'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, ഓഗസ്റ്റ് 23, 2010

മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും

(കെ.കെ. ആലിക്കോയ അയച്ചുതന്ന - അദ്ദേഹം തന്നെ എഴുതിയ - ഒരു ലേഖനം വിഷയത്തിന്റെ കാലിക സ്വഭാവം പരിഗണിച്ച് ഈ ബ്ലോഗിന്റെ വായനക്കാര്‍ക്കായി പങ്കുവെക്കുന്നു. നിങ്ങളുടെ അഭിപ്രായം അറിയാനുള്ള താല്‍പര്യവും ഇതിവിടെ പകര്‍ത്താന്‍ പ്രേരണയാകുന്നു.)

ജമാഅത്തും മാധ്യമവും മുസ്‌ലിം ലീഗിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം പുതിയതല്ല. ജമാഅത്ത് എന്നാല്‍ ഒന്നുമല്ല; അതൊരു ആളില്ലാ പാര്‍ട്ടിയാണ്‌; കടലാസ് സംഘടനയാണ്‌; അതിനെ ഒന്നിനും കൊള്ളില്ല. എന്നൊക്കെ വിമര്‍ശിക്കുന്നവര്‍ തന്നെ മുസ്‌ലിം ലീഗെന്ന മഹാ സംഘത്തെ തകര്‍ത്തത് ജമാഅത്താണ്‌ എന്ന് കൂടി പറയുന്നതില്‍ വൈരുദ്ധ്യമുണ്ടോ എന്ന് അവര്‍ തന്നെ ചീന്തിക്കട്ടെ.

മുസ്‌ലിം ലീഗ് വല്ലാതെ മെലിഞ്ഞിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്‌. മുസ്‌ലിം ലീഗില്‍ നിന്ന് എങ്ങോട്ടാണ്‌ ആളുകള്‍ ഒഴുകിയതെന്ന് നോക്കണം. അപ്പോഴറിയാം ആരാണ്‌ തകര്‍ത്തത് എന്ന്. മുസ്ലിം ലീഗില്‍ നിന്ന് ഒഴുകിപ്പോയവര്‍ ഏതായാലും ജമാഅത്തില്‍ കാര്യമായൊന്നും എത്തിയിട്ടില്ല. മുസ്‌ലിം ലീഗിന്‍റെ ശൈലിയില്‍ സംസാരിച്ചും പെരുമാറിയും പ്രവര്‍ത്തിച്ചും ശീലിച്ചവര്‍ക്ക് അത്ര എളുപ്പത്തില്‍ ജമാഅത്തിലേക്ക് കടന്നുവരാന്‍ തോന്നുകയുമില്ല. 'നാലും കെട്ടും നാല്‍പ്പതും കെട്ടും ഇ.എം.എസ്സിന്‍റെ മോളെയും കെട്ടും' എന്നൊന്നും വിളിച്ചുപറയാന്‍ പിന്നെ കഴിയില്ലല്ലോ. ശീലിച്ചവര്‍ക്ക്

അതില്ലാതെ.......

മുസ്‌ലിം ലീഗ് വളര്‍ത്തിയത് സാമുദായിക രാഷ്ട്രീയമാണ്‌. ആ രാഷ്ട്രീയം കൂടുതല്‍ കടുപ്പത്തില്‍ പയറ്റുന്നവരുടെ കൂടെയാണ്‌ ലീഗ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ ചെന്ന് ചേര്‍ന്നുകൊണ്ടിരിക്കുന്നത്. ഇത് തടയാന്‍ ലീഗിന്നായിട്ടില്ല. ജമാഅത്ത് ലീഗിന്‍റെ ലൈനിലല്ല ഉള്ളത്. അത് ഒരു ആദര്‍ശ പ്രസ്ഥാനമാണ്‌. പഠിച്ചും അറിഞ്ഞും അംഗീകരിച്ചും അതിന്‍റെ കൂടെ ആളുകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്.ഈ പ്രക്രിയ വളരെ സാവധാനത്തിലേ നടക്കുകയുള്ളു. ലീഗില്‍ നിന്ന് ഒരു ആവേശത്തിന്‌ എടുത്തു ചാടിയാല്‍ ആരും ജമാഅത്തില്‍ എത്തുകയില്ല; കാരണം ഇത് താഴ്വരയിലല്ല; ഉന്നതങ്ങളിലാണ്‌ സ്ഥിതിചെയ്യുന്നത്.

ലീഗിനെ ഇല്ലാതാക്കാനുള്ള ഒരു കാമ്പയിനും ജമാഅത്ത് ഒരിക്കലും നടത്തിയിട്ടില്ല. എന്നാല്‍ ലീഗ് പലപ്പോഴും ജമാഅത്തിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇപ്പോള്‍ അത്തരം ഒരു ശ്രമത്തിലാണ്‌ ലീഗ് ഉള്ളത്. കോട്ടക്കലില്‍ കുറെ സംഘടനകളെ വിളിച്ച് ചേര്‍ത്ത് ജമാഅത്തിനെ ബഹിഷ്കരിക്കാന്‍ ആഹ്വാനം നല്‍കുകയാണ്‌ ലീഗ് ചെയ്തത്. വരും വരായ്കകള്‍ ആലോചിച്ചൊന്നുമല്ലല്ലോ ലീഗ് സാധാരണ ഗതിയില്‍ തീരുമാനങ്ങളെടുക്കുന്നത്; ഇക്കാര്യത്തിലും അത് തന്നെ സംഭവിച്ചു. ബഹിഷ്കരണാഹ്വാനം സംസ്ഥാന തലത്തില്‍ തന്നെ പൊളിഞ്ഞുകൊണ്ടിരിക്കയാണ്‌.

മാത്രമല്ല ലീഗിന്ന് അതിന്‍റെ 'സാമുദായിക സംരക്ഷകരെന്ന' മുഖമൂടി പൂര്‍ണ്ണമായും നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണിപ്പോള്‍. ലീഗുകാര്‍ക്ക് കൂടി ബോധ്യമാകും വിധമാണത് ഇപ്പോഴത് സംഭവിക്കുന്നത്. അവര്‍ക്കത്ര പെട്ടെന്നൊന്നും ബോധ്യമാകില്ലെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. മഅ്‌ദനിയുടെ അറസ്റ്റ് ലീഗിന്‍റെ വിഷയമല്ല എന്നാണ്‌ യൂത്ത് ലീഗ് സെക്രട്ടരി പറഞ്ഞത്. കേരളത്തിലെ എല്ലാ പാര്‍ട്ടികള്‍ക്കും ഇതില്‍ അഭിപ്രായമുണ്ട്; ലീഗിന്ന് മാത്രം അഭിപ്രായമില്ല. മുസ്‌ലിം സമുദായാംഗമായ മത പണ്ഡിതനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഒരാളാണ്‌ മഅ്‌ദനി. അദ്ദേഹത്തെ തികച്ചും അന്യായമായി കള്ളക്കേസില്‍ കുടുക്കി മറ്റൊരു സംസ്ഥാനത്തെ പോലീസ്
സംഘ് പരിവാറിന്ന് വേണ്ടി വേട്ടയാടുന്നു. ഇതിനെ കുറിച്ച് പ്രതികരിക്കുകയെന്നത് ലീഗിന്‍റെ അജണ്ടയിലില്ലാത്ത കാര്യമാണത്രെ. എങ്കില്‍ ആ ലീഗിനെ ഈ സമുദായത്തിന്ന് ആവശ്യമില്ലെന്ന് സമുദായം വിധിയെഴുതുമ്പോള്‍ മാധ്യമത്തെ പഴിക്കരുത്. സ്വന്തം നിലപാടുകളെ പഴിക്കുക. ലീഗ് നന്നാവാന്‍ അതാണാവശ്യം.

ഈ നിലപാടില്ലായ്മയാണ്‌, വേണ്ടത് വേണ്ടപ്പോള്‍ തോന്നായ്കയാണ്‌ ലീഗിന്‍റെ കുഴപ്പം. ഇത് ശക്തിയല്ല; ദൌര്‍ബല്യമാണ്‌. ഈ ദൌര്‍ബല്യമാണ്‌ ലീഗിനെ തളര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഈ ദൌര്‍ബല്യം തുറന്നുകാണിക്കുന്നതില്‍ ജമാഅത്തും മാധ്യമവും അവയുടേതായ പങ്ക് വഹിച്ചിട്ടുണ്ട്; അത് ലീഗ് തകരാതിരിക്കാന്‍ വേണ്ടിയായിരുന്നു. എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല എന്ന നിലപാടായിരുന്നു ലീഗ് സ്വീകരിച്ചത്. ഇപ്പോള്‍ ഫലം അനുഭവിക്കുന്നു. ലീഗിന്‍റെ ശത്രു ആരാണ്‌ മിത്രം ആരാണ്‌ എന്ന് ലീഗ് ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. സമുദായത്തിന്‍റെ കാരണവര്‍ സ്ഥാനമാണ്‌ ലീഗ് ആഗ്രഹിക്കുന്നത്. ആജ്ഞാനുവര്‍ത്തികളെ മാത്രമേ അവര്‍ക്ക് ഇഷ്ടമാവുന്നുള്ളു. സ്വതന്ത്രമായി ചിന്തിക്കുന്നവരേയും അഭിപ്രായം പറയുന്നവരെയും അവര്‍ക്ക് കണ്ടുകൂടാ. സ്വന്തമായ നിലപാടുകളുള്ളവരെ ഒട്ടും പിടിക്കില്ല. സമുദായത്തിന്‍റെയോ മതത്തിന്‍റെയോ ഭാവി ഇരിക്കട്ടെ; സ്വന്തം സംഘടനയുടെ ഭാവി പോലും കാണാന്‍ കഴിയാത്തവരാണ്‌ ലീഗിനെ നയിക്കുന്നത്. അത് കൊണ്ടാണ്‌ സമുദായംഗങ്ങള്‍ ലീഗിനെ കാത്ത് നില്‍ക്കാതെ തക്ക സമയത്ത് അവര്‍ക്ക് യുക്തമെന്ന് തോന്നുന്ന തീരുമാനമെടുത്തുകൊണ്ടിരിക്കുന്നത്. ഈ തീരുമാനങ്ങളാകട്ടെ മിക്കവാറും അങ്ങേയറ്റം അപകടകരമായവയാണ്‌ താനും. അതിന്‍റെ അനന്തര ഫലങ്ങളാണ്‌ വളര്‍ന്ന് കൈവെട്ടും കൊലയും കലാപവും മറ്റുമായി മാറുന്നത്. എന്‍.ഡി.എഫ്., ഐ.എന്‍.എല്‍., ഐ.എസ്.എസ്. എന്നിവയൊക്കെ ലീഗിന്‍റെ ആളുകള്‍ ചോര്‍ന്നു പോയുണ്ടായ സംഘടനകളാണ്‌. സ്വന്തം അണികളെ തൃപ്തിപ്പെടുത്തുന്ന നിലപാടുകളെടുക്കാന്‍ ലീഗിന്ന് സാധിക്കാതെ പോയതാണ്‌ ഇവയൊക്കെ ഉണ്ടാകാന്‍ കാരണം. ഇതിന്ന് ജമാഅത്തിനെയോ മാധ്യമത്തെയോ പഴിച്ചിട്ട് കാര്യമില്ല. മുഖം വികൃതമായതിന്നുള്ള പരിഹാരം കണ്ണാടി തല്ലിപ്പൊളിക്കലാണോ? അല്ലെന്ന് ഈ വൈകിയ വേളയില്‍ പോലും ലീഗിന്ന് മനസ്സിലാവുന്നുണ്ടോ?

ഗുരുവായൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ ജമാഅത്ത് സമദാനിക്ക് വോട്ട് ചെയ്യാത്തതില്‍ ലീഗിന്ന് തെല്ലൊന്നുമായിരുന്നില്ല അരിശം. മതപണ്ഡിതനും പ്രഭാഷകനുമായ സമദാനിയേക്കാള്‍ മൂല്യം സിനിമക്കാരനായ പി.ടി. കുഞ്ഞിമുഹമ്മദിന്നാണോ എന്നായിരുന്നു ലീഗിന്‍റെ ചോദ്യം. ബാബരി മസ്ജിദ് തകര്‍ക്കപെട്ട ശേഷം കേരളത്തില്‍ നടന്ന ഒന്നാമത്തെ തെരഞ്ഞെടുപ്പയിരുന്നു അത്. സംഘ് പരിവാര്‍ മസ്ജിദ് തകര്‍ത്തപ്പോള്‍ ഒത്താശക്കാരനായി നിന്നുകൊടുത്ത കോണ്‍ഗ്രസ്സിനോടുള്ള വിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു ഗുരുവായൂരുകാര്‍. ഈ വിഷയത്തില്‍ മുസ്‌ലിം ലീഗിന്‍റെ നിലപാടുകളോട് ലീഗുകാര്‍ക്ക് തന്നെയും തീര്‍ത്താല്‍ തീരാത്ത അരിശമുണ്ടായിരുന്നു. കോണ്‍ഗ്രസ് -ലീഗ് മുന്നണിയുടെ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ അതിന്നിരയായത് സമദാനി ആയിപ്പോയെന്ന് മാത്രം. വസ്തുത ഇതൊക്കെയാണെങ്കിലും ഇപ്പോഴും ചോദിക്കുന്നു: മത പണ്ഡിതനും പ്രഭാഷകനുമായ സമദാനിയേക്കാള്‍ മൂല്യം സിനിമക്കാരനായ പി.ടി. കുഞ്ഞുമുഹമ്മദിന്നാണോ എന്ന്.

സ്വയം നന്നാകാന്‍ ശ്രമിച്ചില്ലെങ്കില്‍ ലീഗിനെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല. നിലനില്‍ക്കാന്‍ അര്‍ഹതയില്ലാത്തവരെ പടച്ചവനും രക്ഷിക്കുകയില്ല. സ്വന്തം അവസ്ഥ മാറ്റും വരെ ഒരു ജനതയൊടുമുള്ള തന്‍റെ നിലപാട് അല്ലാഹു മാറ്റുകയില്ലെന്ന് ഖുര്‍ആന്‍. സാഹചര്യത്തിന്‍റെ തേട്ടം മനസ്സിലാക്കി തീവ്ര വാദത്തിനും ജീര്‍ണ്ണതക്കും മദ്ധ്യേയുള്ള ശരിയായ നിലപാട് സ്വീകരിക്കുക. ലീഗ് ശക്തിപ്പെടും.

6 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷം ലീഗ് നേതൃത്വത്തിന്റെ ഇടപെടലും കേരളത്തില്‍ സമാധാനം തകരാതിരിക്കാന്‍ കാരണമായി എന്ന വാദം ശരിയാണ്. എന്നാല്‍ തീവ്രത പോരാ എന്നായിരുന്നു ജമാഅത്തിന്റെ ആവശ്യം എന്ന നിലക്ക് പ്രചരിപ്പിക്കാറുണ്ട്. ഇത് തീര്‍ത്തും അസത്യമാണ്. മുസ്ലിം സാധാരണ യുവത വൈകാരികമായി അരക്ഷിതത്വം അനുഭവിച്ച ഒരു ഘട്ടത്തില്‍ ലീഗിന് സാധ്യമായ വിധത്തില്‍ പോലും അതിന് കാരണമായ സംഭവത്തോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ കഴിയാതെ പോയി. അത് ഒരുപറ്റം യുവാക്കളെ കൂടുതല്‍ തീവ്രമായ നിലപാടെടുക്കാന്‍ പ്രേരിപ്പിക്കും എന്ന ഭയപ്പെട്ടതുകൊണ്ടുകൂടിയാണ് ജമാഅത്ത് അക്കാലത്ത് ലീഗിനെ വിമര്‍ശിച്ചത്. എന്താണ് ജമാഅത്ത് പറയുന്നത് എന്ന് മനസ്സിലാക്കിയ ഒരു വിഭാഗം ലീഗില്‍ സ്വാഭാവികമായി ഉണ്ടായിരുന്നു. അവരാണ് പിന്നീട് ഐ.എന്‍.എല്‍ രൂപീകരിച്ചത്. അവര്‍ ജമാഅത്തുകാരായിരുന്നില്ല. പക്ഷെ ജമാഅത്ത് ലീഗുമായി ബന്ധപ്പെടുത്തി പറയുന്നതില്‍ കാര്യമുണ്ടെന്ന് മനസ്സിലാക്കിയവരായിരുന്നു. ഇതാണ് മാധ്യമം ലീഗിനെ പിളര്‍ത്തി തകര്‍ക്കാന്‍ ശ്രമിച്ചു എന്ന് പറയുന്നതിന്റെ കാരണം. പോസ്റ്റില്‍ എന്‍.ഡി.എഫിനെയും ഐ.എന്‍.എല്‍ നേയും ചേര്‍ത്താണ് പറഞ്ഞിരിക്കുന്നതെങ്കിലും ഇവ രണ്ടും ഒരേ പോലെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ലേഖകനും അപ്രകാരം കരുതുന്നില്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ലീഗില്‍നിന്നാണ് ഇവരിലേക്ക് രണ്ടുകൂട്ടര്‍ക്കും ആളുകളെ ലഭിച്ചത് എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. മുസ്‌ലിം എന്ന് പേരിലുള്ള / അതിന്റെ പേരില്‍ തന്നെ വോട്ടുകള്‍ നേടുന്ന ഒരു പാര്‍ട്ടിയില്‍നിന്ന് മതമുക്തമായ/മതനിഷേധപരമായ അഭിപ്രായം പുലര്‍ത്തുന്ന ഒരു പാര്‍ട്ടിയെക്കാള്‍ സാധാരണ വോട്ടര്‍മാരും ചിലത് കൂടുതല്‍ പ്രതീക്ഷിക്കും. അത് പാടില്ലെങ്കില്‍ പിന്നീട് ആ പേരില്‍ വോട്ട് വാങ്ങുന്നതിനോ മുസ്ലിം എന്ന പേരോടുകൂടി നിലനില്‍ക്കുന്നതിനോ യാതോരു ന്യായീകരണവും ഇല്ലാതെ വരും. അതുകൊണ്ട് ജമാഅത്ത് എല്ലായ്‌പോഴും ലീഗിനോട് പറയുന്നത്. കൂടുതല്‍ യുവാക്കള്‍ വഴിതെറ്റാതിരിക്കാന്‍ മുസ്ലിം വികാരത്തോടൊപ്പം കുറെയൊക്കെ നില്‍ക്കാന്‍ ലീഗിന് സാധിക്കണം എന്നാണ്.

മഅ്ദനിയുടെ വിഷയത്തിലും - പൂര്‍വ വൈരാഗ്യം കളഞ്ഞ് -, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് അര്‍ഥശൂന്യമായ വാക്കു പറയുന്നതിന് പകരം. മഅ്ദനിയുടെ കാര്യത്തില്‍ നീതി പുലരണം എന്ന് പറഞ്ഞിരുന്നെങ്കില്‍ അതാകുമായിരുന്നില്ലേ നന്മയോട് അടുത്ത് നില്‍ക്കുന്നതും ലീഗില്‍നിന്ന് പ്രതീക്ഷിക്കുന്നതും.

Noushad Vadakkel പറഞ്ഞു...

എന്താണാവോ പതിവില്ലാതൊരു ലീഗ് സ്നേഹം ... :( (നക്കിക്കൊല്ലാനാണെന്നു മനസ്സിലാക്കാനുള്ള ബുദ്ധിയോക്കെ ലീഗിനുണ്ട് . വെറുതെ സമയം കളയാതെ ജമാഅത്തിന്റെ പരമ്പരാഗത വാദങ്ങള്‍ വിളമ്പി അഞ്ചാറു പേരെ 'സോളി'യാക്കാന്‍ നോക്ക് . കിട്ടിയാലത്രയുമായി . ലീഗിനെ ഉപദേശിക്കാനുള്ള പാരമ്പര്യമോ യോഗ്യതയോ തല്‍ക്കാലം ജമാഅത് വിവരക്കെടുകാര്‍ക്കില്ല . അത് മനസ്സിലാക്കിയാല്‍ നന്ന് .)

Mujeeb Rahman Theparambil Ppni (MRTt) പറഞ്ഞു...

Nousaadey cool down

Noushad Vadakkel പറഞ്ഞു...

@ mujeeb

എന്തെ സത്യം പറഞ്ഞപ്പോ നൊന്തോ ? മുസ്ലിം ലീഗിന് വേണ്ട ജമാഅത്തിന്റെ ഫ്രീ സിമ്പതി . അത് നന്നായി അറിയാമെന്കിലും എന്തിനു പിന്നെ പുറകെ നടന്നു നക്കൈക്കൊല്ലാന്‍ നോക്കുന്നു :(

siraj padipura പറഞ്ഞു...

അങ്ങനെ സംവാദങ്ങൾ ഉയർന്നു വരട്ടെ അതിൽ നിന്ന് പുതിയ പുതിയ നിഗമനങ്ങളിൽ എത്താൻ സഹായകമാകട്ടെ.നന്ദി

IRSHAD KUNDOOR പറഞ്ഞു...

ജമാഹത്തെ ഇസ്ലാമി കേരളത്തില്‍ എത്ര സ്ഥലത്ത് വികസനമുന്നണി ഉണ്ടാക്കി വിജയിക്കും എന്ന് നമ്മുക്ക് കാണാം , നിങ്ങള്‍ ആളുകള്‍ കാണുന്ന വല്ല പരിപാടിയും വല്ലപ്പോയും ചെയ്തു കൈ "അടി " നേടാന്‍ നോകുക,ഇനി വല്ലവരും കള് കുടിച്ചു ചത്താല്‍ അവരുടെ മക്കളെ സംരക്ഷിക്കാനും ,കൈ വെട്ടു കൊണ്ടുവര്‍ക്ക് രക്തം കൊടുക്കാനും സമുദായത്തില്‍ ആളുകള്‍ ഉണ്ടല്ലോ ??? സമദാനം ....,എന്തൊരു മതേതരത്വം....നിങ്ങള്‍ എത്ര പരിശ്രമിച്ചാലും നിങ്ങളെ കേരളത്തിലെ ജനത മനസിലാകിയത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സാധിക്കില്ല . ലീഗിനെ ഉപദേശിക്കാന്‍ നിങ്ങള്‍ ആയിരം വര്ഷം തപസ് ഇരിക്കണം . ലീഗിനെ തറ പറ്റിക്കാന്‍ വേണ്ടി എല്ലാവിധ ത്രീവ്ര സംഘടനകള്‍ക്കും " മാധ്യമത്തിലൂടെ " ചെയ്തു കൊടുത്ത സേവനം സമുദായം മറന്നു എന്ന് കരുതിയോ ???. ഇല്ല എല്ലാവിധ സാമ്പാരുകളെയും കൂട്ടി ഉണ്ടാക്കിയ 'അപ്സര 'മുന്നണി നമ്മുക്ക് കാണാം ...ലീഗിനെ ഇല്ലാതാക്കാന്‍ നിങ്ങള്‍ കാമ്പയിന്‍ നടത്തിയിട്ടില്ല ,ശേരി നിങ്ങള്‍ കാമ്പയിന്‍ നടത്തിയാല്‍ താന്നെ അതില്‍ ആരാണ് ഉണ്ടാവുക ...വല്ല "കോള" കുടിച്ചു സമരം നടത്തിയാല്‍ നാലു ആളുകള്‍ കാണും അല്ലാതെ സോളി കുട്ടികള്‍ അല്ലാതെ വേറെ ആരാണ് ഉണ്ടാവുക ..., ലീഗിനെ ശക്തി പെടുത്താന്‍ നിങ്ങള്‍ ഒരാളും ശ്രമികേണ്ട ,വെല്ലുവിളിയോടെ പറയുന്നു ഒറ്റയ്ക്ക് മത്സരിച്ചാല്‍ കേരളത്തില്‍ 29 സീറ്റ് ഒറ്റക് നേടാന്‍ കഴിയും ....ഇത് കേരളത്തില്‍ രണ്ടേ രണ്ടു രാഷ്ട്രിയ പര്ട്ടികല്കെ കഴിയൂ .........ഇനി നിങ്ങള്ക്ക് വല്ല ഉപദേശവും തരണം എന്ന് ഉണ്ടെന്ഖില്‍ വരിക പാണക്കാട് കൊടപ്പനക്കല്‍ വീട്ടിലേക്കു ....ബിസിനസ്‌ തുടങ്ങാന്‍ ഉള്ള യോഗത്തിനു അല്ല , ഉദേശം നന്നയില്‍ വിജയം നിങ്ങളുടെ കൂടെ എന്നും ഉണ്ടാകും ,എതിര്‍പ്പുകള്‍ കൂടി വരും പക്ഷെ സത്യത്തെ ഒരിയ്ക്കലും പരാജയപെടില്ല....,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK