'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ശനിയാഴ്‌ച, ഡിസംബർ 25, 2010

എന്താണ് ഥിയോഡെമോക്രസി ?

മതേതരജനാധിപത്യവും ജമാഅത്തെ ഇസ്‌ലാമിയും (8)

ആധുനിക ജനാധിപത്യം നിലകൊള്ളുന്നത് നിര്‍മതതത്ത്വശാസ്ത്രത്തിലാണ് എന്ന് തുടക്കത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. ക്രൈസ്തവ മതത്തോടുള്ള അടങ്ങാത്ത അമര്‍ഷം ഭൂരിപക്ഷ വിഭാഗത്തെ നിര്‍മതത്തിലേക്ക് നയിച്ചുവെന്നത് മാത്രമല്ല; മതം നിര്‍ദ്ദേശിക്കുന്ന മൂല്യങ്ങള്‍ പോലും ആവശ്യമില്ല തങ്ങളെ നിയന്ത്രിക്കാന്‍ എന്ന തികച്ചും നിഷേധാത്മക തലത്തിലേക്ക് അതവരെ നയിച്ചു. നിയമനിര്‍മാണത്തിനുള്ള പരമാധികാരത്തില്‍ മതത്തെയും ദൈവത്തെയും അടുപ്പിക്കരുത് എന്ന തത്വശാസ്ത്രത്തിന്റെ പുറത്താണ് അത് കെട്ടിപ്പടുക്കപ്പെട്ടത്.

ദേശീയമായും സംഘടിതമായും പ്രവര്‍ത്തനമാരംഭിച്ച ലിബറലിസമാണ് വാസ്തവത്തില്‍ ഭൂരിപക്ഷത്തിന്റെ പരമാധികാരംസിദ്ധാന്തമായി രൂപം പ്രാപിച്ചത്. ഒരു ജനത അവരുടെ വികാര-വിചാരങ്ങളില്‍ എല്ലാവിധ നിയന്ത്രണങ്ങളില്‍നിന്നും സ്വതന്ത്രരാണെന്നതാണ് ഭൂരിപക്ഷ പരമാധികാരത്തിന്റെ പൊരുള്‍. അവരില്‍ ഭൂരിപക്ഷം വിചാരിക്കുന്ന എന്തും നിയമവിധേയമോ നിയമവിരുദ്ധമോ ആയി പ്രഖ്യാപിക്കാവുന്നതാണ്. അവരുടെ വികാരവിചാരങ്ങളുടെ ഉരക്കല്ലാകാവുന്ന എന്തെങ്കിലും മതമോ ധര്‍മമോ ഇല്ല. നന്മയുടെയും തിന്‍മയുടെയും ഉരക്കല്ല് അവരുടെ വികാരങ്ങള്‍ തന്നെ. അന്തിമമായ ബാഹ്യശക്തി അവരെ സംബന്ധിച്ചിടത്തോളം ഇല്ല.

നിര്‍മത ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പോരായ്മയായി ഇസ്‌ലാമിക പ്രസ്ഥാനം ഈ കുത്തഴിഞ്ഞ സ്വാതന്ത്ര്യത്തെ കാണുന്നു. ഇത് ലോകത്ത് ജനാധിപത്യത്തിന്റെ സകല ഗുണങ്ങളെയും കവര്‍ന്നതായി ചരിത്രം വളച്ചുകെട്ടില്ലാതെ പറഞ്ഞു തരുന്നു. കുറെയെങ്കിലും അവയൊക്കെ നിലനിന്നത് അവ കൈകാര്യം ചെയ്തവര്‍ ഉദ്ദേശിക്കപ്പെട്ടപോലെ നിര്‍മതത്വം സ്വീകരിക്കാത്തതുകൊണ്ടും പരമാവധി ജീവിത മൂല്യങ്ങളെ മുറുകെ പിടിച്ചതുകൊണ്ടുമാണ്. 

ഒന്നുകൂടി തെളിയിച്ചു പറഞ്ഞാല്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നത് മതവിരുദ്ധജനാധിപത്യമായിരുന്നില്ല. ലോകത്ത് ജനാധിപത്യം പുലരുന്ന രാജ്യങ്ങളിലൊന്നും മതത്തെയും അതിന്റെ മൂല്യങ്ങളേയും മാറ്റിനിര്‍ത്തിയുള്ള ഒരു ജനാധിപത്യം പുലരുന്നുമില്ല. മതവിരുദ്ധമായ ജനാധിപത്യം തുടക്കത്തില്‍ മനുഷ്യന് വിതച്ച ദുരിതം മുന്നില്‍ കണ്ടുകൊണ്ട് അതേ ദുരന്തം ഇന്ത്യയിലും പാകിസ്ഥാനിലും ആവര്‍ത്തിക്കരുതെന്ന് വിഭജനം യാഥാര്‍ഥ്യമാകാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ മൗലാനാ മൗദൂദി മുന്നറിയിപ്പ് നല്‍കുകയുണ്ടായി. എന്നാല്‍ ഇന്ത്യയില്‍ പുലര്‍ന്നത് മതനിരപേക്ഷമായ ജനാധിപത്യമായിരുന്നു. അതിനാല്‍ അദ്ദേഹം ഭയപ്പെട്ടതുപോലെ തിക്താനുഭവങ്ങള്‍ ഇന്ത്യക്കാര്‍ക്ക് അനുഭവിക്കേണ്ടിവന്നില്ല എന്നതാണ് പിന്‍കാല യാഥാര്‍ഥ്യം.

മതേതരജനാധിപത്യത്തെക്കുറിച്ച് പറയുമ്പോള്‍ ഇത്രയെങ്കിലും ധാരണ ഇല്ലാതെയുള്ള വിലയിരുത്തല്‍ സത്യം മനസ്സിലാക്കാന്‍ ഉപകരിക്കുകയില്ല. മത-ദൈവവിരുദ്ധമായിട്ടാണ് ജനാധിപത്യം അതിന്റെ ഉത്ഭവിക്കുന്നത്. അതുകൊണ്ട് നിയമനിര്‍മാണത്തില്‍ മതത്തിന്റെയോ ദൈവത്തിന്റെയോ പങ്ക് അത് സര്‍വശക്തിയുമെടുത്ത് നിരാകരിക്കും. ഈ വശത്തോട് ദൈവികദര്‍ശനം ജീവിതമാര്‍ഗമായി സ്വീകരിച്ച ഒരു വിഭാഗത്തിനും പൂര്‍ണമായി യോജിക്കാന്‍ സാധ്യമല്ല. എന്നാല്‍ ഒരു ബഹുസ്വര സമൂഹത്തില്‍ മറ്റൊരു ചോയ്‌സ് കാണാത്തതിനാല്‍ നന്മതിന്മകള്‍ക്ക് മാനദണ്ഡം ഭൂരിപക്ഷമായി പരിഗണിക്കപ്പെടുന്ന തികച്ചും യുക്തിശൂന്യമായ നിലപാട് അംഗീകരിച്ചു പോരുകയാണ്. ജീവിതത്തിന്റെ മുഴുവന്‍ മേഖലയിലും നിയമനിര്‍മാണത്തിന്റെ പരമാധികാരം ദൈവത്തിനാണ് എന്ന് അടിസ്ഥാനപരമായ വിശ്വാസം പുലര്‍ത്തുന്ന ഇസ്‌ലാം വിശ്വാസികള്‍ക്ക് ജനാധിപത്യത്തിന്റെ ഈ വശം താത്വികമായി അംഗീകരിക്കാന്‍ യാതൊരു നിര്‍വാഹവുമില്ല.

ജനാധിപത്യത്തിന്റെ ജനോപകാരമായ അവകാശങ്ങള്‍ക്ക് രൂപം നല്‍കിയത്,  രാജാക്കന്‍മാരുടെയും നാടുവാഴിപ്രഭുക്കന്‍മാരുടെയും ആധിപത്യച്ചങ്ങല പൊട്ടിച്ചെറിയേണ്ടതിന് വേണ്ടിയായിരുന്നു. ജനകോടികളുടെ മേല്‍ സ്വന്തം അഭീഷ്ടവും സ്വേഛയും അടിച്ചേല്‍പിക്കാനോ അവരെ സ്വന്തം സ്വര്‍ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനോ ഒരു വ്യക്തിക്കോ കുടുംബത്തിനോ വര്‍ഗത്തിനോ അധികാരമോ അവകാശമോ ഇല്ല എന്ന് ഇസ്‌ലാം നിഷ്‌കര്‍ശിക്കുന്നതിനാല്‍ ജനാധിപത്യത്തിന്റെ രീതിശാസ്ത്രവുമായി ബന്ധപ്പെട്ട ഭാഗത്തെ അത് അങ്ങേ അറ്റം വിലമതിക്കുകയും  പൂര്‍ണാര്‍ഥത്തില്‍ ജനാധിപത്യാവകാശങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകണമെന്ന് അതാഗ്രഹിക്കുകയും ചെയ്യുന്നു.അതിനാവശ്യമായ നിയമനിര്‍ദ്ദേശങ്ങള്‍ അത് മുന്നോട്ട് വെക്കുകയും ചെയ്യുന്നു.

ഇസ്‌ലാമിക കാഴ്ചപ്പാടില്‍ മനുഷ്യര്‍ തങ്ങളുടെ അഭീഷ്ടത്തെയും അഭിലാഷത്തെയും സംബന്ധിച്ചിടത്തോളം സര്‍വതന്ത്ര സ്വതന്ത്രരല്ല. ചില ധാര്‍മികസദാചാരമൂല്യങ്ങള്‍ അവരുടെ വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും സാമ്പത്തിക രാഷ്ട്രീയ ജീവിതത്തിലും അരോഗ്യകരമായ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ജനാഭിലാഷം ശരിവെക്കുന്നതല്ല അതിന്റെ സത്യം. ഭൂരിപക്ഷം തള്ളിക്കളയുന്ന തത്വം അസത്യവുമല്ല. ജനഹിതത്തിന് യഥേഷ്ടം ഏത് നിയമവും നിര്‍മിക്കാനും ദുര്‍ബലപ്പെടുത്താനു അത് അനുവാദം നല്‍കുന്നില്ല.  ഇത് ഇസ്‌ലാമിന്റെ ദൗര്‍ബല്യമല്ല. പൂര്‍ണതയെയാണ് കാണിക്കുന്നത്.

ഇസ്‌ലാമിക കാഴ്ചപ്പാടില്‍ മനുഷ്യര്‍ തങ്ങളുടെ അഭീഷ്ടത്തെയും അഭിലാഷത്തെയും സംബന്ധിച്ചിടത്തോളം സര്‍വതന്ത്ര സ്വതന്ത്രരല്ല. ചില ധാര്‍മികസദാചാരമൂല്യങ്ങള്‍ അവരുടെ വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും സാമ്പത്തിക രാഷ്ട്രീയ ജീവിതത്തിലും അരോഗ്യകരമായ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ജനാഭിലാഷം ശരിവെക്കുന്നതല്ല അതിന്റെ സത്യം. ഭൂരിപക്ഷം തള്ളിക്കളയുന്ന തത്വം അസത്യവുമല്ല. ജനഹിതത്തിന് യഥേഷ്ടം ഏത് നിയമവും നിര്‍മിക്കാനും ദുര്‍ബലപ്പെടുത്താനു അത് അനുവാദം നല്‍കുന്നില്ല.  മനുഷ്യന് ജീവനും ശരീരവും ആയുസ്സും ആരോഗ്യവും നല്‍കിയ പ്രപഞ്ചസ്രഷ്ടാവായ മനുഷ്യരുടെ നാഥനായ ദൈവത്തിന് മാത്രമേ നിയമം നിര്‍മിക്കാന്‍ അധികാരമുള്ളൂ. അവനല്ലാതെ നിയമനിര്‍മാണത്തിന്റെ പരമാധികാരമില്ല. സ്രഷ്ടാവായ ദൈവം നല്‍കിയ ജീവിതവ്യവസ്ഥ അംഗീകരിക്കാനും അനുസരിക്കാനും സൃഷ്ടികളായ മനുഷ്യര്‍ ബാധ്യസ്ഥരാണ് എന്നാല്‍ അവന്‍ നിശ്ചയിച്ച തത്ത്വങ്ങളും നിയമങ്ങളും മൂല്യങ്ങളും മാനദണ്ഡങ്ങളും സ്വീകരിച്ച് അവയുടെ അടിസ്ഥാനത്തില്‍ വിശദാംശങ്ങള്‍ കണ്ടെത്തുകയും നടപ്പാക്കുകയും ചെയ്യാന്‍ മനുഷ്യന് അവകാശവും സ്വാതന്ത്ര്യവുമുണ്ട്. ആ നിലക്കുള്ള സമഗ്രമായ അടിസ്ഥാനനിയമങ്ങളും മാര്‍ഗദര്‍ശനങ്ങളും മൂല്യവ്യവസ്ഥയും കൈവശമുള്ളതോടൊപ്പമാണ് ഇസ്‌ലാം ഇപ്രകാരം പ്രഖ്യാപിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.

മുഴുവന്‍ ജനാധിപത്യമൂല്യങ്ങളെയും അവകാശങ്ങളെയും അംഗീകരിക്കുകയും നിയമനിര്‍മാണവുമായി ബന്ധപ്പെട്ട വശം മാത്രം ദൈവികനിര്‍ദ്ദേശങ്ങളും ദൈവദത്തമായ മൂല്യങ്ങള്‍ക്കുമനുസരിച്ചായിരിക്കണമെന്ന് വാദിക്കുകയും ചെയ്യുന്ന രീതിയെ എന്ത് പേര്‍വിളിക്കണമെന്നത് ഓരോരുത്തരുടെയും ഇഷ്ടം. പൊതുവെ ലോകമാകമാനം ഇതിന് പ്രയോഗിക്കുന്ന പദം ഥിയോഡെമോക്രസി (Theodemocracy)  എന്നാണ്. ഇതിനും വ്യത്യസ്ത രൂപങ്ങള്‍ ഉണ്ടാവാം. ഥിയോക്രസി(Theocracy)യുടെയും ഡെമോക്രസി(Democracy)യുടെയും ചേരുവകള്‍ ഇതിലുണ്ട്. ഥിയോക്രസിയുടെ ഏറ്റവും വലിയ ദോഷം ദൈവത്തിന്റെ പേരില്‍ പൗരോഹിത്യത്തിന്റെ ഏകധിപത്യമാണ് അതില്‍ സംഭവിക്കുന്നത് എന്നതാണ്. ഡെമോക്രസിയില്‍ അനിയന്ത്രിതമായ ജനസ്വാതന്ത്ര്യവും ഇവ രണ്ടിനുമിടയില്‍ ദൈവികപരമാധികാരത്തിന് വിധേയമായ ജനപ്രാധിനിധ്യവ്യവസ്ഥയാണ് ജനനന്മക്ക് കൂടുതല്‍ ഉപകാരപ്രദം. ചിലര്‍ ഇസ്‌ലാമിക ജനാധിപത്യം എന്ന പേര്‍ വിളിക്കുന്നു. എന്ത് പേര്‍ വിളിച്ചാലും അതില്‍ സംഭവിക്കുന്നത് ഞാന്‍ നേരത്തെ പറഞ്ഞതായിരിക്കുമെങ്കില്‍ അതാണ് ഏത് രാജ്യത്തിനും മതേതരജനാധിപത്യത്തേക്കാള്‍ ഗുണകരമായ വ്യവസ്ഥ എന്ന് വിശ്വസിക്കാനും പ്രചരിപ്പിക്കാനും എനിക്കുള്ള അവകാശം ഞാന്‍ ഉപയോഗപ്പെടുത്തുന്നു.

മതേതരജനാധിപത്യം പുലരുന്ന ഒരു രാജ്യത്ത് ഇത്തരം ഒരു ഥിയോഡെമോക്രസിയില്‍ വിശ്വസിക്കുന്നവരുടെ നിലപാട് എന്തായിരിക്കും. ഒരു സംശയവുമില്ല അവര്‍ പോലും അംഗീകരിക്കുന്ന ജനാധിപത്യമൂല്യങ്ങളുടെ താല്‍പര്യപ്രകാരമല്ലാതെ  ഒരു പ്രവര്‍ത്തനത്തിനും അവര്‍ രൂപം നല്‍കുകയില്ല. അവരുടെ നിലപാട് ജനാധിപത്യവിരുദ്ധമായി ആരേയും അടിച്ചേല്‍പ്പിക്കില്ല. നാട്ടില്‍ കുഴപ്പങ്ങളും സമാധാനഭംഗവും സൃഷ്ടിക്കുന്ന ഒരു നിലപാട് അവര്‍ ഒരിക്കലും സ്വീകരിക്കുകയില്ല. ഈ ആശയം പ്രചരിപ്പിക്കാന്‍ മതേതരജനാധിപത്യവ്യവസ്ഥയെ അവര്‍ ഉപയോഗപ്പെടുത്തും. ഇതിന് മതേതരജനാധിപത്യവ്യവസ്ഥയില്‍ അധികാരമില്ല എന്നാണ് ആരെങ്കിലും പറയുന്നതെങ്കില്‍ അതിനര്‍ഥം അത്തരക്കാര്‍ ജനാധിപത്യം ഉള്‍കൊണ്ടിട്ടില്ല എന്നാണ്. അവരെ പരിഗണിക്കാന്‍ യാതൊരു നിര്‍വാഹവുമില്ല. ജനാധിപത്യാവകാശത്തെക്കുറിച്ച് തെല്ലെങ്കിലും ബോധമുള്ള ആരും ജനാധിപത്യവിരുദ്ധമായ  നിലപാട് ഥിയോഡെമോക്രസിയോട് സ്വീകരിക്കുകയുമില്ല. (തുടരും)

3 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ജനാധിപത്യം അതിന്റെ വാക്കര്‍ഥം പരിഗണിക്കുമ്പോള്‍ ഇസ്്‌ലാമുമായി ചേര്‍ത്തുപറയുന്നതില്‍ അല്‍പം വൈരുദ്ധ്യമുണ്ട്. കാരണം ഇസ്്‌ലാമിക വീക്ഷണത്തില്‍ ദൈവത്തിനാണ് പരമാധികാരമുള്ളത്. ഇത് വിശദമാക്കുന്ന പോസ്റ്റുകള്‍ താമസിയാതെ പ്രതീക്ഷിക്കുക.

കാട്ടിപ്പരുത്തി പറഞ്ഞു...

വായിക്കുന്നു-

CKLatheef പറഞ്ഞു...

അവിചാരിതമായ കാരണങ്ങളാല്‍ മൂന്ന് ആഴ്ചയോളം ബ്ലോഗിലും നെറ്റിലും ഇടപെടാന്‍ സാധിക്കാതെ പോയി. ജമാഅത്തെ ഇസ്്‌ലാമിയെ പൊതുസമൂഹവും മുസ്ലിം സംഘടനകളും സാമുദായിക പാര്‍ട്ടിയും ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്ന ഒരു വിഷയത്തില്‍ കടുത്ത വിയോജിപ്പികള്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് സംഭവിച്ചില്ല എന്നതിന്റെ കാരണമായി ഞാന്‍ കാണുന്നത്. കേവല ആരോപണത്തിലുപരി വിഷയത്തെ പഠിച്ചോ വസ്തുനിഷ്ഠമായിട്ടോ അല്ല ജമാഅത്തിനെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നത് എന്നാണ്. ജനാധിപത്യത്തിന്റെ വിഷയത്തില്‍ ജമാഅത്തെ ഇസ്്‌ലാമി വിയോജിക്കുന്ന ഭാഗത്തെ അനുകൂലിക്കാന്‍ ഖുര്‍ആനെ ദൈവവചനമായി മനസ്സിലാക്കുന്ന ആര്‍ക്കും സാധ്യമല്ല എന്ന് ഇതോടെ പൊതുസമൂഹത്തിനുകൂടി ഉറപ്പാകും.

വിയോജിപ്പുകള്‍ വരാത്ത അവസ്ഥയില്‍ ഞാന്‍ മുകളിലെ കമന്റില്‍ സൂചിപ്പിച്ച വിധം ഈ ചര്‍ച മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ടെന്ന് തോന്നുന്നില്ല.

പ്രായോഗികമായി നാം അഭിമുഖീകരിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെയാണല്ലോ. ഇവിടെ ജനാധിപത്യം ദൈവാധിപത്യത്തിന്റെ സമ്പൂര്‍ണമായ നിരാകരണം എന്ന നിലക്കല്ല ആ പദം ഉപയോഗിക്കുന്നത്. അത് സ്വേഛാധിപത്യമോ ഏകാധിപത്യമോ അല്ല എന്നേ അര്‍ഥമാക്കുന്നുള്ളൂ. അതിനാല്‍ സാധ്യമാകുന്നത്ര ജനാധിപത്യവുമായി യോജിച്ചുപോകുന്നതിന് ഇസ്‌ലാമില്‍ ഒരു പ്രശ്‌നവുമില്ല.

അതേ സമയം നിയമനിര്‍മാണത്തിന്റെ പരമാധികാരം മനുഷ്യര്‍ക്ക് എന്ന കാഴ്ചപ്പാടില്‍, ആ നിയമനിര്‍മാണത്തില്‍ ശാശ്വതമായ ചില മൂല്യങ്ങളുടെ അടിസ്ഥാനത്തിലെ അനുവധിക്കപ്പെടൂ എന്നത് മാത്രമാണ് ഇസ്‌ലാമിനുള്ള തിരുത്ത്. അതുകൊണ്ട് താത്വികമായി അതിനോട് വിയോജിക്കാതിരിക്കാന്‍ ഒരു മുസ്‌ലിമിന് സാധ്യമല്ല. പ്രായോഗിക തലത്തില്‍ സാധ്യമാകുന്നത്ര ജനാധിപത്യത്തോട് സഹകരിക്കുന്നതില്‍ ഈ വിയോജിപ്പ് തടസ്സമാകുന്നതുമല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK