും ശീര്‍ശാസനത്തിന്റെ പ്രാധാന്യം എന്തെന്നും വ്യക്തമായി അറിയാം ഇവിടെ ചേര്‍ത്ത ചിത്രം പ്രക്ഷോഭത്തിലായിരിക്കെ ഇഖ് വാനികള്‍ സുജൂദില്‍ കിടക്കുന്നതാണ്.

ഓ. ടോ. അറബ് വസന്തം എന്ന ഈ പോസ്റ്റിന് ഒരു ചിത്രം ചേര്‍ക്കാന്‍ ഗൂഗിളില്‍ സെര്‍ച് ചെയ്തപ്പോഴാണ് അവരുടെ വാദത്തെ ലളിതമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന കാര്‍ട്ടൂണ്‍ ശ്രദ്ധയില്‍ പെട്ടത്. ഈ പോസ്റ്റിന് അതിനാല്‍ ആ പേര് തന്നെ നല്‍കി.

9 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

വര്‍ത്തമാനത്തിലെ അഭിമുഖം പൂര്‍ണമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

CKLatheef പറഞ്ഞു...

അറബ് വസന്തത്തെത്തുടര്‍ന്ന് ആഫ്രിക്കന്‍ അറബ് രാജ്യങ്ങളില്‍ നടന്ന ഭരണമാറ്റത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് അവിടുത്തെ ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്. തുനീഷ്യയില്‍ അന്നഹ്ദയും ഇജിപ്തില്‍ ഇഖ് വാനുല്‍ മുസ്ലിമൂനും അതിന് മുമ്പ് തുര്‍ക്കിയിലും അവര്‍ അധികാരത്തിലോ അതിലേക്കുള്ള വഴിയിലോ ആണുള്ളത് എന്ന് എല്ലാവര്‍ക്കും വ്യക്തമായി അറിവുള്ള കാര്യമാണ്. ഈ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ആചാര്യസ്ഥാനത്തുള്ളത് ശഹീദ് ഹസനുല്‍ ബന്നയും സയ്യിദ് ഖുതുബും സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുമൊക്കെ തന്നയാണ് എന്നതും ആര്‍ക്കും നിഷേധിക്കാനാവില്ല. എന്നാല്‍ ഈ പേരുകളെ പരാമര്‍ശിക്കേണ്ടി വരുമ്പോള്‍ ഇസ്ലാമിക രാഷ്ട്രീയത്തിന് ദിശാബോധം നല്‍കിയവര്‍ എന്നതിനേക്കാള്‍ ഇസ്ലാമിക തീവ്രവാദത്തിന് ബീജാവാപം നല്‍കിയവര്‍ എന്ന നിലക്കാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനങ്ങള്‍ പൊതുവെ അണികളെ പഠിപ്പിക്കാറുള്ളത്.

Abid Ali പറഞ്ഞു...

http://www.facebook.com/media/set/?set=a.10150620447152079.443342.674187078&type=3

http://twocircles.net/2012jan30/hwf_organizes_mass_marriage_124_couples_maldah.html

ഇനി ഇങ്ങനെയൊക്കെ ചെയ്‌താല്‍ പറയും......... ഇതൊക്കെ നിങ്ങളുടെ അടവാണ് .

Pheonix പറഞ്ഞു...

മുല്ലപ്പൂ വിപ്ളവം നടന്ന നാടുകളില്‍ ഒരു പഹയന്‍ പോയ സ്ഥാനത്ത് മറ്റൊരു വല്ലാത്ത പഹയന്‍ വരും. അത്ര തന്നെ. പിന്നെ അറബികള്‍ക്ക് മൊത്തത്തില്‍ ജനാധിപത്യം എന്ന വാക്കിനോടും സംഗതിയോടും ഒരു തരം അലര്‍ജിയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യേണ്ടി വന്നവര്‍ക്ക് അത് കൂടുതല്‍ മനസ്സിലാവും.

sakkeer hussain പറഞ്ഞു...

മുല്ലപ്പൂ വിപ്ലവത്തെ ഏതു രീതിയില്‍ ഖിലാഫതുമായി ബന്ധപെടുതാനാവും

abdulla ponnani പറഞ്ഞു...

ഈ കേരളത്തിലെ മുജാഹിദുകള്‍ക്ക് എന്നാണ് ആവോ ബോധം വരിക.,

vallithodika പറഞ്ഞു...

ഭീകരവാദികളും തീവ്രവാടുകളും ഒക്കെ ആയി കണക്കാക്കിയിരുന്നവരെ ഇപ്പോള്‍ പച്ചപ്പരവതാനി വിരിച്ചു സ്വീകരിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.രാഷിദുല്‍ ഗനൂശി ഇന്ത്യയില്‍ വന്നാല്‍ ഇനി ഇ .അഹമ്മദ്‌ പോയി കെട്ടി പിടിച്ചു ഉമ്മ വെച്ചു നമ്മുടെ നാട്ടിലേക്ക് സ്വാഗതം ചെയ്യേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്.ഇതേ രാഷിദുല്‍ ഗനൂഷിയെ സോളിടാരിട്ടി സമ്മേലാനത്തിലെക് കൊണ്ടുവരാന്‍ എതിര് നിന്നവരായിരുന്നു ഇവര്‍...
http://vallithodika.blogspot.com/

പള്ളിക്കുളം.. പറഞ്ഞു...

ഒരു പഹയൻ പോയ സ്ഥാനത്ത് മറ്റൊരു പഹയൻ വന്നേക്കാം. എന്നാലും നാല്പതും അൻപതും കൊല്ലം ഒരേഒരു പഹയനെ ഇനിയും സഹിക്കേണ്ടി വരില്ലല്ലോ. ഇന്ത്യയിലേതുപോലെ പഹയന്മാരെ മാറ്റിമാറ്റി പരീക്ഷിക്കാനെങ്കിലുമുള്ള ഊർജ്ജം ഈ വിപ്ലവത്തിലൂടെ ജനങ്ങൾക്ക് കൈവന്നുകഴിഞ്ഞുവെന്നു വേണം കരുതാൻ.

Latheef hassan Vatakara പറഞ്ഞു...

സലഫീ ഗ്രൂപ്പ് തീര്‍ത്തും ഇസ്‌ലാമിക് രീതി നടപ്പാക്കണമെന്ന് പറയുന്നുണ്ട്. ആ പറയുന്നവരെ ഇവര്‍ എക്‌സ്ട്രീമിസ്റ്റുകളായിട്ടാണ് കാണുന്നത്. നേരത്തെ ഇഖ്‌വാന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സലഫികള്‍ പറയുമ്പോള്‍ ഇഖ്‌വാന്‍ മധ്യവിഭാഗവും സലഫികള്‍ തീവ്രവാദികളുമായി മാറുന്നു എന്ന വിചിത്രമായ ഒരുകാര്യം സംഭവിക്കുന്നുണ്ട്.‍]
ഇത്തരം വിചിത്ര ചിന്താഗതികളാണ് ജമാ അത്തിന്റെ എന്നത്തേയും നിലനില്പിന്നാധാരം. നന്തി മിസ്റ്റര്‍. ലത്വീഫ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK