സദ്‌റുദ്ദീന്‍ വാഴക്കാട് ജമാഅത്തെ ഇസ്്‌ലാമി കേരളാ അമീര്‍ ജ. ടി. ആരിഫലി സാഹിബുമായി നടത്തിയ അഭിമുഖം. (പ്രബോധനം വാരിക 2010 ആഗസ്റ്റ് 7)
അറുപത്തിയൊമ്പത് വര്‍ഷത്തെ  പ്രവര്‍ത്തന പാരമ്പര്യമുണ്ട് ജമാഅത്തെ ഇസ്ലാമിക്ക്. പ്രസ്ഥാനത്തിന്റെ  ചരിത്രവും വര്‍ത്തമാനവും പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്ന കാര്യം,  ഇത്രയേറെ വിമര്‍ശിക്കപ്പെട്ട ഇസ്ലാമിക മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്ന  ഒരു സംഘടന ഇന്ത്യയില്‍ വേറെ ഇല്ല എന്നതാണ്. വിമര്‍ശനങ്ങളെ ഇസ്ലാമിക  പ്രസ്ഥാനം എങ്ങനെയാണ് കാണുന്നത്?
രൂപവത്കരണകാലം മുതല്‍ തന്നെ രൂക്ഷമായ വിമര്‍ശനങ്ങള്‍  നേരിട്ടിട്ടുണ്ട് ജമാഅത്തെ ഇസ്ലാമി. വിമര്‍ശനത്തിന്റെ യഥാര്‍ഥ കാരണം  രാഷ്ട്രീയമായിരുന്നു. രാഷ്ട്രീയ രംഗത്തുനിന്ന് വരുന്ന വിമര്‍ശനങ്ങള്‍  മാത്രമല്ല, മതമേഖലയില്‍ നിന്ന് ഉയരുന്ന വിമര്‍ശനങ്ങളും രാഷ്ട്രീയ  താല്‍പര്യങ്ങളില്‍നിന്ന് രൂപം കൊണ്ടവയാണ്. ജമാഅത്തിന്റെ സ്ഥാപക നേതാവ്  സയ്യിദ് മൌദൂദി കര്‍മശാസ്ത്രം (ഫിഖ്ഹ്) പോലുള്ള വിഷയങ്ങളില്‍ സ്വന്തമായ  വീക്ഷണങ്ങള്‍ ഉള്ള പണ്ഡിതനായിരുന്നു. ആ അഭിപ്രായങ്ങള്‍ പൂര്‍വസൂരികളായ  മഹാപണ്ഡിതന്‍മാര്‍ക്കുള്ളതു തന്നെയായിരുന്നു; മൌദൂദി സ്വയം  നിര്‍മിച്ചെടുത്തവയായിരുന്നില്ല. ഇന്ത്യയിലെ തന്നെ പല ഇസ്ലാമിക  പണ്ഡിതന്മാര്‍ക്കും ചില വിഷയങ്ങളില്‍ വിരുദ്ധാഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു.  ജമാഅത്തെ ഇസ്ലാമി രംഗത്ത് വന്നപ്പോള്‍ കോണ്‍ഗ്രസിന്റെയും മുസ്ലിം  ലീഗിന്റെയും തെറ്റായ നയങ്ങളെ എതിര്‍ത്തു. മുസ്ലിം ലീഗിന്റെ സാമുദായിക  രാഷ്ട്ര വാദത്തെ ചോദ്യം  ചെയ്തു. എല്ലാ അര്‍ഥത്തിലും ദേശീയതയില്‍ ലയിച്ചു  ചേര്‍ന്ന്, സ്വന്തം അസ്തിത്വത്തെ ഇല്ലായ്മ ചെയ്യണം എന്ന വാദക്കാരെയും  ജമാഅത്ത് എതിര്‍ത്തു. ഈ സമീപനം, രണ്ട് വിഭാഗങ്ങളെയും പിന്തുണക്കുന്ന  പണ്ഡിതന്മാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അക്കാരണത്താല്‍ പണ്ഡിതന്മാര്‍ അന്ന്  ജമാഅത്തിനെ വിമര്‍ശിച്ചു. രാഷ്ട്രീയ പാര്‍ട്ടികളോടു ചേര്‍ന്ന് നിന്ന  പണ്ഡിതന്മാര്‍ നടത്തുന്ന മതസ്ഥാപനങ്ങള്‍ ജമാഅത്തിനെതിരെ 'ഫത്വ'കള്‍ ഇറക്കി.  മൌലാനാ മൌദൂദിക്ക് വിശ്വാസ കാര്യങ്ങളിലും കര്‍മശാസ്ത്ര വിഷയങ്ങളിലുമുള്ള  അഭിപ്രായങ്ങളായിരുന്നു ഫത്വകള്‍ക്ക് പ്രത്യക്ഷത്തില്‍ കാരണമായി  പറഞ്ഞിരുന്നത്. പക്ഷേ, സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, ഓരോരുത്തരും  പിന്തുടരുന്ന രാഷ്ട്രീയ നിലപാടുകളില്‍നിന്ന് ഭിന്നമായ രാഷ്ട്രീയ നിലപാട്  ജമാഅത്ത് സ്വീകരിച്ചു എന്നതും അത്തരം രാഷ്ട്രീയ പാര്‍ട്ടികളുടെ അടിത്തറ  തന്നെ ജമാഅത്ത് ചോദ്യം ചെയ്തു എന്നതുമാണ് മതസംഘടനകളുടെ വിമര്‍ശനങ്ങള്‍ക്ക്  ഹേതു എന്ന് കാണാം. ഇന്നും കാര്യങ്ങള്‍ അങ്ങനെ തന്നെയാണ്.
ഈ വിമര്‍ശനങ്ങള്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടോ?
വിമര്‍ശനങ്ങള്‍ മുസ്ലിം സമൂഹത്തില്‍ ഫലം ചെയ്തില്ല എന്ന്  പറയാനാവില്ല. ജമാഅത്തെ ഇസ്ലാമിയുടെ സാന്നിധ്യമില്ലാത്ത ഗ്രാമങ്ങളില്‍  പോലും, ജമാഅത്തെ ഇസ്ലാമി കടന്നു ചെല്ലുന്നതിന് എത്രയോ വര്‍ഷങ്ങള്‍ക്കു  മുമ്പുതന്നെ പണ്ഡിതന്മാരും പുരോഹിതന്മാരും പ്രസ്ഥാനത്തെ  തടഞ്ഞുനിര്‍ത്താനുള്ള ഏര്‍പ്പാടുകള്‍ അവിടങ്ങളില്‍ ഉണ്ടാക്കിയിരുന്നു.  പാതിരാ പ്രസംഗങ്ങളിലും, പള്ളികളിലെ ഉല്‍ബോധനങ്ങളിലും മദ്റസകളിലും മറ്റും  ജമാഅത്തിനെതിരെ പ്രചാരണം നടത്തുകയും പ്രസ്ഥാനം മുസ്ലിം സമൂഹത്തില്‍  സ്വാധീനമുറപ്പിക്കുന്നതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.  അതിനാല്‍ മുസ്ലിം സമൂഹത്തിലെ കുറേയാളുകള്‍ക്കെങ്കിലും ജമാഅത്തിനെ  കണ്ണുതുറന്ന് കാണാനും ഉള്ളുതുറന്ന് അറിയാനും അവസരം കിട്ടിയിട്ടില്ല.
         
എന്നിട്ടും ജമാഅത്തെ ഇസ്ലാമി  വളര്‍ച്ചയും സ്വാധീനവും നേടിയതായാണല്ലോ അനുഭവം?
എല്ലാ വിമര്‍ശനങ്ങളെയും പ്രതിരോധ ശ്രമങ്ങളെയും അതിജീവിച്ച്  ജമാഅത്തെ ഇസ്ലാമി ബഹുദൂരം മുന്നോട്ടു പോയിട്ടുണ്ട്. അത് ജമാഅത്ത്  പ്രതിനിധാനം ചെയ്യുന്ന ആദര്‍ശത്തിന്റെ കരുത്തുകൊണ്ടും ജമാഅത്ത്  പ്രവര്‍ത്തകരുടെ ക്ഷമാപൂര്‍ണമായ അത്യധ്വാനം കൊണ്ടുമാണ്. കാലാതീതമായി  നിലനില്‍ക്കുന്ന, ഉള്‍ക്കനമുള്ള ആദര്‍ശവും അതിന്റെ വിജയത്തിന് വേണ്ടി  സര്‍വം ത്യജിച്ച് കഠിനാധ്വാനം ചെയ്യുന്ന പ്രവര്‍ത്തകരുമുള്ള ഇസ്ലാമിക  പ്രസ്ഥാനം, സ്ഥാപിത താല്‍പര്യക്കാരുടെ വിമര്‍ശനങ്ങള്‍ക്കും  എതിര്‍പ്പുകള്‍ക്കും മുമ്പില്‍ തോറ്റു പോവുകയില്ല. ഇസ്ലാമിന്റെ തന്നെ  ചരിത്രവും വര്‍ത്തമാനവും ഇതിന്റെ തെളിവാണ്. സര്‍വോപരി അല്ലാഹുവിന്റെ  സഹായമാണ് ജമാഅത്തിനെ മുന്നോട്ട് നയിക്കുന്നത്.
         
മുസ്ലിം സംഘടനകളുടെ ഭാഗത്തുനിന്ന് ജമാഅത്തെ ഇസ്ലാമിക്ക് നേരെ ഇപ്പോഴും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടല്ലോ?
ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, മതസംഘടനകളുടെ ഭാഗത്തുനിന്ന്  ജമാഅത്തെ ഇസ്ലാമിക്ക് നേരെ ഇന്നും വിലകുറഞ്ഞ വിമര്‍ശനങ്ങള്‍  ഉന്നയിക്കപ്പെടുന്നുണ്ട്. അതിനുവേണ്ടി നിരവധി പേജുകളും സ്റേജുകളും അവര്‍  ദുര്‍വ്യയം ചെയ്യുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍  ലോകത്ത് ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുകയും  അവയുടെ പ്രവര്‍ത്തന ഫലമായി ലോകത്ത് ഇസ്ലാം വലിയ അളവില്‍ ചര്‍ച്ചയാവുകയും  പഠിക്കപ്പെടുകയും ചെയ്യുമ്പോഴും ആ ഇസ്ലാമിക മുന്നേറ്റത്തില്‍  ഭാഗഭാക്കാകാന്‍ ശ്രമിക്കാതെ ഇസ്ലാമിക നവജാഗരണത്തിന്റെ മുന്നില്‍ നിന്ന  പ്രസ്ഥാനത്തെ എതിര്‍ക്കുകയെന്നതാണ് ചില മതസംഘടനകളുടെയെങ്കിലും മുഖ്യ അജണ്ട.  എത്രമാത്രം തരംതാണതും സ്വന്തം വിലകുറക്കുന്നതുമാണ് ഇത്തരം വിമര്‍ശനങ്ങള്‍  എന്ന് മതസംഘടനകളിലെ വിവേകമതികള്‍ ചിന്തിക്കണം.
മതസംഘടനകളുടെ ഭാഗത്തുനിന്ന് ഇപ്പോള്‍ ജമാഅത്തിനെതിരെ ഉയരുന്ന  പ്രധാന വിമര്‍ശനങ്ങളിലൊന്ന് മതത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന  രാഷ്ട്രീയ പ്രസ്ഥാനമാണ് ജമാഅത്ത് എന്നതാണ്. ഇസ്ലാമിന്റെ പ്രകൃതവും  പ്രവാചകന്മാരുടെ ചര്യയും എന്താണെന്ന് പ്രാമാണികമായും ചരിത്രപരമായും  പഠിക്കുന്ന ഒരാള്‍ക്കും ജമാഅത്തെ ഇസ്ലാമി മതത്തിന്റെ അടിസ്ഥാനത്തില്‍  പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണെന്നോ മതത്തിന് പുറത്തുള്ള  കാര്യങ്ങള്‍ ഏറ്റെടുക്കുന്ന സംഘടനയാണെന്നോ പറയാന്‍ കഴിയില്ല.
ഇസ്ലാമില്‍നിന്ന് ജമാഅത്ത് വ്യതിചലിച്ചു പോയതുകൊണ്ട് മതത്തിന്റെ  അടിസ്ഥാനത്തില്‍ നടത്തുന്ന വിമര്‍ശനമാണ് മതസംഘടനകളുടേതെന്ന് പ്രസ്ഥാനം  കരുതുന്നില്ല. ആദ്യകാലത്ത് മതസംഘടനകള്‍ ജമാഅത്തിനെ വിമര്‍ശിച്ചത് രാഷ്ട്രീയ  കാരണങ്ങളാലായിരുന്നു. ഇന്നും മതസംഘടനകള്‍ ജമാഅത്തിനെ വിമര്‍ശിക്കുന്നത്  രാഷ്ട്രീയ കാരണങ്ങളാലാണ്. മതപരമായ കാരണങ്ങളാലല്ല.
ഇന്ന് ജമാഅത്തിനെ വിമര്‍ശിക്കുന്ന മതസംഘടനകളും പണ്ഡിതന്മാരും  ഏതെങ്കിലും സെക്യുലര്‍ രാഷ്ട്രീയ പാര്‍ട്ടിക്കോ മുസ്ലിം സാമുദായിക  പാര്‍ട്ടിയായ മുസ്ലിംലീഗിനോ പിന്തുണ നല്‍കുന്നവരാണ്. മതസംഘടനകളുടെ  പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും അത്തരം രാഷ്ട്രീയ പാര്‍ട്ടികളില്‍  പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ സ്വീകരിക്കുന്നതില്‍നിന്ന് ഭിന്നമായ ഒരു  രാഷ്ട്രീയ സമീപനം ജമാഅത്ത് സ്വീകരിക്കുന്നതുകൊണ്ടാണ് അവര്‍ ജമാഅത്തിനെ  വിമര്‍ശിക്കുന്നത്. അതായത്, മതസംഘടനകളുടെ എതിര്‍പ്പിന്റെ മൌലികമായ കാരണം  രാഷ്ട്രീയമാണ്, രാഷ്ട്രീയ പ്രേരിതമാണ്. ജമാഅത്ത് എപ്പോള്‍ ഇവര്‍ക്കനുകൂലമായ  രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നുവോ അതോടെ, വിമര്‍ശനങ്ങളിലേറെയും  ഇല്ലാതാകും.
         
ജമാഅത്തിനെ  വിമര്‍ശിക്കാന്‍ ഒരു അപ്രഖ്യാപിത അവിശുദ്ധ മുന്നണി കേരളത്തില്‍  രൂപപ്പെട്ടതായാണ് സൂചനകള്‍. ഖാദിയാനികളും മുജാഹിദുകളിലെ ഒരു ഗ്രൂപ്പും  മുസ്ലിം ലീഗിലെ ചില നേതാക്കളും ഇസ്ലാം വിരോധികളായ ചില കപട മതേതരവാദികളുമാണ്  അതിന്റെ പിന്നില്‍. ഇതിനെ എങ്ങനെ കാണുന്നു?
പല കാരണങ്ങളാല്‍ ജമാഅത്തിനോടുള്ള വിദ്വേഷവും വെറുപ്പും മനസില്‍  കൊണ്ടുനടക്കുന്ന വ്യക്തികളുടെ ഒരു കൂട്ടായ്മ ഇപ്പോള്‍ രൂപപ്പെട്ടിട്ടുണ്ട്  എന്ന് തോന്നുന്നു. അവരെ പഠിച്ചാല്‍ മനസിലാകുന്നത്, ആദര്‍ശപരമായ  വിഷയങ്ങളല്ല, വ്യക്തിതാല്‍പര്യങ്ങളാണ് അവരെയും വിമര്‍ശകരായി  മാറ്റിയിട്ടുള്ളത് എന്നാണ്.
ജമാഅത്തിന്റെ വളര്‍ച്ചയില്‍ അസ്ക്യതയുള്ള ചില വ്യക്തികളാണ്  അതിലൊരു വിഭാഗം. ജമാഅത്തിന് നല്ല സ്വാധീനമുള്ള ചില പ്രദേശങ്ങളിലെ  പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ അസൂയയുള്ള ചില വ്യക്തികളാണ് ഇതില്‍ പ്രധാന  പങ്കുവഹിക്കുന്നത്. ഇസ്ലാമിനോടു തന്നെ എതിര്‍പ്പുള്ള അവരുടെ ജീവിത ദൌത്യം  തന്നെ ജമാഅത്തെ ഇസ്ലാമി പൊതുസമൂഹത്തിലേക്ക് കടന്നുവരുന്നത് തടയുക  എന്നതായിരുന്നു. അവരെന്തിനെക്കുറിച്ചാണ് ചിന്തിച്ചത്, എന്തിന് വേണ്ടിയാണ്  എഴുതുകയും പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തത് എന്ന് ചോദിച്ചാല്‍  ഒരു മറുപടിയേയുള്ളൂ; ജമാഅത്തെ ഇസ്ലാമിയുടെ വളര്‍ച്ചയും വികാസവും തടയാന്‍.  ജമാഅത്തെ ഇസ്ലാമി ജനങ്ങളെ സമീപിക്കുകയും സ്വാധീനം നേടുകയും ഏതു  മതക്കാരനെയും മതസൌഹാര്‍ദത്തില്‍ വിശ്വസിക്കുന്നവനെയും ആകര്‍ഷിക്കുകയും  ചെയ്തത്, ജമാഅത്ത് വിമര്‍ശം ജീവിത സമരമാക്കിയ ചിലരുടെ ഉറക്കം  കെടുത്തുകയാണുണ്ടായത്. മാധ്യമവും സോളിഡാരിറ്റിയും വനിതാ സമ്മേളനവുമൊക്കെ ഈ  രംഗത്തുള്ള വലിയ കുതിച്ചുചാട്ടങ്ങളാണ്.
ഇനിയൊരു വിഭാഗം മുസ്ലിം സംഘടനകളാണ്. ജമാഅത്തെ ഇസ്ലാമിയുടെ  വളര്‍ച്ചയില്‍ മുസ്ലിം സംഘടനകള്‍ വളരെ അസ്വസ്ഥരാണ്. പ്രസ്ഥാനത്തിന്റെ  രൂപവത്കരണഘട്ടം മുതല്‍ വളരെ വലിയ പ്രതിരോധങ്ങള്‍ തീര്‍ത്തിട്ടും ജമാഅത്ത്  ഇവ്വിധം വീണ്ടും വീണ്ടും വളരുന്നത് അവര്‍ക്ക് വലിയൊരു പ്രശ്നമാണ്. പൊതു  സമൂഹത്തില്‍ ജമാഅത്തിന്റെ വളര്‍ച്ച തടയാനുള്ള പല വഴികളും അവര്‍ പയറ്റി  നോക്കുന്നുണ്ട്. ബഹുസ്വര സദസില്‍, പഴയ പ്രസിദ്ധീകരണങ്ങളില്‍നിന്ന് വാലും  തലയും മുറിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ഉദ്ധരണികള്‍ അവതരിപ്പിക്കുക,  പുസ്തകങ്ങളും ലഘുലേഖകളും സീഡികളും ഇ-മെയില്‍ സന്ദേശങ്ങളും പ്രചരിപ്പിക്കുക  തുടങ്ങി ജുമുഅ ഖുതുബകള്‍ വരെയുള്ള വഴികള്‍ അവര്‍ അതിന് അവലംബിക്കുന്നു.  മതസംഘടനകള്‍ ചില വ്യക്തികളെയും ടീമുകളെയും അതിനുവേണ്ടി  ഉഴിഞ്ഞിട്ടിരിക്കുകയാണ്. ഇങ്ങനെയൊക്കെയായിട്ടും ജമാഅത്ത് അതിന്റെ ചുവടുകള്‍  വിജയകരമായി മുന്നോട്ടു വെച്ചുകൊണ്ടിരിക്കുന്നത് മതസംഘടനകളെ  പ്രയാസപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ജമാഅത്തെ ഇസ്ലാമിയോട്  മതസംഘടനകള്‍ക്കുള്ള വിയോജിപ്പ് ആദര്‍ശപരമാണ് എന്ന് പറയാന്‍ കഴിയില്ല. കാരണം  ജമാഅത്തിന്റെയും അവരുടെയും ആദര്‍ശം ഇസ്ലാമാണ്. ജമാഅത്തിന്റെ  വളര്‍ച്ചയിലുള്ള അസ്വസ്ഥതയാണ് അവരുടെ എതിര്‍പ്പിന് പ്രേരകം.
മുസ്ലിം ലീഗിലെ ചില വ്യക്തികളുടെ ജമാഅത്ത് വിമര്‍ശനവും വ്യക്തി  താല്‍പര്യത്തില്‍ അധിഷ്ഠിതമാണ്. ആശയപരമായ മാനം പോയിട്ട്, ലീഗിന്റെ  സംഘടനാപരമായ താല്‍പര്യം പോലും അവക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്. അത്തരം  ഒറ്റപ്പെട്ട ലീഗ് നേതാക്കള്‍ ജമാഅത്തിനെതിരെ നടത്തുന്ന വിമര്‍ശനങ്ങളുടെ  ശൈലി മുസ്ലിം ലീഗിനും മതസംഘടനകള്‍ക്കും മോശം ഫലങ്ങളാണ് നല്‍കുക എന്ന കാര്യം  അവര്‍ തിരിച്ചറിയുന്നത് നന്ന്.
ലീഗിലെ ഇത്തരം നേതാക്കളുടെ, പലനിലക്കും വലിയ സാധ്യതകളുള്ള ചില  സ്വപ്ന പദ്ധതികള്‍ വഴിയിലുപേക്ഷിക്കേണ്ടിവന്നത് ജമാഅത്തും അതിന്റെ പോഷക  സംഘടനകളും പ്രസിദ്ധീകരണങ്ങളും സ്വീകരിച്ച തത്ത്വാധിഷ്ഠിത നിലപാടുകള്‍  കാരണമാണ്. ഇത് അവരില്‍ പ്രസ്ഥാനത്തോട് പക വളരാന്‍ കാരണമായിട്ടുണ്ട്. മറ്റു  ചിലര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍, തികച്ചും ന്യായമായ  നയസമീപനങ്ങള്‍ കാരണം ജമാഅത്തിന് അവര്‍ക്കെതിരെ നിലപാടെടുക്കേണ്ടിവന്നു.  തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പ് പരാജയമാകാം അവരുടെ വിമര്‍ശനത്തിന് കാരണം.
എന്നാല്‍ ജമാഅത്തിനെ വിമര്‍ശിക്കുന്ന കാര്യത്തില്‍ ചില  മതസംഘടനകളും മുസ്ലം ലീഗിലെ ചിലരും ഒറ്റപ്പെട്ട വ്യക്തികളുമെല്ലാം കൂട്ടു  ചേരുന്നത് ഖാദിയാനികളുമായാണ് എന്നത് ദൌര്‍ഭാഗ്യകരമാണ്. ഖാദിയാനികള്‍ക്ക്  ജമാഅത്തെ ഇസ്ലാമിയോടുള്ള പക നമുക്ക് മനസിലാക്കാന്‍ കഴിയും. ഇസ്ലാമിന്റെ  നവജാഗരണത്തെ തടയാനും ഇസ്ലാമിന്റെ സാമൂഹിക വീക്ഷണങ്ങള്‍ ഇല്ലാതാക്കാനുമായി  പാശ്ചാത്യ സാമ്രാജ്യത്വ ശക്തികള്‍ രൂപം കൊടുത്തതാണ് ഖാദിയാനിസം. സാധാരണ  അല്ലാഹുവാണ് പ്രവാചകന്മാരെ നിയോഗിക്കാറുള്ളത്. പക്ഷേ, മിര്‍സാഗുലാം അഹ്മദ്  ഖാദിയാനിയെ പ്രവാചകനായി നിശ്ചയിച്ചത് ബ്രിട്ടീഷുകാരാണ്. ഇസ്ലാമിലെ ജിഹാദ്  എന്ന ആശയത്തെ ഇല്ലായ്മ ചെയ്യണം എന്നാണവര്‍ പ്രധാനമായും ഉദ്ദേശിച്ചത്.  ഇസ്ലാമിലെ സമഗ്രസ്വഭാവമുള്ള ഖിലാഫത്തിനെ മിനിമൈസ് ചെയ്തുകൊണ്ട് ആത്മീയ  ഖിലാഫത്താക്കി മാറ്റുക എന്ന ദൌത്യം നിര്‍വഹിക്കാനാണ് മുസ്ലിം  സമൂഹത്തിലേക്ക് ബ്രിട്ടീഷുകാര്‍ ഖാദിയാനിസത്തെ പടച്ചുവിട്ടത്.
മുഹമ്മദ് നബിക്ക് ശേഷം മറ്റൊരു പ്രവാചകന്‍ ലോകത്ത്  നിയോഗിക്കപ്പെടുകയില്ല എന്ന സത്യം ഖുര്‍ആന്റെയും ഹദീസിന്റെയും  പിന്‍ബലത്തോടെ ശക്തിയുക്തം അവതരിപ്പിച്ചത് സയ്യിദ് അബുല്‍ അഅ്ലാ  മൌദൂദിയാണ്. അദ്ദേഹത്തെ പോലെ, 'അന്ത്യപ്രവാചകത്വം' എന്ന വിഷയം, ഖാദിയാനീ  വാദങ്ങളുടെ മുനയൊടിക്കും വിധം യുക്തിഭദ്രമായി അവതരിപ്പിച്ച മറ്റൊരു  പണ്ഡിതനും ഇല്ലെന്നതാണ് യാഥാര്‍ഥ്യം. പാശ്ചാത്യര്‍ എങ്ങനെയൊക്കെ  ശ്രമിച്ചിട്ടും ഖാദിയാനിസം വളരാതിരുന്നതിന്റെ കാരണം, സയ്യിദ് മൌദൂദി  അതിനെതിരെ പ്രതിരോധ നിര പടുത്തുയര്‍ത്തിയത് കൊണ്ട് തന്നെയാണ്. മുസ്ലിം ലോകം  ഈ വിഷയത്തില്‍ മൌലാനാ മൌദൂദിയുടെ വീക്ഷണങ്ങളും പോരാട്ടങ്ങളും  അംഗീകരിക്കുകയാണ് ചെയ്തത്. ഇക്കാരണത്താല്‍ ഖാദിയാനികള്‍ക്ക് മൌലാനാ  മൌദൂദിയോടും ജമാഅത്തെ ഇസ്ലാമിയോടും കടുത്ത പകയുണ്ട്.
         
പാശ്ചാത്യരുടെയും ഖാദിയാനികളുടെയും ഇസ്ലാം വിരുദ്ധ ഗൂഢാലോചനകളില്‍ നമ്മുടെ മതസംഘടനകള്‍ അറിയാതെ പെട്ടുപോവുകയാണോ?
ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കാന്‍ വേണ്ടി മതവിരുദ്ധരായ  അള്‍ട്രാ സെക്യുലറിസ്റുകളുമായും ബി.ജെ.പി ഉള്‍പ്പെടുന്ന വര്‍ഗീയ ഫാഷിസ്റ്  സംഘടനകളുമായും കൂട്ടുചേരാന്‍ മടിക്കാത്ത മതസംഘടനകള്‍ അതേ ആവശ്യത്തിന്  വേണ്ടി ഇസ്ലാമിക പ്രമാണങ്ങളെ നിരാകരിച്ച ഖാദിയാനികളുമായി അടുപ്പം  പുലര്‍ത്തുന്നതില്‍ അത്ഭുതപ്പെടാനില്ല. മൌലാനാ മൌദൂദിക്കും  ജമാഅത്തിനുമെതിരെ മതസംഘടനകളും ചില മുസ്ലിം നേതാക്കളും ഇപ്പോള്‍  ഉന്നയിക്കുന്ന ആരോപണങ്ങളില്‍ പലതും നേരത്തെ ഖാദിയാനികള്‍ ജമാഅത്തിനെതിരെ  ഉന്നയിച്ചിട്ടുള്ളതാണ്. അവ മതസംഘടനകള്‍ ഏറ്റെടുക്കുന്നതോടെ ഖാദിയാനികളുടെ  അജണ്ട നടപ്പിലാവുകയാണ്. മാത്രമല്ല, അവയില്‍ ചില വിമര്‍ശനങ്ങള്‍ ഇസ്ലാമിന്റെ  മൌലിക പ്രധാനമായ അധ്യാപനങ്ങളെയാണ് ഉന്നം വെക്കുന്നത്. ഖാദിയാനികളുടെയും  അവരെ പ്രമോട്ട് ചെയ്ത പാശ്ചാത്യ ശക്തികളുടെയും അജണ്ടകള്‍  ഏറ്റെടുക്കേണ്ടവരാണോ തങ്ങളെന്ന് മതസംഘടനകളും മുസ്ലിംലീഗ് നേതാക്കളും  ചിന്തിക്കണം.
         
സി.പി.എമ്മിന്റെ  ഭാഗത്തുനിന്നും ഈയിടെ വിമര്‍ശനങ്ങള്‍ വരുന്നു. കഴിഞ്ഞ നിയമസഭ-ലോക്സഭ  തെരഞ്ഞെടുപ്പുകളില്‍ ജമാഅത്ത് ഇടതുപക്ഷത്തെ പിന്തുണച്ചതും മറ്റു  രംഗങ്ങളില്‍ സഹകരിച്ചതും തെറ്റായിപ്പോയി എന്ന് തോന്നുന്നുണ്ടോ?
നമ്മുടെ രാജ്യത്തിന്റെ വര്‍ത്തമാനത്തെയും ഭാവിയെയും സംബന്ധിച്ച്  വ്യക്തമായ കാഴ്ചപ്പാടും ലക്ഷ്യവുമുള്ള പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. അത്  ജനങ്ങളുടെ നന്മയിലും ക്ഷേമത്തിലും രാജ്യത്തിന്റെ അഭിവൃദ്ധിയിലും ഊന്നിയാണ്  പ്രവര്‍ത്തിക്കുന്നത്. ഒരു ജനാധിപത്യ രാജ്യത്തില്‍ തെരഞ്ഞെടുപ്പ്  രാഷ്ട്രീയത്തില്‍ വിവിധ പാര്‍ട്ടികളും മുന്നണികളും മത്സരരംഗത്തുണ്ടാകും.  അവയില്‍ ഏതെങ്കിലും ഒരു മുന്നണിക്ക് മുന്‍ഗണന കല്‍പിക്കേണ്ടി വരികയോ  ഏതെങ്കിലുമൊരു പാര്‍ട്ടിക്ക് പിന്തുണ നല്‍കേണ്ടി വരികയോ ചെയ്യുന്ന  സന്ദര്‍ഭത്തില്‍, ജമാഅത്തെ ഇസ്ലാമിയോട് അവര്‍ എന്ത് സമീപനം സ്വീകരിച്ചു  എന്നതോ എങ്ങനെ പെരുമാറി എന്നതോ അല്ല പിന്തുണ നല്‍കുന്നതിന്റെ മാനദണ്ഡമായി  സ്വീകരിക്കാറുള്ളത്. താരതമ്യേന ആര് വിജയിച്ചാലാണ് രാജ്യത്തിന് ഗുണകരമാവുക,  ജനങ്ങള്‍ക്ക് ഉപകാര പ്രദമാവുക എന്നതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പു  രാഷ്ട്രീയത്തില്‍ ജമാഅത്ത് നയ രൂപവത്കരണം നടത്തുകയും പിന്തുണ  പ്രഖ്യാപിക്കുകയും ചെയ്യാറുള്ളത്. ജമാഅത്തിന്റെ സംഘടനാ  താല്‍പര്യങ്ങള്‍ക്കല്ല രാജ്യനിവാസികളുടെ വിശാലമായ പൊതുതാല്‍പര്യത്തിനാണ്  ജമാഅത്ത് ഊന്നല്‍ നല്‍കുന്നത് എന്നര്‍ഥം.
സംഘ്പരിവാറാണോ, കോണ്‍ഗ്രസ് മുന്നണിയാണോ രാജ്യം ഭരിക്കേണ്ടത് എന്ന  ചോദ്യം വരുമ്പോള്‍ രാജ്യത്തിന്റെ മതേതര താല്‍പര്യമനുസരിച്ച് കോണ്‍ഗ്രസിനെ  പിന്തുണക്കുകയാണ് ജമാഅത്ത് ചെയ്യുന്നത്. കോണ്‍ഗ്രസ് ജമാഅത്തിനോട് എന്ത്  സമീപനം സ്വീകരിച്ചു എന്നതല്ല, രാജ്യത്തിന്റെ മതനിരപേക്ഷതക്ക് താരതമ്യേന  മെച്ചം ആര് ഭരിക്കുന്നതാണ് എന്നതാണ് ജമാഅത്ത് ചിന്തിക്കാറുള്ളത്. കഴിഞ്ഞ  ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്ത് നയം പ്രഖ്യാപിച്ച 410 മണ്ഡലങ്ങളില്‍  230ലേറെ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ  മുന്നണിയെയാണ് ജമാഅത്ത് പിന്തുണച്ചത്. കോണ്‍ഗ്രസ് ജമാഅത്തിനോട് എങ്ങനെ  പെരുമാറി എന്നതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നയം  രൂപവത്കരിച്ചിരുന്നതെങ്കില്‍ ജമാഅത്തിന് കോണ്‍ഗ്രസ് മുന്നണിയെ ഇവ്വിധം  പിന്തുണക്കാന്‍ സാധിക്കുമായിരുന്നോ? ജമാഅത്തിനെ തികച്ചും അന്യായമായി രണ്ടു  തവണ നിരോധിച്ചത് കോണ്‍ഗ്രസ് ഗവണ്‍മെന്റാണല്ലോ. കോണ്‍ഗ്രസില്‍നിന്ന് ഇത്ര  വലിയ ദുരനുഭവമുണ്ടായിട്ടും അവരെ പിന്തുണക്കാന്‍ ജമാഅത്തിന് സാധിച്ചത്,  പ്രസ്ഥാനത്തിന്റെ തത്ത്വാധിഷ്ഠിത നിലപാട് കാരണമാണ്. സി.പി.എമ്മിനുള്ള  പിന്തുണയുടെ വിഷയവും ഇതുതന്നെയാണ്.
ഇടതുപക്ഷവുമായി മുസ്ലിം സമൂഹവും ഇസ്ലാമിക പ്രസ്ഥാനങ്ങളും  സഹകരിക്കുന്നതിന് ലോകാടിസ്ഥാനത്തില്‍ തന്നെ വേരുകളുണ്ട്. ആഗോള  സാമ്രാജ്യത്വം അതിന്റെ എല്ലാ ഭീകരതകളോടും കൂടി രംഗം വാഴാന്‍ ശ്രമിക്കുന്ന ഈ  ഘട്ടത്തില്‍ അതിനെതിരില്‍ എല്ലാ വിഭാഗങ്ങളുടെയും വിശാലമായ ഐക്യം  അനിവാര്യമാണ്. അതുകൊണ്ടാണ് ലോകത്ത് പല രാജ്യങ്ങളിലും ഇടതുപക്ഷവും ഇസ്ലാമിക  പ്രസ്ഥാനങ്ങളും ചേര്‍ന്നുകൊണ്ടുള്ള സാമ്രാജ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍  നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലും അത്തരം പരസ്പര സഹകരണത്തിന്റെ  അന്തരീക്ഷം ഉണ്ടാകണം എന്ന് ജമാഅത്തെ ഇസ്ലാമി ആഗ്രഹിച്ചിരുന്നതാണ്. കഴിഞ്ഞ  തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങള്‍ ഇതിന്  അനുകൂലവുമായിരുന്നു. സാമ്രാജ്യത്വ വിരുദ്ധതയും വര്‍ഗീയ ഫാഷിസത്തോടുള്ള  എതിര്‍പ്പുമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം  ഉയര്‍ത്തിപ്പിടിച്ച പ്രധാന മുദ്രാവാക്യങ്ങള്‍. സാമ്രാജ്യത്വത്തിന്റെ  സാമ്പത്തികവും സൈനികവും മറ്റുമായ അധിനിവേശങ്ങളെ ചെറുക്കണമെന്നും യാതൊരു  കാരണവശാലും സംഘ്പരിവാര്‍ ശക്തികളെ അധികാരത്തില്‍ വരാന്‍ സമ്മതിക്കരുതെന്നും  സി.പി.എം ഊന്നി പറഞ്ഞിരുന്നു. സി.പി.എമ്മിന്റെ ആദര്‍ശവുമായി ഏറ്റവും  അടുത്ത് നില്‍ക്കുന്ന നയവും ഇതുതന്നെയാണ്. സാമ്രാജ്യത്വ-ഫാഷിസ്റ് വിരുദ്ധ  മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക് ഏറ്റവുമധികം പിന്തുണക്കാന്‍  കഴിയുന്നതും ഈ നയസമീപനത്തെ തന്നെയാണ്. അതുതന്നെയായിരുന്നു ജമാഅത്തിന്റെ  പിന്തുണയുടെയും കാരണം. ഇത് അതത് സന്ദര്‍ഭങ്ങളില്‍ തന്നെ ജമാഅത്ത്  വിശദീകരിച്ചിട്ടുള്ളതാണ്.
         
രാജ്യം  പ്രതീക്ഷയര്‍പ്പിച്ച ആശാവഹമായ ഇത്തരമൊരു നയസമീപനത്തില്‍നിന്ന് സി.പി.എം  പുറകോട്ടു പോവുകയാണോ ചെയ്തത്? കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജമാഅത്ത് നിലപാടിനെ  പ്രശംസിച്ച പാര്‍ട്ടി ഇപ്പോള്‍ പ്രസ്ഥാനത്തിനെതിരെ രംഗത്തുവരാന്‍ കാരണം  എന്താണ്?
വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും  നിയമസഭാ തെരഞ്ഞെടുപ്പിലും 'സാമ്രാജ്യത്വവിരുദ്ധതയും ഫാഷിസ്റു വിരുദ്ധതയും'  ഉയര്‍ത്തിപ്പിടിച്ച് കേരളത്തില്‍ വോട്ടുപിടിക്കാന്‍ കഴിയില്ല എന്ന്  സി.പി.എം മനസിലാക്കിയിരിക്കുന്നു. സി.പി.എമ്മിന്റെ ആദര്‍ശത്തോട് ഏറ്റവും  യോജിച്ചതും അണികള്‍ക്ക് എളുപ്പം മനസിലാകുന്നതുമാണ് സാമ്രാജ്യത്വ  -ഫാഷിസ്റുവിരുദ്ധ നയം. അതുതന്നെയാണ് സി.പി.എം സ്വീകരിക്കേണ്ട നയം എന്നു  പൊതുജനങ്ങള്‍ക്കും ബോധ്യമുണ്ട്. എന്നാല്‍ ആ അജണ്ടകള്‍ കൊണ്ടുമാത്രം  കേരളത്തില്‍ വോട്ടു നേടാന്‍ കഴിയില്ല എന്ന് സി.പി.എം മനസിലാക്കുന്നു. അതിന്  ന്യായമായ കാരണങ്ങളുമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവരെ  ഏറ്റവുമധികം പിന്തുണച്ചത് മതവിഭാഗങ്ങള്‍ എന്ന നിലക്ക് മുസ്ലിം-ക്രൈസ്തവ  സമുദായങ്ങളാണ്. നാലുവര്‍ഷത്തെ ഇടതുഭരണത്തിന്റെ ഫലമായി മുസ്ലിംകളും  ക്രൈസ്തവരും ഇടതുപക്ഷവുമായി വളരെയധികം അകന്നു കഴിഞ്ഞിരിക്കുന്നു. ഇനി  ഇരുവിഭാഗങ്ങള്‍ക്കും അനുകൂലമായ നയം സ്വീകരിച്ച് വോട്ട് തിരിച്ച്  പിടിക്കാന്‍ സമയവുമില്ല. മാത്രമല്ല, ഈ രണ്ടു വിഭാഗങ്ങളും  ന്യൂനപക്ഷങ്ങളുമാണ്. അതുകൊണ്ട് സി.പി.എം മറ്റൊരു സാധ്യതയാണ് അടുത്ത  തെരഞ്ഞെടുപ്പില്‍ മുന്നില്‍ കാണുന്നത് എന്നാണ് മനസിലാകുന്നത്. അത് മൃദു  ഹിന്ദുത്വമാണ്.
മാധ്യമങ്ങളുടെയും പോലീസിലെ വര്‍ഗീയ ചിന്താഗതിയുള്ള ചിലരുടെയും  ആസൂത്രിത പ്രവര്‍ത്തന ഫലമായി മുസ്ലിം വിരുദ്ധതയും ദലിത് വിരുദ്ധതയും കേരളീയ  ജനതയുടെ ഒരു പൊതുബോധമായി മാറിയിരിക്കുന്നു. മുസ്ലിം വിരുദ്ധത എന്നത്,  വ്യക്തികളില്‍ പരിമിതമാകുന്നതിന് പകരം ഒരു സവര്‍ണ പൊതുബോധമായി മാറുന്നു  എന്നതാണ് വസ്തുത. ഈ പൊതുബോധം ബി.ജെ.പിയെ അംഗീകരിക്കുന്ന തലത്തിലേക്ക്  പെട്ടെന്ന് പോകില്ല. കാരണം ബി.ജെ.പിക്കെതിരായും അങ്ങനെ ഒരു പൊതുബോധം  കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഈ രണ്ടു സാധ്യതകളെയും മുന്നില്‍  കണ്ടുകൊണ്ടാണ് സി.പി.എം മൃദു ഹിന്ദുത്വ-മുസ്ലിം വിരുദ്ധ കാര്‍ഡ്  കളിക്കുന്നത്.
മുസ്ലിം വിരുദ്ധതയെ എങ്ങനെ വോട്ടാക്കി മാറ്റാം എന്നാണ് സി.പി.എം  ചിന്തിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ സാമ്രാജ്യത്വ ഫാഷിസ്റു  വിരുദ്ധതയെന്ന പ്രധാന വിഷയത്തെ മിനിമൈസ് ചെയ്യുകയും മുസ്ലിം വിരുദ്ധതയുടെ  സാധ്യതകളെ മാക്സിമൈസ് ചെയ്യുകയും ആ പൊതുബോധത്തെ വോട്ടാക്കി മാറ്റുകയും  ചെയ്യുക എന്നതാണ് സി.പി.എമ്മിന്റെ അജണ്ട. ഈ നയത്തില്‍നിന്നുകൊണ്ടാണ്  ജമാഅത്തിന് എതിരായ ഇപ്പോഴത്തെ അവരുടെ വിമര്‍ശനം രൂപംകൊള്ളുന്നത്.
1980കളില്‍ ഇതേ പോലുള്ള നയ സമീപനം കേരളത്തില്‍ സി.പി.എം  സ്വീകരിച്ചിരുന്നു. അന്ന് ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നു കേരളത്തില്‍  പാര്‍ട്ടിയുടെ ബുദ്ധികേന്ദ്രം. അന്ന് മൃദു ഹിന്ദുത്വ സമീപനത്തിലേക്ക്  മാറുമ്പോള്‍ ഇ.എം.എസ് പറഞ്ഞത്, 'ഭൂരിപക്ഷ വര്‍ഗീയതപോലെ ആപല്‍ക്കരമാണ്  ന്യൂനപക്ഷ വര്‍ഗീയത' എന്നായിരുന്നു. രണ്ടു പതിറ്റാണ്ടിന് ശേഷം ആ  അജണ്ടയിലേക്ക് സി.പി.എം തിരിച്ചു പോകുമ്പോള്‍ മുഖ്യമന്ത്രി സഖാവ്  അച്യുതാനന്ദന്‍ ആദ്യം പറഞ്ഞത് 'മുസ്ലിംകളിലും ക്രൈസ്തവരിലും  വര്‍ഗീയതയുണ്ട്' എന്നാണ്. ഭൂരിപക്ഷ വര്‍ഗീയതയെ അദ്ദേഹം വിട്ടുകളയുകയാണ്  ചെയ്തത്. ദല്‍ഹിയില്‍വെച്ച് ഈയിടെ നടത്തിയ പ്രസ്താവനയില്‍ മുഖ്യമന്ത്രി,  ക്രൈസ്തവ സമൂഹത്തിലെ വര്‍ഗീയതയെ വിട്ടുകളഞ്ഞിരിക്കുന്നു. മുസ്ലിം  വര്‍ഗീയതയെ മാത്രം ഉന്നംവെച്ച സഖാവ് അച്യുതാനന്ദന്‍ കേരളത്തെ മുസ്ലിം  ഭൂരിപക്ഷ സംസ്ഥാനമാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ദല്‍ഹിയില്‍ പറഞ്ഞത്.
പോപ്പുലര്‍ ഫ്രണ്ടിനെ ലക്ഷ്യംവെച്ചാണ്,  'കേരളത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാനും മതപരിവര്‍ത്തനം നടത്താനും  ശ്രമം നടക്കുന്നു' എന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്നാണല്ലോ ഇതുസംബന്ധിച്ച്  അവരുടെ വിശദീകരണം?
കേരളത്തില്‍ മുസ്ലിം സമൂഹത്തിനകത്ത് തീവ്രവാദ ചിന്താഗതിയുള്ള  ഒറ്റപ്പെട്ട വ്യക്തികളും ചെറിയ ഒരു സംഘവുമുണ്ട് എന്നത് നേരാണ്. എന്നാല്‍  മുസ്ലിം സമൂഹം ഇതിനെ സംബന്ധിച്ച് പൊതുവെ ജാഗ്രത്താണ്. ഒരു മുസ്ലിം സംഘടനയും  ഈ തീവ്രവാദ ശൈലി അംഗീകരിച്ചിട്ടില്ല. അവരെ മാറ്റി നിര്‍ത്താനാണ് പൊതുവെ  ശ്രമിക്കുന്നത്. മുസ്ലിം സമൂഹത്തിനകത്തുതന്നെ തീവ്രവാദത്തിനെതിരായ  പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെ വളരെ സൂക്ഷ്മതയോടും ജാഗ്രതയോടും  കൂടിയ സമീപനമാണ് ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.  വര്‍ത്തമാനകാലത്തെ സാമുദായിക സംഘര്‍ഷങ്ങളുടെയും ധ്രുവീകരണത്തിന്റെയും  സാധ്യതകളുടെ സാഹചര്യത്തെ ആരോഗ്യകരമായി മാനേജ് ചെയ്യേണ്ടതിനു പകരം,  മുഖ്യമന്ത്രി മുസ്ലിം സമൂഹത്തിന് മുഴുവന്‍ ആക്ഷേപമുണ്ടാകുന്ന രീതിയില്‍  സംസാരിച്ചത് ഒട്ടും ശരിയായില്ല. പോപ്പുലര്‍ ഫ്രണ്ട് എന്ന പേര് മുഖ്യമന്ത്രി  ആദ്യം ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇസ്ലാമികവല്‍കരണത്തെയാണ് അദ്ദേഹം  അഭിസംബോധന ചെയ്തത് എന്നതാണ് കാതലായ പ്രശ്നം. ഒരു മുസ്ലിം ജനിക്കുക, ഒരാള്‍  മുസ്ലിമാവുക എന്നതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നതായിപ്പോയി  മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇതാണ് മുസ്ലിംകള്‍ക്ക് വേദനയുണ്ടാക്കിയത്.
മത പ്രബോധനം ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിട്ടുള്ളതല്ല.  മതപ്രബോധനം മാത്രമല്ല, മാര്‍ക്സിസത്തിന്റെ പ്രചാരണവും ഇന്ത്യയില്‍  നടക്കുന്നുണ്ട്. എല്ലാ മതവിഭാഗങ്ങളും തങ്ങളുടെ ആശയങ്ങള്‍ പ്രബോധനം  ചെയ്യുന്നുണ്ട്. ഇന്ത്യയിലെ 26 സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ഹിന്ദു  ഭൂരിപക്ഷമുള്ളവയാണ്. കശ്മീര്‍ മുസ്ലിം ഭൂരിപക്ഷ സ്റേറ്റാണ്. നാഗാലാന്റ്  ഇപ്പോള്‍ ക്രൈസ്തവ ഭൂരിപക്ഷമുള്ള സ്റേറ്റായി മാറിയിരിക്കുന്നു. അത്  മതപ്രബോധനത്തിലൂടെയാണ് സംഭവിച്ചത്. ഗവണ്‍മെന്റിന്റെ ചുമതല നിയമപരമായ  അവകാശങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പുവരുത്തുക എന്നതാണ്. നിയമ വിരുദ്ധമായ  പ്രവര്‍ത്തനങ്ങള്‍ ആരെങ്കിലും നടത്തുന്നുണ്ടെങ്കില്‍, ക്രമസമാധാനം  തകര്‍ക്കുകയോ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിനെ  അമര്‍ച്ച ചെയ്യുകയാണ് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തം. അതിന് പകരം,  നിലനില്‍ക്കുന്ന പൊതു ബോധത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്  വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
ജമാഅത്തിനെതിരിലുള്ള വിമര്‍ശനത്തിന്റെ  മര്‍മം, ഇപ്പോള്‍ തീവ്രവാദമാണ്. തീവ്രവാദം വളര്‍ത്തിയത് ജമാഅത്താണ് എന്ന്  ചിലര്‍ ആരോപിക്കുന്നു. എന്താണ് തീവ്രവാദത്തോടുള്ള ജമാഅത്തിന്റെ സമീപനം?
എന്റെ പ്രായത്തിലുള്ള ആളുകള്‍ ജിവിക്കാനാരംഭിക്കുകയും  പൊതുരംഗത്ത് ഇടപെട്ടു തുടങ്ങുകയും ചെയ്തശേഷം തീവ്രവാദം എന്ന പദം തന്നെ വളരെ  മാറ്റത്തിന് വിധേയമായിട്ടുണ്ട്. പലപ്പോഴും തീവ്രവാദവും ഉഗ്രവാദവും  ഭീകരവാദവും മാറിമാറി പ്രയോഗിക്കുന്ന അവസ്ഥയുണ്ട് എന്നതുതന്നെ കാര്യങ്ങള്‍  വ്യക്തമായി മനസിലാക്കുന്നതിന് പ്രയാസം സൃഷ്ടിക്കുന്നു.
ഏതെങ്കിലും ഒരു അഭിപ്രായം തീവ്രവമായി പ്രകടിപ്പിക്കുന്നതാണ്  തീവ്രവാദം. അതിന് പല സ്വഭാവങ്ങളുമുണ്ടാകാം. രാഷ്ട്രീയത്തില്‍ തീവ്രവാദം  പുലര്‍ത്തുന്നവരുണ്ടാകാം. മതപരമായ വിഷയങ്ങളില്‍ തീവ്രവാദം  പുലര്‍ത്തുന്നവരുണ്ടാകാം. മതസൌഹാര്‍ദത്തില്‍ തീവ്രസമീപനം  പുലര്‍ത്തുന്നവരുണ്ടാകാം. എന്നാല്‍, ഇന്ന് തീവ്രവാദം എന്ന് പറയുന്നത്  മതത്തിന്റെ അടിസ്ഥാനത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ പ്രമോട്ട്  ചെയ്യുന്നതിനെയാണ്. തീവ്രവാദത്തില്‍ ഭീകരത കലര്‍ന്നിരിക്കുന്നുവെന്നര്‍ഥം.  ഇസ്ലാമോ ജമാഅത്തെ ഇസ്ലാമിയോ, അര്‍ഥ പരിണാമം വരുന്നതിനു മുമ്പുള്ള  തീവ്രവാദത്തെ പോലും അംഗീകരിക്കുന്നില്ല. അര്‍ഥ പരിണാമം വന്നശേഷമുള്ള ആക്രമണ  സ്വഭാവമുള്ള തീവ്രവാദത്തെ ഒട്ടും അംഗീകരിക്കുന്നില്ല.
മുസ്ലിം സമൂഹത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ള അടിസ്ഥാന  ഗുണങ്ങളില്‍ ഒന്ന് മധ്യമസമുദായം എന്നതാണ്. ഏതു വിഷയത്തിലും ജീര്‍ണതയുടെയും  തീവ്രതയുടെയും രണ്ട് അറ്റങ്ങളില്‍ നില്‍ക്കാത്ത മധ്യമനിലപാടാണ്  സ്വീകരിക്കേണ്ടത്. വേദക്കാരായ ജൂത-ക്രൈസ്തവരെ വിളിച്ചുകൊണ്ട് ഖുര്‍ആന്‍  പറഞ്ഞത്, മതത്തില്‍ അതിര് കവിച്ചില്‍ പാടില്ല എന്നാണ്. ആത്മീയതയില്‍ പോലും  തീവ്രത പുലര്‍ത്തരുത് എന്നതാണ് ഇസ്ലാമിന്റെ അധ്യാപനം. നബി(സ) തന്റെ  അനുചരന്മാരില്‍ ഇത്തരം സമീപനങ്ങള്‍ ഉണ്ടാകുന്നത് തടഞ്ഞതായി കാണാം.  ഇസ്ലാമിന്റെ ഈ പൊതുസമീപനം തന്നെയാണ് ജമാഅത്തും സ്വീകരിച്ചിട്ടുള്ളത്.  മിതവാദപരമായ ഇസ്ലാമില്‍നിന്ന് തീവ്രവാദം ഉത്ഭവിക്കുക, ആ തീവ്രവാദത്തിന്റെ  അടിസ്ഥാനത്തില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതിനെ ജമാഅത്ത്  അടിസ്ഥാനപരമായിത്തന്നെ നിരാകരിക്കുന്നു. ഇത് പ്രസ്ഥാനം ഇപ്പോള്‍ എടുത്ത ഒരു  താല്‍കാലിക നയമല്ല. സ്വാതന്ത്യ്രത്തിന് മുമ്പ് തയാറാക്കിയ ജമാഅത്തിന്റെ  ഭരണഘടനയില്‍ തന്നെ തീവ്രവാദ വര്‍ഗീയ സാമുദായിക വാദങ്ങളെയും  പ്രവര്‍ത്തനങ്ങളെയും നിരാകരിച്ചിട്ടുണ്ട്.
തീവ്രവാദത്തിന് പ്രോത്സാഹനമാകുന്ന എന്തെങ്കിലും നയസമീപനം ജമാഅത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ?
ജമാഅത്തെ ഇസ്ലാമി തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കുന്നു എന്ന  ആരോപണം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതിന് വിമര്‍ശകര്‍ ഉന്നയിക്കുന്ന  ന്യായം ജമാഅത്ത് ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശം തന്നെ തീവ്രവാദപരമാണ്  എന്നതാണ്.
ദൈവിക ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹ പുനഃസംവിധാനം നടക്കണം  എന്നാണ് ജമാഅത്ത് പറയുന്നത്. ജമാഅത്ത് ഉയര്‍ത്തിപ്പിടിക്കുന്ന ഇസ്ലാമിക  ആദര്‍ശത്തിന് അതിനാവശ്യമായ സാമൂഹിക-രാഷ്ട്രീയ ഉള്ളടക്കമുണ്ട്. ഇത്  തീവ്രവാദപരമാണെങ്കില്‍ ലോകത്ത് നിലവിലുള്ള പ്രത്യയശാസ്ത്രങ്ങളും  പ്രസ്ഥാനങ്ങളും തീവ്രവാദം വളര്‍ത്തുന്നുവെന്ന് പറയേണ്ടിവരും. കാരണം  അവയെല്ലാം അവയുടേതായ സാമൂഹിക- രാഷ്ട്രീയ-സാമ്പത്തിക  വീക്ഷണങ്ങളില്‍നിന്നുകൊണ്ടാണ് സാമൂഹിക മാറ്റത്തിന് ശ്രമിക്കുന്നത്.  ക്യാപിറ്റലിസവും കമ്യൂണിസവും അസ്തിത്വവാദവുമൊക്കെ അങ്ങനെയാണ്. സാമൂഹിക  ഉള്ളടക്കമുള്ളവയെല്ലാം തീവ്രവാദം വളര്‍ത്തുന്നുവെങ്കില്‍ ഇവയെല്ലാം  അങ്ങനെയാകണം. ഒരു പ്രസ്ഥാനം തീവ്രവാദ സ്വഭാവമുള്ളതാകണമെങ്കില്‍ അതിന്റെ  പ്രവര്‍ത്തനങ്ങളിലും ശൈലിയിലും നയങ്ങളിലുമെല്ലാം തീവ്രവാദ നിലപാടുകള്‍  എടുക്കണം. ആ തലത്തില്‍ ചിന്തിച്ചാല്‍ സാമൂഹിക വിരുദ്ധമായ, നിയമവിരുദ്ധമായ,  വര്‍ഗീയത വളര്‍ത്തുന്ന യാതൊരു തീവ്രവാദവും ജമാഅത്തെ ഇസ്ലാമിയിലില്ല എന്നു  കാണാം. പ്രസ്ഥാനത്തിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ തീവ്രവാദത്തിനും  വിധ്വംസക പ്രവര്‍ത്തനത്തിനും എതിരായിരുന്നു. ഇനിയുള്ള കാലവും  തീവ്രവാദത്തിന് എതിരായിരിക്കുകയും ചെയ്യും.
         
ജമാഅത്ത്  ഉയര്‍ത്തിപ്പിടിക്കുന്ന ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ, രാഷ്ട്രസങ്കല്‍പം  എന്നിവ തീവ്രവാദത്തിന്റെ പ്രേരക ഘടകങ്ങളാണെന്നാണല്ലോ ആരോപിക്കുന്നത്?
ലോകത്തോ ഇന്ത്യയിലോ ഉണ്ടായിട്ടുള്ള തീവ്രവാദത്തിന്റെ അടിസ്ഥാനം  ഇസ്ലാമിന്റെ രാഷ്ട്രീയ ഉള്ളടക്കം ഉയര്‍ത്തിപ്പിടിച്ചു എന്നതല്ല.  ഇസ്ലാമിന്റെ സാമൂഹിക ഘടന നിലവില്‍ വരണം എന്ന് ആഗ്രഹിക്കുന്നവരോ അതിന്  വേണ്ടി പ്രവര്‍ത്തിക്കുന്നവരോ അല്ല തീവ്രവാദികളാകുന്നത്. മുഖ്യമന്ത്രിയുടെ  പ്രസ്താവനയിലെ അബദ്ധവും അതാണ്. 'മുസ്ലിം സമുദായത്തിന് വലിയ  പീഡനങ്ങളനുഭവിക്കേണ്ടി വരുന്നുണ്ട്. അവയെ നേരിടാന്‍ ജനാധിപത്യമാര്‍ഗങ്ങള്‍  മാത്രം പോര, സായുധ രീതികള്‍ തന്നെ വേണം' എന്ന ചിന്തയാണ് തീവ്രവാദത്തിന്റെ  ഹേതു.
ഇസ്ലാമിന്റെ സാമൂഹിക വ്യവസ്ഥ സ്ഥാപിക്കാനുള്ള ശ്രമം തീവ്രവാദം  വളര്‍ത്തുന്നുവെന്ന ആരോപണം എത്രമാത്രം ബാലിശമാണെന്ന് അല്‍പം ചിന്തിച്ചാല്‍  മനസിലാകും. ഏതൊരു സമൂഹത്തെ ആകര്‍ഷിച്ചും കൂടെ നിര്‍ത്തിയും സാമൂഹിക  പുനഃസംവിധാനം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുവോ ആ സമൂഹത്തെ അകറ്റാനും ആയുധ  പ്രയോഗം നടത്താനും ബുദ്ധിയും വിവേകവുമുള്ള ഒരു പ്രസ്ഥാനം ശ്രമിക്കുമോ? ആയുധ  പ്രയോഗം നടത്തി ആളുകളെ അകറ്റിയാലല്ല, ആശയസംവാദം നടത്തി ആളുകളെ  അടുപ്പിച്ചാല്‍ മാത്രമേ ജമാഅത്തിന് അതിന്റെ ലക്ഷ്യം നേടാന്‍ കഴിയൂ.  ജമാഅത്ത് ഉയര്‍ത്തിപ്പിടിക്കുന്ന ലക്ഷ്യം തന്നെയാണ് തീവ്രവാദത്തെ പ്രസ്ഥാനം  നിരാകരിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണവും സാക്ഷ്യവും. ജമാഅത്തിന്റേത്  രാഷ്ട്രീയ-സാമൂഹിക ഉള്ളടക്കമുള്ള ദര്‍ശനമാണ് എന്നതുതന്നെ തീവ്രവാദ  വിരുദ്ധതയുടെ സന്ദേശമാണ് നല്‍കുന്നത്.
         
തീവ്രവാദത്തിനെതിരില്‍ മൌലാനാ മൌദൂദി എടുത്ത നിലപാടുകള്‍ വളരെ പ്രസക്തമായിത്തീരുകയാണല്ലോ ഇന്ന്?
മൌലാനാ മൌദൂദി എന്താണ് പ്രബോധനം ചെയ്യാന്‍ ശ്രമിച്ചത് എന്ന വിഷയം  പഠിക്കാനും ചിന്തിക്കാനും ഒരാള്‍ തയാറായാല്‍, അദ്ദേഹം തീവ്രവാദത്തിനെതിരെ  എടുത്ത നിലപാടിന്റെ കാലിക പ്രസക്തി നന്നായി ബോധ്യപ്പെടും. തീവ്രവാദത്തിന്റെ  മാസ്റര്‍ ബ്രെയ്ന്‍ മൌദൂദിയാണെന്ന ആരോപണം ഉന്നയിക്കാന്‍ ഒരാള്‍ക്കും  കഴിയില്ല. എന്നുമാത്രമല്ല, തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കുകയും  അതിന്റെ പരിണിതിയെക്കുറിച്ച് താക്കീത് നല്‍കുകയും ചെയ്ത പണ്ഡിതനായിരുന്നു  മൌദൂദിയെന്നതാണ് സത്യം. തീവ്രവാദത്തിന്റെ ദുരന്തത്തെക്കുറിച്ച് ഇത്ര  നന്നായി ദീര്‍ഘദര്‍ശനം ചെയ്യുകയും ആ വഴി തള്ളിക്കളയുകയും ചെയ്ത മറ്റൊരു  പണ്ഡിതന്‍ ഉണ്ടോ എന്ന് സംശയമാണ്.
മൌലാനാ മൌദൂദിയെ യഥാര്‍ഥത്തില്‍ പലരും വായിച്ചിട്ടില്ല,  മനസിലാക്കിയിട്ടില്ല. മൌദൂദി കൃതികളില്‍നിന്ന് മുറിച്ചെടുത്ത ചില  ഉദ്ധരണികളാണ് പലരും കണ്ടിട്ടുള്ളത്. മൌദൂദിയെ വിമര്‍ശിക്കുന്നവരോട്  നിങ്ങള്‍ എത്ര പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേത് വായിച്ചിട്ടുണ്ട് എന്ന്  ചോദിച്ച് നോക്കൂ! മിക്ക ആളുകളും അദ്ദേഹത്തെ പഠിച്ചിട്ടില്ല എന്ന്  മനസിലാകും.
തീവ്രവാദ പ്രവര്‍ത്തനങ്ങളെ എല്ലാ അര്‍ഥത്തിലും നിരാകരിക്കുകയാണ്  മൌലാനാ മൌദൂദി ചെയ്തത്. ജമാഅത്തെ ഇസ്ലാമി പാകിസ്താനില്‍ നിരോധിക്കപ്പെട്ട  സന്ദര്‍ഭത്തില്‍ 'നാം അണ്ടര്‍ ഗ്രൌണ്ട് പ്രവര്‍ത്തനം നടത്തുകയല്ലേ വേണ്ടത്'  എന്ന് ചിലര്‍ അദ്ദേഹത്തോട് ചോദിക്കുകയുണ്ടായി. ഇതിന് അദ്ദേഹത്തിന്റെ  മറുപടി സുചിന്തിതമായിരുന്നു. നാം ഭൂമിക്കടിയില്‍ പ്രവര്‍ത്തിക്കേണ്ടവരല്ല.  ഭൂമിക്ക് മുകളില്‍ പണിയെടുക്കേണ്ടവരാണ്. മാത്രമല്ല ഒരു ഒളിപ്പോര്‍ സംഘടനയോ  സായുധ സംഘമോ രൂപവത്കരിക്കുന്നതിന്റെ അപകടവും അദ്ദേഹം  ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
'ഒരു സായുധസംഘം ആദ്യമായി സ്വന്തം ജനതക്കു നേരെയാണ് ആയുധം  പ്രയോഗിക്കുക. അവര്‍ക്കിടയില്‍ എന്തെങ്കിലും കാരണത്താല്‍ അഭിപ്രായ  ഭിന്നതകളുണ്ടായാല്‍ അവര്‍ പരസ്പരം പെരുമാറുന്നതും ആയുധങ്ങള്‍  ഉപയോഗിച്ചായിരിക്കും' എന്ന് അദ്ദേഹം പറയുകയുണ്ടായി. ഈ നിലപാടെടുത്ത മൌലാനാ  മൌദൂദിയും ജമാഅത്തെ ഇസ്ലാമിയും തീവ്രവാദത്തെ ഏതെങ്കിലും അര്‍ഥത്തില്‍  അംഗീകരിച്ചിട്ടുണ്ടോ? ഏതെങ്കിലും തീവ്രവാദ വിഭാഗത്തിന് പിന്തുണ  നല്‍കിയിട്ടുണ്ടോ? എപ്പോഴെങ്കിലും ചെറിയ രൂപത്തിലെങ്കിലും തീവ്രവാദ  പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ? ഇല്ലെന്നകാര്യം  സംശയാതീതമാണെന്നിരിക്കെ ജമാഅത്തിനും മൌദൂദിക്കുമെതിരെ തീവ്രവാദ ആരോപണം  ഉന്നയിക്കുന്നത് വിഡ്ഢിത്തവും ധിക്കാരവുമാണ്.