'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, സെപ്റ്റംബർ 24, 2013

പെണ്‍കുട്ടിയുടെ വിവാഹപ്രായവും മുര്‍സിയുടെ ഭരണവും !


ഇതെന്താണ് ഇങ്ങനെ പരസ്പരബന്ധമില്ലാത്ത കാര്യങ്ങള്‍ പറയുന്നതെന്നാവും നിങ്ങള്‍ ചിന്തിക്കുന്നത്. ബ്ലോഗിനെക്കുറിച്ചറിയുന്നവര്‍ ഇത് തങ്ങളെ ഇവിടെക്ക് കൂട്ടികൊണ്ട് വരാനുള്ള ഒരടവാണ് എന്നും മനസ്സിലാക്കിയേക്കാം. എന്നാല്‍ സംഗതി രണ്ടുമല്ല. ഇവ പരസ്പരം ബന്ധമുണ്ട്... എങ്ങനെയെന്ന് പറയാം...

പട്ടാളത്തിന്റെ പിന്തുണയോടെ സീസി, ഈജിപ്തില്‍ മുര്‍സി ഭരണകൂടത്തെ പുറത്താക്കുകയും തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്തു. കുറ്റവാളിയെ പോലെ മുര്‍സിയെ അറസ്റ്റ് ചെയ്തു. നിയമപ്രകാരം തെരഞ്ഞെടുത്ത ഒരു ഭരണകൂടത്തെ പിരിച്ച് വിട്ടതിനെതിരെ ജനാധ്യപത്യരൂപത്തില്‍ പ്രതിഷേധിച്ചവരെ അമേരിക്കന്‍- നിര്‍മിത അപ്പാച്ചെ ഹെലിക്പ്റ്റര്‍ ഉപയോച്ച് പറന്ന് വന്ന തലക്ക് മുകളില്‍നിന്ന് യന്ത്രത്തോക്കില്‍നിന്ന് വെടിവെച്ചു. ധാരാളം പേര്‍ സമരഭൂമിയില്‍ പിടഞ്ഞ് മരിച്ചു. (കൂടുതല്‍ വിവരങ്ങള്‍ നേരത്തെ നല്‍കിയിട്ടുണ്ട്) അങ്ങനെ ആളുകളെ ചിഹ്നഭിന്നമാക്കിയതിന് ശേഷം ശത്രുരാജ്യങ്ങളുമായി യുദ്ധമുണ്ടാകുമ്പോള്‍ മാത്രം രാജ്യങ്ങള്‍ ഉപയോഗപ്പെടുത്തുന്ന കവചിത വാഹനങ്ങള്‍ ഉപയോഗിച്ച് തെരുവിലെ ജനങ്ങളെ തൂത്ത് മാറ്റി. കയ്യില്‍ ഒരു ഇരുമ്പ് വടിപോലും ഇല്ലാത്ത ഉണ്ടെങ്കിലും അവ ഉപയോഗിക്കാത്ത ഇഖ് വാനികളും അവരെ പിന്തുണച്ച ഒരു വലിയ വിഭാഗത്തിലെ ആയിരങ്ങളും പിടഞ്ഞുമരിച്ചു. ഒരു വലിയ ട്രൈനപകടത്തിനോ വിമാനപകടത്തിനോ ലഭിക്കുന്ന വാര്‍ത്താ പ്രാധാന്യം പോലും അതിന് ലഭിച്ചില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യവും ആറ് മാസം മുമ്പ് അതേ ഭരണാധികാരിയുമായി ഒട്ടേറെ ഉപയകക്ഷി വ്യാപാര കരാറില്‍ ഒപ്പിട്ട രാജ്യം അതേ സംബന്ധിച്ച് കമ എന്ന രണ്ടക്ഷരം പോലും ഉരിയായിടിയില്ല. എന്തുകൊണ്ടായിരിക്കും ഇതെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ ?.

ലഭിച്ചിടത്തോളം ഉത്തരം , മുര്‍സിക്കും മുര്‍സിയുടെ പാര്‍ട്ടിക്കും അര്‍ഹിച്ചതേ ലഭിച്ചിട്ടുള്ളൂ എന്ന നിലക്കാണ്. കാരണം അവര്‍ മതവാദികളാണ്. ജനാധിപത്യത്തെ അവര്‍ ഉപയോഗപ്പെടുത്തി അധികാരത്തിലേറി എന്നത് ശരിയാണ്. പക്ഷെ അവര്‍ ഒരു മതത്തിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നവരാണ്. അതിനെന്താണ് പ്രശ്നം. ശുദ്ധമായ ജനാധിപത്യം വാദിക്കുന്ന അമേരിക്കയെ കൊണ്ട് നടത്തുന്നവര്‍ തീര്‍ത്തും മതമുക്തരാണോ  എന്നൊക്കെ ചിലര്‍ തിരിച്ചു ചോദിച്ചു. മിക്ക പാശ്ചാത്യ ജനാധിപത്യ മതേതര രാജ്യത്തും ഭരണം നടത്തുന്നവര്‍ കൃസ്ത്യന്‍ വിശ്വാസികളും അതിന്റെ മാര്‍ഗ ദര്‍ശനം പിന്തുടരുന്നവരുമാണ് എന്ന് ഡോ. വിന്‍സന്‍റ് പോലുള്ളവര്‍ ചൂണ്ടിക്കാട്ടി. "പക്ഷെ പ്രശ്നമതല്ല, മുര്‍സിയും കൂട്ടരും ഇസ്ലാമിക ശരീഅത്ത് അന്യൂനമാണ് എന്ന് കരുതുന്നവരും അതനുസരിച്ച് ഭരണം നടത്താന്‍ ആഗ്രിഹിക്കുന്നവരുമാണ്. അതാണ് അപകടം", ഇടത് പക്ഷ ബുദ്ധിജീവികള്‍ ആവര്‍ത്തിച്ച് പറഞ്ഞു.

ഇത് പറയുമ്പോള്‍ ഏതാണ്ട് എല്ലാ മതസംഘടനകളും അത് അങ്ങ് അംഗീകരിച്ചു കൊടുക്കുകയാണ്. ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനം ജമാഅത്തെ ഇസ്ലാമി ഇവിടെ ഇക്കാര്യത്തില്‍ ഒറ്റപ്പെടുകയാണ്.  മുര്‍സി അധികാരത്തില്‍നിന്ന് മാറ്റപ്പെട്ടതില്‍ അവര്‍ ആശ്വാസം കൊള്ളുകയും ചെയ്യുന്നു. ജനാധിപത്യത്തിന്റെ പേര് പറഞ്ഞ് തന്നെ ഇന്നലെ ഇഖ് വാനെ നിരോധിച്ചു. മുര്‍സി ശരീഅത്ത് അനുസരിച്ച് ഭരണം നടപ്പാക്കി എന്ന് കരുതുക. എങ്കില്‍ പ്രതിഷേധിക്കുന്നവരെ ഈ വിധം കൂട്ടക്കൊല ചെയ്യുമായിരുന്നോ ?. സീസി എന്ന പട്ടാള പിന്തുണയോടെ ഭരണം നടത്തുന്ന ഭരണാധികാരി 50,000 ലധികം പള്ളി ഇമാമുമാരെ പിരിച്ച് വിട്ടു. അതുപോലെ മുര്‍സി നിലവിലെ ക്രിസ്ത്യന്‍ പള്ളികളില്‍നിന്ന് പാതിരിമാരെ പിരിച്ചുവിടുമായിരുന്നോ, പ്രതിഷേധക്കാര്‍ക്ക് നേരെ കവചിത വാഹനങ്ങളുമായി യുദ്ധം ചെയ്യുമായിരുന്നോ ?.

അതിനൊക്കെ പകരം ഇസ്ലാമിക ശരീഅത്ത് നടപ്പാക്കും എന്ന ഒരൊറ്റ ഉമ്മാക്കി മതി. അതോടെ എല്ലാ ചോദ്യവും നിന്നോളും. അത്രയും അപകടകരമാണ്  മുര്‍സി നടപ്പാക്കാനിടയുള്ള ഇസ്ലാമിക ശരീഅത്ത്. അപ്പോള്‍ മറ്റൊരു ചോദ്യം ഏതൊരു ഭരണകൂടത്തെ കണ്ടാണോ ഇസ്ലാമിക ശരീഅത്തിനെ ആളുകള്‍ പേടിയോടെ മനസ്സിലാക്കുന്നത് അതേ സൌദിയും കൂടി മുര്‍സിയെ പുറത്താക്കാന്‍ ഉണ്ടല്ലോ ?. അപ്പോള്‍ സൌദി പോലും പേടിക്കുന്ന ഏതോ ഒരു ഭരണമാണ് മുര്‍സിയും കൂട്ടരും ഉന്നം വെക്കുന്നത് എന്നല്ലേ.

മുസ്ലിംകളല്ലാത്തവര്‍ ഇസ്ലാമിക ശരീഅത്തിനെ പേടിയോടെയും അറപ്പോടെയും മനസ്സിലാക്കാന്‍ കാരണമെന്ത് എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍. അങ്ങനെ വിചാരിക്കുന്നതില്‍ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല എന്ന് തോന്നാറുണ്ട്. കാരണം സൌദിയെപ്പോലെ, അല്ലെങ്കില്‍ അഫ്ഘാനിലെ താലിബാന്‍ ഭരണത്തെപ്പോലെ ഒരു ഭരണം ലോകത്ത് ആവര്‍ത്തിക്കണം എന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. സൌദിയെപ്പോലെ ഒരു ഭരണം വരുന്നതില്‍ സൌദി അറേബ്യക്ക് പരാതിയുണ്ടാകുമോ ഉണ്ടാവിനിടയില്ല. അപ്പോള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളല്ലാത്ത ലോകത്തെ ഇസ്ലാമിക സംഘടനകള്‍ മുര്‍സിയെയും പിന്തുണക്കുന്നവരെയും വെറുക്കാനുള്ള കാരണവും മുസ്ലിംകളല്ലാത്തവര്‍ വെറുക്കാനുള്ള കാരണവും രണ്ടാണ്. ഏറെ വിരുദ്ധവും.

ഇത്രയും പറഞ്ഞത് ശരീഅത്തിന് മേല്‍ കൈവെക്കുന്നുവെന്ന നിലക്ക് മുസ്ലിം സംഘടനകള്‍ ചര്‍ച ചെയ്തപ്പോള്‍ അവര്‍ പൊക്കിപ്പിടിച്ച ഒരു വാദത്തെ വിശകലനം ചെയ്യാനാണ്. ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് പെണ്‍കുട്ടിയുടെ വിവാഹ പ്രായം നിജപ്പെടുത്താന്‍ പാടില്ല  എന്നാണ് വാദത്തിന്റെ കാതല്‍. നബി 9 വയസ്സില്‍ ആയിശയെയും 60 വയസ്സില്‍ സൌദയെയും വിവാഹം ചെയ്തിട്ടുണ്ട്. അതിനാല്‍ അക്കാര്യത്തിലെ ശരീഅത്ത് നിയമം എന്നാല്‍ വിവാഹത്തിന് പ്രയാപരിധി എടുത്ത് കളയുക എന്നതാണ്. ഇന്ത്യ ഗവണ്‍മെന്റ് പെണ്‍കുട്ടികള്‍ക്ക് 18 എന്ന് നിശ്ചയിക്കുമ്പോള്‍ അവിടെ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കിയ അവകാശം ലംഘിക്കപ്പെടുന്നുണ്ട് എന്നവര്‍ വാദിക്കുന്നു.

ഒരു പക്ഷെ ഇത് കേള്‍ക്കുമ്പോള്‍ പൊതുസമൂഹം ചിന്തിച്ചേക്കാം. ഈ വാദം മുന്നോട്ട് വെച്ചത് ജമാഅത്തെ ഇസ്ലാമിയാകും കാരണം അവരാണല്ലോ ശരീഅത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഭരണം തങ്ങളുടെ പ്രബോധനത്തില്‍ ഉള്‍പ്പെടുത്തി പ്രചരിപ്പിക്കുന്നത് എന്ന്. മറിച്ച് ബാക്കിയുള്ളവര്‍ക്കൊന്നും അക്കാര്യത്തില്‍ പ്രത്യേകിച്ച് താല്‍പര്യമൊന്നുമില്ല എന്നും. എന്നാല്‍ ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ പിറ്റേന്ന് തന്നെ പത്രക്കുറിപ്പ് ഇറക്കി. ഇങ്ങനെ ഒരു തീരുമാനം പ്രസ്തുത യോഗം എടുത്തിരുന്നില്ല. ആരെങ്കിലുമൊക്കെ അഭിപ്രായം പറഞ്ഞതാകും എന്നവര്‍ വിശദീകരിച്ചു. എന്തുകൊണ്ട് അവര്‍ പിന്‍വലിഞ്ഞുവെന്നതിന് എനിക്ക് ലഭിക്കുന്ന ഉത്തരം പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായം 18 ആക്കി നിജപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് പിന്‍പറ്റുന്നത് ഇസ്ലാമിക ശരീഅത്തിന് വിരുദ്ധമാണ് എന്നവര്‍ ചിന്തിക്കുന്നില്ല എന്നത് കൊണ്ടാണ്. എന്ന് വെച്ചാല്‍ ഇസ്ലാമിക ശരീഅത്ത് എന്നാല്‍ നേരത്തെ പുസ്തകത്തില്‍ എഴുതിവെച്ച ഏതാനും നിയമങ്ങള്‍ അപ്പടി പ്രയോഗവല്‍ക്കരിക്കുന്നതിന്റെ പേരല്ല. നിലവിലെ സാഹചര്യവും സാമൂഹികതാല്‍പര്യങ്ങളും മനസ്സിലാക്കി ഇസ്ലാം നല്‍കിയ അടിസ്ഥാനങ്ങളും അതിന്റെ സദാചാരമൂല്യ സങ്കല്‍പ്പവും അടിസ്ഥാനപ്പെടുത്തി ഗവേഷണം നടത്തി കണ്ടെത്തുന്ന വിധിയാണ്. അങ്ങനെ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ വിവാഹ പ്രായം 16 ല്‍ നിര്‍ത്തുന്നതാണ് നല്ലതെങ്കില്‍ അതാണ് ശരീഅത്ത്, വര്‍ഷമൊന്നും സൂചിപ്പിക്കാതെ ഋതുമതിയാവുക എന്ന നിബന്ധന മാത്രം നിലനില്‍ത്തുന്നതാണ് വ്യക്തിക്കും സമൂഹത്തിനും നല്ലതെങ്കില്‍ അതാണ് ശരീഅത്ത് നിയമം. നിലവിലെ സാഹചര്യമനുസരിച്ച് അടിസ്ഥാന വിദ്യാഭ്യാസവും പക്വതയും ലഭിക്കാന്‍ 18 ആണ് നിജപ്പെടുത്തുന്നതെങ്കില്‍ അതാണ് ഇസ്ലാമിക ശരീഅത്ത്.  ഈ നിലക്കാണ് ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ അവര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ശരീഅത്തിനെ നോക്കിക്കാണുന്നത്. അതുകൊണ്ടാണ് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഭൂമികയില്‍നിന്ന് സംസാരിക്കുന്ന ഒ. അബ്ദുല്ല സാഹിബിന്റെ ശബ്ദം വേറിട്ട് നില്‍ക്കുന്നത്. ഈ പറയുന്ന വാദം ഇവിടെയുള്ള സുന്നിസംഘടനകളിലുള്ളവര്‍ക്കും മുജാഹിദ് സംഘടനകളിലെ ഒരു വിഭാഗത്തിനും ഉള്‍കൊള്ളാനാവില്ല എന്നതാണ് ഇസ്ലാമിക പ്രസ്ഥാനങ്ങളോട് അവര്‍ക്കുള്ള വിരോധത്തിന്‍റെ കാരണം.

എന്നാല്‍ പൊതുസമൂഹത്തിന്റെ ഇസ്ലാമിക പ്രസ്ഥാനങ്ങളോടുള്ള ഭയപ്പാട് തീര്‍ത്തും മിഥ്യയില്‍ കെട്ടിപ്പൊക്കിയതാണ്. ഈ നിലക്ക് ഇതര സംഘടനകളുടെ ശരീഅത്തിനോടുള്ള കാഴ്ചപ്പാട് നമുക്ക് പുതിയ വിവാദവുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യാം.

*******************************

"ഞങ്ങള്‍ ശരീഅത്ത് അനുവദിച്ചതിനുസരിച്ച് പെണ്‍കുട്ടികളെ 9ാം വയസ്സില്‍ വിവാഹം ചെയ്തയച്ചാലും നിയമത്തിന്റെ ചങ്ങലകളുമായി ഞങ്ങളെ സമീപിക്കരുത് എന്നാണോ താങ്കള്‍ പറയുന്നത്..?". ചാനല്‍ അവതാരകന്റെ ഈ ചോദ്യത്തിന് കേരളത്തിലെ സുന്നി പണ്ഡിതന്റെ ഉത്തരം എന്തായിരിക്കും എന്നറിയാന്‍ ഞാന്‍ കാതുകൂര്‍പ്പിച്ചു. അതെ എന്ന് പറഞ്ഞാലും അല്ല എന്ന് പറഞ്ഞാലും കൂടുങ്ങും. സത്യത്തില്‍ മതപണ്ഡിതരുടെ വാദമനുസരിച്ച് പറയേണ്ടിയിരുന്ന ഉത്തരം 'അതെ' എന്നാണ്. അഥവാ ഞങ്ങള്‍ക്ക് ശരീഅത്തനുസരിച്ച് പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കാന്‍ അവര്‍ക്ക് ഋതുമതിയായാല്‍ മതി. വിവാഹത്തിന് ഏത് പ്രായം നിശ്ചയിക്കുന്നതും ശരീഅത്തിന് നേരെയുള്ള കടന്നുകയറ്റമാണ് .


ഈ ചോദ്യത്തിന് ശേഷമുള്ള പണ്ഡിതന്റെ മറുപടികള്‍ പ്രതിരോധരൂപത്തിലുള്ളതായിരുന്നു. മാത്രമല്ല ഒരു മതപണ്ഡിതന്‍ എന്ന നിലക്ക് ഇങ്ങനെ മാത്രമല്ലേ ഞങ്ങള്‍ക്ക് പറയാന്‍ കഴിയൂ എന്ന് തുറന്നുപറയുക കൂടി ചെയ്യുമ്പോള്‍, കാര്യം ശരിയല്ലെങ്കിലും ഞങ്ങള്‍ നിസ്സഹായരാണ് എന്ന ധ്വനിയും അനുഭവപ്പെട്ടു. മത സംഘടനാ നേതാക്കള്‍ കിതാബിലുള്ളത് പറയും, ഞങ്ങള്‍ പ്രായോഗികമായത് പറയുന്നുണ്ടല്ലോ എന്നാണ് മുസ്ലിം വിദ്യാഭ്യാസ സംഘടനാ സാരഥിയുടെ ന്യായം.ആ ചര്‍ച കേള്‍ക്കുമ്പോള്‍ ഏതൊരു നിഷ്പക്ഷ അന്വേഷകനും ഇങ്ങനെ തോന്നാം. ഇസ്ലാമിക ശരീഅത്ത് കാലികമല്ലാത്ത, ഇന്ത്യന്‍ സാഹചര്യത്തില്‍ ഒട്ടും പ്രായോഗിമല്ലെന്ന് മുസ്ലിംപണ്ഡിതന്‍മാര്‍ തന്നെ അംഗീകരിക്കുന്ന നിയമങ്ങള്‍ ഉള്‍കൊള്ളുന്നതാണ്... എന്നാല്‍ ഒരു മുസ്ലിമും ഇത് അംഗീകരിച്ചു തരികയുമില്ല. അത് തന്നെയാണ് യാഥാര്‍ഥ്യവും. ശരീഅത്ത് എന്നതിന് ദൈവികത അവകാശപ്പെടണമെങ്കില്‍ അത് ഏക്കാലത്തും പ്രായോഗികമായിരിക്കണം. അത് അങ്ങനെത്തന്നെയാണ് താനും. 
അപ്പോള്‍ പ്രശ്‌നം എവിടെയാണ്?. ഇക്കാര്യത്തിലുള്ള ഇസ്ലാമിക ശരീഅത്ത് നിയമം എന്താണ്?, പെണ്‍കുട്ടിയെ ഏത് വയസ്സിലും വിവാഹം ചെയ്തയക്കമെന്നതാണോ ശരീഅത്ത് നിയമം?. കാലത്തിനും ദേശത്തിനും സാഹചര്യത്തിനും അനുസരിച്ച് പ്രായപൂര്‍ത്തിയായ ശേഷം ഒരു നിശ്ചിത പ്രായം നിജപ്പെടുത്തിയാല്‍ അത് ഇസ്ലാമിക ശരീഅത്തിന് പുറത്ത് പോകുമോ?. എന്റെ എളിയ ഇസ്ലാം പഠനത്തില്‍നിന്ന് മനസ്സിലാക്കുന്നത് ഇല്ല എന്നാണ്. എന്ന് വെച്ചാല്‍ നിലവിലെ സാഹചര്യം വിലയിരുത്തി കാലവും ദേശവും സമൂഹത്തിന്റെ ഉത്തമ താല്‍പര്യവും പരിഗണിച്ച് ഇസ്ലാമിക പണ്ഡിതര്‍ കൂടിയാലോചിച്ച് ഒരു പ്രായം നിജപ്പെടുത്തുന്നത് ഇസ്ലാമിക ശരീഅത്തിന്റെ ശരിയായ അന്തസത്ത കാത്ത് സൂക്ഷിക്കുന്ന നിയമമാണ്. അതുതന്നെയാണ് സ്ത്രീയുടെ വിവാഹ പ്രായത്തിലുള്ള ഇസ്ലാമിക ശരീഅത്ത്. അത് പതിനെട്ടോ അതിനപ്പുറം ഇരുപതോ ആകാവുന്നതാണ് അതേ പ്രകാരം പതിനാറും പതിനാലും ആകാവുന്നതാണ്. നിലവില്‍ ഇന്ത്യന്‍ അവസ്ഥയില്‍ ദീര്‍ഘമായ പഠന കാലയളവ് നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയില്‍ 18 വയസ്സ് സ്ത്രീയുടെ വിവാഹപ്രായമായി നിജപ്പെടുത്തുന്നത് ഇസ്ലാമിക ദൃഷ്ട്യാ തെറ്റല്ല. അഥവാ ഇന്ത്യയില്‍ വിവാഹപ്രായമായി നിശ്ചയിച്ച 18 വയസ്സ് മുസ്ലിംകള്‍ക്ക് ബാധമാക്കുന്നത് അനുസരിക്കാന്‍ ഒരു മുസ്ലിമിനും പ്രയാസം അനുഭവപ്പെടേണ്ടതില്ല. ആ നിയമം ഇസ്ലാമിക പണ്ഡിതര്‍ ചര്‍ച ചെയ്ത് എടുത്തതല്ലെങ്കിലും. എന്നാല്‍ ഇതേ വിവാഹപ്രായത്തെക്കുറിച്ച് അഭിപ്രായം പറയാനും പുനരാലോചിക്കാനും വേണമെങ്കില്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റി നിശ്ചയിക്കണമെന്ന് ഭരണകൂടത്തോട് ആവശ്യപ്പെടാനും അത്തരം ചര്‍ചകള്‍ നടത്താനും പൗരന്‍മാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ട്. ആ സ്വതന്ത്ര്യം മുസ്ലിംകള്‍ക്കും ഉണ്ട്. അവര്‍ കണ്ടെത്തുന്ന വസ്തുതകളെ നിയമനിര്‍മാണ സഭകളുടെ ചര്‍ചക്കും അംഗീകാരത്തിനും സമര്‍പ്പിക്കാവുന്നതുമാണ്. ഇപ്പോള്‍ നടന്ന് കഴിഞ്ഞ / നടന്നുകൊണ്ടിരിക്കുന്ന ചര്‍ചകളെ ഇതനുസരിച്ച് ഒന്ന് വിശകലനം ചെയ്തുനോക്കൂ. ആര്‍ക്കാണ് തെറ്റുപറ്റിയതെന്ന് നിഷ്പ്രയാസം മനസ്സിലാക്കാന്‍ സാധിക്കും.16 വയസ് സമ്മതമാകുന്ന അതേ മാനദണ്ഡമനുസരിച്ച് 18 ഉം മുസ്ലിംകള്‍ക്ക് സമ്മതമാകേണ്ടതാണ്. പതിനാറ് നിശ്ചയിക്കണോ പതിനെട്ട് നിശ്ചയിക്കണോ എന്ന ചോദ്യത്തിന് പതിനെട്ട് നിശ്ചയിക്കുന്നത് തന്നെയാണ് ഗുണകരം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. അതേസമയം വയസ്സിന്റെ കാര്യത്തില്‍ നിയമം കാണിക്കുന്ന ജാഗ്രത പോലെ തന്നെയോ അതിനേക്കാള്‍ കൂടുതലോ സ്ത്രീധനത്തിന്റെ കാര്യത്തിലും കാണിക്കണം. 


18 വയസ്സ് തന്നെ മുസ്ലിംകളും സ്വീകരിച്ചാല്‍ അതുകൊണ്ട് അവര്‍ക്ക് യാതൊരു നഷ്ടവും ഉണ്ടാകുന്നില്ല. എന്ന് മാത്രമല്ല ഈ കാലഘട്ടത്തില്‍ ഒരു കുടുംബജീവിതം നയിക്കാനാവശ്യമായ പക്വതയെത്താന്‍ അത് വേണം താനും. മുമ്പുള്ളത് പോലെ പത്തില്‍ തോല്‍ക്കുന്നതോടെ പഠനം നിര്‍ത്തി വീട്ടുകാര്യങ്ങളിലും കുടുംബകാര്യങ്ങളിലും നിപുണയാകുന്നവര്‍ കുറവാണിന്ന്. 18 വയസ് തന്നെ മുസ്ലികള്‍ക്കും നിജപ്പെടുത്തുന്നത് മുസ്ലിം പേഴ്സണല്‍ ലോയിലുള്ള കൈകടത്തലായി തോന്നുന്നില്ല. കാരണം മുസ്ലിം പേഴ്സണല്‍ ലോ തന്നെ ഇതനുസരിച്ച് മാറ്റുകയാണ് വേണ്ടത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. സത്യത്തില്‍ എന്തിനാണ് മുസ്ലിം സംഘടനകള്‍ ഒന്നിച്ച് ചേര്‍ന്നത് എന്ന് മാധ്യമങ്ങളുടെയും ചാനലുകളുടെയും ആര്‍മാദത്തിന് ശേഷം ശാന്തമായി ആലോചിക്കേണ്ടതുണ്ട്. അതില്‍ പങ്കെടുത്ത പലരും സംഗതി വ്യക്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആരും അത് കേള്‍ക്കുന്നില്ല. മുസ്ലിം വിഭാഗവുമായി ബന്ധപ്പെട്ട് ഏത് സംഭവത്തേയും വല്ലാതെ തെറ്റിദ്ധരിപ്പിച്ച് അത്യാവേശത്തോടെ അവതരിപ്പിക്കാന്‍ മാധ്യമങ്ങള്‍ ജാഗ്രതകാണിക്കുന്നു. മാതൃഭൂമി ഒന്നാം പേജില്‍ വെണ്ടക്ക വലിപ്പത്തിലാണ് ഇത് നല്‍കിയത്. അതിന് മാത്രം ആവേശകരമായ ഒരു വാര്‍ത്തയാണോ ഇത്. ഇങ്ങനെ ഒരു കാര്യത്തിന് സുപ്രീം കോടതയില്‍ പോകുന്ന വിഷയമൊന്നും ഐക്യകണ്ഠേന തീരുമാനിക്കപ്പെട്ടതല്ല എന്നാണ് ചില സംഘടനകള്‍ തന്നെ പറയുന്നത്. ഇക്കാര്യത്തില്‍ ചര്‍ച ചെയ്യുന്നവര്‍ സന്തുലിതമായ ഒരു സമീപനം സ്വീകരിക്കുന്നത് അത്യപൂര്‍വമായേ കാണുന്നുള്ളൂ. ചിലര്‍ മതപണ്ഡിതരുടെ കൂടിച്ചേരലിനെ കഠിനമായി ആക്ഷേപിക്കുമ്പോള്‍ മറ്റുചിലര്‍ അതിനെ പൂര്‍ണമായി പിന്തുണക്കുന്നു. എല്ലാറ്റിനും പുറമെ , ഇസ്ലാം ദീര്‍ഘ വീക്ഷണത്തോട് കൂടി നല്‍കിയ ഒരു ഇളവിനെ മതസംഘടനാനേതാക്കള്‍ പോലും ഇസ്ലാമിക ശരീഅത്ത് എന്ന പേരില്‍ പരിചയപ്പെടുത്തുകയും കടിച്ചുകീറാന്‍ പാകത്തില്‍ പൊതുസമൂഹത്തിന് ഇട്ടുകൊടുക്കുകയും ചെയ്യുന്നു.ഇത്തരമൊരു സംവാദം നേരത്തെ ഉണ്ടായപ്പോള്‍ ഒരു  കാര്യം ഞാന്‍ ഊന്നിപ്പറഞ്ഞിരുന്നു. അന്ന് ചര്‍ച പതിനാറായാല്‍ സ്ത്രീയോട് എന്തോ കാര്യമായ അനീതി പ്രവര്‍ത്തിച്ചുവെന്നും അത്തരം തീരുമാനം പഴഞ്ചനും കാടനും എന്നൊക്കെയുള്ള ധ്വനിയോടെയായിരുന്നു.

6 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

അവസാന ഭാഗം ഫെയ്സ് ബുക്കില്‍ ചിലരുടെ സംശയത്തിന് നല്‍കിയ മറുപടി ആയതിനാല്‍ പരസ്പരം ബന്ധം ഇല്ല എന്ന് തോന്നിയേക്കാം...

Abid Ali പറഞ്ഞു...

ഇതിന്റെ തലക്കെട്ട്‌ മുര്സിയുടെ ശരീഅത്തും കൊട്ടുമലയുടെ കൊട്ടും എന്നാക്കാമായിരുന്നു

അജ്ഞാതന്‍ പറഞ്ഞു...

you said it latheef sahib...
thank you...

Unknown പറഞ്ഞു...

തികച്ചും അനവസരത്തിൽ, (സാമുദായികതകൊണ്ടും ജാതീയത കൊണ്ടും ഓരോ കേരളീയന്റെയും മനസ്സിൽ വേലിതീർക്കുന്ന കലുഷപരിസരമാണ് കേരളത്തിലിപ്പോൾ) ഇത്തരമൊരു വൈകാരിക ഇഷ്യൂ, പൊതു സമൂഹത്തിനു മുമ്പിൽ പ്രത്യേകിച്ച് ഇസ്‌ലാം വിരുദ്ധത ഞരമ്പ്‌ ദീനമായി കൊണ്ടുനടക്കുന്നവർക്ക് മുമ്പിൽ ഇട്ടുകൊടുത്ത മുസ്‌ലിം സംഘടനകൾ തന്നെയാണ് ഇവിടെ ഒന്നാം പ്രതി. കേരളത്തിലെ മുസ്‌ലിം സംഘടനകളിൽ ഏതാണ്ട് മുഴുവനും പ്രതിനിധികളെ അയച്ച, അത്യപൂർവ ഐക്യത്തിന്റെ വിളംബരമെന്നോണം ചേർന്ന ഇത്തരമൊരു കൂടിയാലോചനാ യോഗത്തിന് കാര്യമായ മുന്നൊരുക്കമൊന്നുമില്ലാതെയാണ് മിക്ക സംഘടനാ പ്രതിനിധികളും പോയതെന്ന് അതിന്റെ പരിണതി നോക്കിയാലറിയാം. മീറ്റിങ്ങിൽ ചർച്ച ചെയ്ത വിഷയങ്ങൾ ഏതുമാവട്ടെ, സമാവായത്തിലെത്തിയ തീരുമാനങ്ങളെങ്കിലും എല്ലാ സംഘടനാ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ വേണമായിരുന്നു പ്രസ് മീറ്റ്‌ വിളിച്ച് പ്രഖ്യാപിക്കാൻ. പകരം അപ്പണി സുന്നി പ്രതിനിധികൾ ഏറ്റെടുത്തപ്പോൾ (അതൊ ഏൽപ്പിക്കപ്പെട്ടതൊ?)എല്ലാ സംഘടനകളുടെയും ചിലവിൽ അവർക്ക് അവരുടെ വീക്ഷണം പൊതു മുസ്‌ലിം സമൂഹത്തിന്റെതായി അവതരിപ്പിക്കാൻ പറ്റി. ശേഷം എന്ത് സംഭവിച്ചു എന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കയാനല്ലോ. ജമാഅത്ത് ചെയ്തത് പോലെ പിന്നീട് പ്രത്യേക വിശദീകരണ കുറിപ്പിറക്കിയിട്ടു ആര് ശ്രദ്ധിക്കാൻ? അതിന് മുമ്പ്തന്നെ കടിച്ചു കുടയാൻ മാധ്യമങ്ങൾക്ക് എരിവുള്ള വിഭവം കിട്ടികഴിഞ്ഞിരുന്നല്ലോ...!!! ഈ സംഭവത്തിൽ ഇസ്‌ലാമിക പ്രസ്ഥാനത്തിന് അക്ഷന്തവ്യമായ വിഴ്ച സംഭവിച്ചു എന്ന് പറയാതെ വയ്യ.

Noufal പറഞ്ഞു...

മുർസി സര്ക്കാര് പെണ്‍കുട്ടികളുടെ വിവാഹപ്രായം 18-ഇൽ നിന്നും14- ലേക്ക് കുറക്കാൻ ശ്രമം നടത്തിയിരുന്നു.ടൈറ്റിൽ കണ്ടപ്പോൾ അതിനെ കുറിച്ച് കണ്ണടക്കേണ്ട സമയത്ത് ചർച്ച ചെയ്യുന്നതെന്തിന് എന്ന് കരുതി.
http://www.equalitynow.org/take_action/child_marriage_action

VANIYATHAN പറഞ്ഞു...1947 ൽ ഇൻഡ്യ വിഭജിക്കപ്പെട്ടത്‌ മുസ്ലീം ഭരണഘടന (ശരിയത്ത്‌) ഇഷ്ടപ്പെടുന്നവർക്ക്‌ അവരുടേതായ രാഷ്ട്രം വേണം എന്നതിന്റെ പേരിലായിരുന്നല്ലോ. ഇന്‍ഡ്യൻ ഭരണഘടന അനുസരിച്ച്‌ ജീവിയ്ക്കാൻ തയാറായവർ, മറ്റവരെക്കാൾ ക്ഷേമത്തിലും സ്വാതന്ത്ര്യത്തിലും വിധ്യാഭ്യാസത്തിലും മെച്ചമായജീവിതത്തിൽ എത്തിച്ചേരുകയും, മറ്റുമതസ്തരിൽനിന്നും സ്നേഹവും സഹകരണവും ലഭിയ്ക്കയും ഗവൺമന്റിൽനിന്നും ഭൂരിപക്ഷത്തിനുപോലും ലഭിക്കാത്ത അനുകൂല്യങ്ങൾ നേടി ജീവിതത്തിന്റെ ഉന്നത നിലയിൽ എത്തുകയും ചെയ്തുകഴിഞ്ഞപ്പൊൾ , ഇനി തങ്ങൾക്ക്‌ ഇൻഡ്യൻ ഭരണഘടന ബാധകമല്ലെന്നും, ശരിയത്ത്‌ വേണം എന്നും പറഞ്ഞുതുടങ്ങിയാൽ....? ഈപ്പറയുന്നവരുടെയൊന്നും പെണ്മക്കളെ കെട്ടിക്കാനല്ല,നിലാരംബരായി യെത്തീംഖാനയിൽക്കഴിയുന്ന കുരുന്നുകളേ വിറ്റുകാശാക്കാനുള്ള കച്ചവടക്കണ്ണു മാത്രമാണിതെന്ന് ആർക്കാണു് അറിയാൻ കഴിയാത്തത്‌? .. ആ പൂതി അങ്ങുമനസ്സിൽ ഇരിക്കട്ടെ വാപ്പാ. 60കാരൻ അറബിക്ക്‌ കാശുണ്ടന്നുകരുതി ഇൻഡ്യയിലെ എന്റെ സഹോദരികളുടെപ്രായം കുറയ്ക്കുന്ന്തിനോട്‌ ഞാൻ യോജിക്കുന്നില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK