'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, ഡിസംബർ 06, 2012

ജമാഅത്തെ ഇസ്ലാമിയുടെ ജനാധിപത്യവിരുദ്ധത ?

പോസ്റ്റിന്റെ ആദ്യഭാഗം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക.
മതേതരജനാധിപത്യത്തിലെ മനുഷ്യോപകരമായ മൂല്യങ്ങളോടും തത്വങ്ങളോടും ഇസ്ലാമിന് യാതൊരു എതിര്‍പ്പുമില്ല എന്ന് മാത്രമല്ല. ആ മൂല്യങ്ങളെ ഏറ്റവും നന്നായി സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തുകൊണ്ടാണ് പ്രവാചകന്‍ തന്റെ ഭരണം കാണിച്ചുതന്നത്. തുടര്‍ന്ന് വന്ന ഖലീഫമാരും അതേ മാതൃക പിന്തുടരുകയാണ് ചെയ്തത്. ഭരണാധികാരിയുടെ ചെയ്തിയെ പോലും നിഷിധമായി വിമര്‍ശിക്കാന്‍ പൌരന്‍മാര്‍ക്ക് അനുവാദം നല്‍കപ്പെട്ടിരുന്നു. അവരത് നിര്‍വഹിക്കുകയും ചെയ്തു. ഏത് മതസ്ഥര്‍ക്കും അവരവരുടെ മതം ആചരിക്കാനും ആരാധനകള്‍ നിര്‍വഹിക്കാനുമുള്ള സ്വാതന്ത്ര്യം മാത്രമല്ല അതിനുള്ള സംരക്ഷണവും നല്‍കിയിരുന്നു. ഇവിടെ ഏറ്റവും ആധുനികവും കുറ്റമറ്റതുമായ മതേതരജനാധിപത്യ രാജ്യത്ത് ഒരു മതവിഭാഗത്തിന്റെ ആരാധനാലയം തകര്‍ക്കപ്പെട്ടിട്ട് 20 വര്‍ഷമായെങ്കിലും ഒന്നും ചെയ്തിട്ടില്ല എന്ന് ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏത് മതവിശ്വാസിക്കും സ്വന്തം മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശമാണ് മതസ്വാതന്ത്ര്യമെങ്കില്‍ അത് പൂര്‍ണാര്‍ഥത്തില്‍ ജമാഅത്തെ ഇസ്ലാമി (അതല്ലെങ്കില്‍ ഇസ്ലാം) മുന്നോട്ട് വെക്കുന്ന വ്യവസ്ഥക്കും ഉണ്ട്. എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്ന അവസ്ഥയാണ് മതേതരത്വമെങ്കില്‍ അത് പൂര്‍ണാര്‍ഥത്തില്‍ ഇസ്ലാമിക വ്യവസ്ഥയില്‍ ഉണ്ട്. ഭൂരിപക്ഷ ജനഹിതമനുസരിച്ചാണ് ഭരണാധികാരിയെ തെരഞ്ഞെടുക്കേണ്ടതെങ്കില്‍ അത്തരത്തിലുള്ള ഒരു വ്യവസ്ഥയാണ് ഇസ്ലാമിന്റേതും. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഒരേയൊരു വ്യത്യാസം മതേതരജനാധിപത്യവ്യവസ്ഥയില്‍ നിയമം നിര്‍മിക്കാനുള്ള പരമാധികാരം ജനങ്ങളിലെ തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഭൂരിപക്ഷത്തിന് നല്‍കപ്പെടുമ്പോള്‍ അത് മതമേലധ്യക്ഷന്‍മാര്‍ ദൈവത്തിന്റെ പേരിലോ സ്വന്തം പേരിലോ നിയമം നിര്‍മിക്കുന്നത് പോലെ തന്നെ അപകടകരവും ഉപദ്രവകരവുമായി കലാശിക്കാനിടയുണ്ട്. അവിടെ മനുഷ്യന്റെ ശുദ്ധപ്രകൃതി അംഗീകരിക്കുന്ന ചില മൂല്യങ്ങളുടെ അടിസ്ഥാനത്തിലാകണം നിയമം നിര്‍മിക്കേണ്ടത് എന്ന് ഇസ്ലാം ആവശ്യപ്പെടുന്നു. ആ മൂല്യങ്ങള്‍ ഏറ്റവും കുറ്റമറ്റ രീതിയില്‍ മനുഷ്യകൈകടത്തലില്ലാതെ നിലനില്‍ക്കുന്നത് വിശുദ്ധ ഖുര്‍ആനിലാണ് എന്നത് കൊണ്ട് മാത്രമാണ് അതിനെ അക്കാര്യത്തില്‍ അവലംബിക്കണം എന്നാവശ്യപ്പെടുന്നത്.

ഇനി കെ.പി.എസിന്റെ വാദങ്ങളിലെ ബാക്കി ഭാഗങ്ങള്‍ കൂടി പരിശോധിക്കാം. ലേഖനത്തില്‍നിന്ന് ഒന്നും വിടാതെയാണ് നല്‍കുന്നത്.

['ജനാധിപത്യത്തിന്റെ പ്രായോഗിക രൂപം എന്നത് നാമെല്ലാവരും മനസിലാക്കുന്നത് പോലെ ഇന്ന് നിലവിലുള്ള പാര്‍ലമെന്ററി സമ്പ്രദായമാണ്. നിയമങ്ങള്‍ സദാ മാറ്റിക്കൊണ്ടിരിക്കുകയും പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കേണ്ടിയും വരും. ഓരോ സാഹചര്യങ്ങളാണ് പുതിയ നിയമനിര്‍മ്മിതി ആവശ്യപ്പെടുന്നത്. ഭൂരിപക്ഷത്തിന്റെ സമ്മതപ്രകാരം ഒരു നിയമം നിര്‍മ്മിക്കപ്പെടുമ്പോള്‍ അത് അനുസരിക്കാന്‍ ന്യൂനപക്ഷം ബാധ്യസ്ഥമാണ്. വേറെ വഴിയില്ല. ആ നിയമം തെറ്റാണെന്ന് അഭിപ്രായമുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടി ഭൂരിപക്ഷത്തിന്റെ അഭിപ്രായ സമന്വയമുണ്ടാക്കാന്‍ ജനാധിപത്യത്തില്‍ ആര്‍ക്കും അവസരമുണ്ട്. അതാണ് നിലവിലെ ജനാധിപത്യത്തിന്റെ മേന്മ. ഇന്ത്യയില്‍ ഇനി ഒരിക്കലും അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്താന്‍ കഴിയില്ല എന്ന് നമ്മള്‍ നിയമം മാറ്റിയില്ലേ, അത് പോലെ.
']

ഇസ്ലാം മുന്നോട്ട് വെക്കുന്ന നിയമവ്യവസ്ഥയില്‍ സാഹചര്യങ്ങളെയോ അവസ്ഥയെയോ പരിഗണിക്കാതെ എന്നും ഒരേ നിയമം പിന്തുടരപ്പെടും എന്ന തെറ്റിദ്ധാരണയില്‍നിന്നാണ് മേല്‍ പരാമര്‍ശങ്ങളിലെ ഊന്നല്‍ എന്ന് മനസ്സിലാക്കാവുന്നതാണ്. ഇവിടെ ഭൂരിപക്ഷത്തിന്റെ സമ്മതപ്രകാരം നിയമം നിര്‍മിക്കപ്പെടുമ്പോള്‍ ന്യൂനപക്ഷം അത് അനുസരിക്കാന്‍ ബാധ്യസ്ഥമാണ് എന്ന് പറയുന്നു. ഇസ്ലാമിലാകുമ്പോള്‍ ന്യൂനപക്ഷത്തിന്റെ നിയമം ഭൂരിപക്ഷത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടും എന്ന് കെ.പി.എസ് ചിന്തിക്കുന്നുണ്ടോ ആവോ?. ജനാധിപത്യതെരഞ്ഞെടുപ്പ് രീതിയിലൂടെ ഇസ്ലാമിക ഭരണവ്യവസ്ഥയനുസരിക്കാന്‍ ഭൂരിപക്ഷം തയ്യാറാകുമ്പോള്‍ മാത്രമാണ് ഇസ്ലാമിക വ്യവസ്ഥയിലും നിയമങ്ങള്‍ അതിന്റെ മാനദണ്ഡമനുസരിച്ച് നിര്‍മിക്കപ്പെടുന്നത്. ഇത് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നത് ഇസ്ലാമിനെ കേവലം മതമായി കാണുകയും ഇസ്ലാം ഭരണവ്യവസ്ഥയില്‍ കൊണ്ടുവരുന്ന നിയമം മറ്റുമതസ്ഥര്‍ക്ക് എങ്ങനെ ഉള്‍കൊള്ളാനാവും എന്ന് ചിന്തിക്കുയും ചെയ്യുന്നത് കൊണ്ടാണ്. സത്യത്തില്‍ ഏത് മതസ്ഥര്‍ക്കും സ്വീകാര്യമായ മൂല്യങ്ങള്‍ തന്നെയാണ് ഇസ്ലാമിക നിയമനിര്‍മാണത്തിലും പരിഗണിക്കപ്പെടുന്നത് എന്ന് സൂക്ഷമായി പഠിച്ചാല്‍ മനസ്സിലാക്കാവുന്നതേയൂള്ളൂ.

ഈ കാര്യം വിശദീകരിക്കാവുന്ന വിധത്തില്‍ കെ.പി.എസ്. ചില ചോദ്യങ്ങള്‍ തുടര്‍ന്ന് ഉന്നയിച്ചിട്ടുണ്ട് അതിലേക്ക് കടക്കാം.

['ജമാ‌അത്തേ ഇസ്ലാമിയുടെ അഭിപ്രായത്തില്‍ അവര്‍ ശരിയെന്ന് പറയുന്ന നിയമം ആരാണ് വ്യാഖ്യാനിക്കുകയും നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുക? ആ ബോഡി ഏതായിരിക്കും?']
 

അവര്‍ ശരിയെന്ന് പറയുന്ന നിയമവ്യവസ്ഥ കൂടുതല്‍ പേര്‍ക്ക് ശരിയെന്ന് ബോധ്യപ്പെടുമ്പോള്‍ അവര്‍ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് ഭരണത്തില്‍ വന്നാല്‍ ഈ നിയമത്തില്‍ വ്യൂല്‍പത്തിയുള്ള ആളുകളെ അതിനായി നിയമിക്കുകയും അവര്‍ക്ക് സാഹചര്യവും സന്ദര്‍ഭവും ആവശ്യവും പരിഗണിച്ച് മേല്‍പറയപ്പെട്ട മാനദണ്ഡമനുസരിച്ച് നിയമം നിര്‍മിക്കുകയും വ്യാഖ്യാനിക്കുകയുമാവാം. തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം അത് നടപ്പാക്കുകയും നിരീക്ഷിക്കുകയും ചെയ്യും. മതേതതര ജനാധിപത്യത്തില്‍നിന്ന് അതിനുണ്ടാകുന്ന പ്രായോഗികമായ അന്തരം. പോട്ട, റ്റാഡയും പോലുള്ള മനുഷ്യാവകാശങ്ങളെ പുല്ലും വിലകല്‍പിക്കാത്ത നിയമങ്ങള്‍ പൌരന്‍മാര്‍ക്ക് വേണ്ടി നിര്‍മിക്കാന്‍ കഴിയില്ല എന്നതാണ്. അതുപോലെ സ്വവര്‍ഗഭോഗം പോലുള്ളതിനെ നിയമാനുസൃതമാക്കാനും കഴിയില്ല. വ്യഭിചാരത്തെയും മദ്യപാനത്തെയും വ്യാപകമാക്കാനുതകുന്ന നിയമം നിര്‍മിക്കാനും സാധ്യമല്ല. വിചാരണത്തടവെന്ന പേരില്‍ ഇന്ന് മഅ്ദനിയും അദ്ദേഹത്തെ പോല എല്ലാ മതത്തിലും പെട്ട ആയിരങ്ങള്‍ ജയിലില്‍ കിടക്കേണ്ടി വരുന്ന അവസ്ഥയുണ്ടാവില്ല. ഒരു മതത്തിന്റെ ആരാധനാലയം തകര്‍ക്കപ്പെട്ടിട്ടും ഇത്രയും നിസംഗമായി അവ കണ്ടുനില്‍ക്കാനും പ്രസ്തുത ഭരണകൂടത്തിന് കഴിയില്ല. 


['പാര്‍ലമെന്റില്‍ ഭൂരിപക്ഷം ജനപ്രധിനിധികള്‍ക്ക് നിയമം നിര്‍മ്മിക്കാന്‍ കഴിയുന്ന ജനാധിപത്യ സമ്പ്രദായം തങ്ങള്‍ക്ക് സ്വീകാര്യമല്ല എന്ന് പറയുമ്പോള്‍ നിയമപാലനത്തിനും ഭരണനിര്‍വ്വഹണത്തിനും ജമാ‌അത്തെ ഇസ്ലാമി മുന്നോട്ട് വെക്കുന്ന അതോറിറ്റി ഏതാണ്? ഇക്കാര്യം എന്നാല്‍ അവര്‍ പരസ്യമായി വെളിപ്പെടുത്തുന്നുമില്ല. തങ്ങള്‍ക്ക് തങ്ങളുടേതായ ജനാധിപത്യസങ്കല്പങ്ങളുണ്ട്, അത് മാത്രമേ തങ്ങള്‍ അംഗീകരിക്കൂ എന്നാണ് അവര്‍ പറയുന്നത്. ഈ പറച്ചിലില്‍ തന്നെ ഒരു ജനാധിപത്യവിരുദ്ധതയുണ്ട്. ഇങ്ങനെ ഓരോ വിഭാഗവും ജനാധിപത്യത്തെ പ്രത്യേകം പ്രത്യേകം നിര്‍വ്വചിച്ച് നടപ്പാക്കാന്‍ ഇറങ്ങിയാല്‍ എങ്ങനെയാണ് ശരിയാവുക?] 



ജമാഅത്ത് പറയുന്നതില്‍നിന്ന് അതിന്റെ ഒരു എളിയ പ്രവര്‍ത്തകനെന്ന നിലക്ക് ഞാന്‍ മനസ്സിലാക്കിയ കാര്യമാണ് മുകളില്‍ പറഞ്ഞത്. ജമാഅത്ത് മുന്നോട്ട് വെക്കുന്ന അതോറിറ്റി ഏതാണ് എന്ന് അതില്‍നിന്ന് വ്യക്തമാണ്. ഇക്കാര്യം പരസ്യമായി വെളിപ്പെടുത്തുന്നില്ല എന്നത് കെ.പി.എസിന്റെ തെറ്റായ ധാരണയാണ്. വെളിപ്പെടുത്താത്ത ഒരു ഒളിയജണ്ടയും ജമാഅത്തിന് ഇല്ല. ഇവിടെ പ്രവര്‍ത്തിക്കുന്ന ഏത് സംഘടനക്കും അവരുടേതായ തത്വശാസ്ത്രവും മാര്‍ഗരേഖയും വിശ്വാസവും ഉണ്ടാകും. അതൊന്നും പാഠില്ലെങ്കില്‍ പിന്നെ ജനാധിപത്യത്തിന്റെ പേരില്‍ മേനി നടിക്കുന്നതിലെന്ത് അര്‍ഥം. കമ്മ്യൂണിസ്റ്റ് കാരന് ഇക്കാര്യത്തിലുള്ള കാഴ്ചപ്പാട് എന്താണ് എന്നാരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ അവര്‍ വ്യക്തമാക്കിയിട്ടുണ്ടോ?. ഇവിടെ ജമാഅത്തിന് മാത്രമേ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉള്ളൂവെന്നാണോ കെ.പി.എസ് ധരി്ച്ചുവെച്ചിരിക്കുന്നത്. സത്യത്തില്‍ എല്ലാ വിഭാഗവും തങ്ങളുടെ പൂര്‍ണമായ തത്വശാസ്ത്രവും ഭരണവ്യവസ്ഥകളും ഇതുപോലെ വ്യക്തമായി ജനങ്ങളുടെ മുന്നില്‍ വെക്കുകയാണ് വേണ്ടത്. എന്നിട്ട് അതില്‍ നല്ലതെന്ന് തോന്നുന്നതിന് ജനങ്ങള്‍ പിന്തുണ നല്‍കട്ടേ. ഈ നാടിനും നാട്ടുക്കാര്‍ക്കും ഗുണകരമല്ലെന്ന് തോന്നുന്നതിനെ ജനം തള്ളിക്കളയട്ടേ. അതാണ് ഇന്ത്യയുടെ പ്രഖ്യാപിത ജനാധിപത്യം പോലും ആവശ്യപ്പെടുന്നത്. സത്യത്തില്‍ ഇക്കാര്യത്തില്‍ ബേജാറ് പുലര്‍ത്തുന്നവരാണ് ജനാധിപത്യത്തിന്റെ അന്തസത്ത ഉള്‍കൊള്ളാത്തവരും ജനാധിപത്യ വിരുദ്ധരും.


['എല്ലാ വിധ അഭിപ്രായങ്ങളെയും ഉള്‍ക്കൊള്ളാനും അവയില്‍ നിന്ന് ഏറ്റവും ശരിയിലേക്ക് എത്താനും കഴിയുന്നതാണ് നിലവിലെ പാര്‍ലമെന്ററി സമ്പ്രദായം. ഈ സമ്പ്രദായം അംഗീകരിക്കാതെ ജമാ‌അത്തെ ഇസ്ലാമിക്ക് ഒരിഞ്ച് മുന്നോട്ട് പോകാന്‍ കഴിയില്ല. അവര്‍ മുന്‍‌കൈ എടുത്ത് വെല്‍ഫെയര്‍ പാര്‍ട്ടി എന്നൊരു രാഷ്ട്രീയപാര്‍ട്ടിക്ക് ജന്മം നല്‍കിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ജമാ‌അത്തേ ഇസ്ലാ‍മിയുടെ പ്രവര്‍ത്തകര്‍ പൊതുവെ നല്ലൊരു സംസ്ക്കാരം ആര്‍ജ്ജിച്ചിട്ടുള്ളവരാണ്. ആ നന്മ തന്നെ ഒരു ഹിഢന്‍ അജണ്ടയുടെ ഭാഗമാണ് എന്ന് പൊതുവെ തെറ്റിദ്ധരിക്കപ്പെടാന്‍ കാരണമായിട്ടുള്ളത് ജനാധിപത്യത്തോടുള്ള അവരുടെ ഈ സന്നിഗ്ദ്ധ സമീപനം നിമിത്തമാണ്. അത്കൊണ്ട്, പാര്‍ലമെന്ററി ജനാധിപത്യമാണ് ഏറ്റവും നവീനമായ രാഷ്ട്രീയ ചിന്താപദ്ധതി എന്നും പ്രയോഗത്തില്‍ നിലവില്‍ മറ്റ് മാര്‍ഗ്ഗമില്ല എന്നും അംഗീകരിക്കാന്‍ ജമാ‌അത്തെ ഇസ്ലാമി തയ്യാറാവുക.']
 

നിലവിലെ പാര്‍ലമെന്ററി സമ്പ്രദായത്തിന് എന്തെല്ലാം ഗുണങ്ങളുണ്ടോ അവയൊക്കെയും അടിസ്ഥാനപരമായി അംഗീകരിക്കുകയും സ്വാശീകരിച്ച് സ്വന്തം പ്രവര്‍ത്തന പരിപാടികളില്‍ നടപ്പിലാക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. എല്ലാവിധ അഭിപ്രായങ്ങളെയും കേട്ട് ഏറ്റവും നല്ലത് പിന്തുടര്‍ന്ന് തന്നെയാണ് അത് മുന്നോട്ട് പോകുന്നത്. വിശുദ്ധഖുര്‍ആനില്‍ ഇങ്ങനെ ഒരു വചനം തന്നെയുള്ളത് കെ.പി.എസ് കേട്ടിട്ടുണ്ടാവില്ല. 'അതുകൊണ്ട് (പ്രവാചകാ) എന്റെ ദാസന്മാരെ സുവാര്‍ത്തയറിയിക്കുക; വചനങ്ങളെ ശ്രദ്ധിച്ചുകേള്‍ക്കുകയും എന്നിട്ട് അതില്‍ ഏറ്റവും നല്ലതിനെ പിന്‍പറ്റുകയും ചെയ്യുന്നവരെ. അവരാകുന്നു അല്ലാഹു സന്മാര്‍ഗം നല്‍കിയിട്ടുള്ളവര്‍. ബുദ്ധിമാന്മാരും അവര്‍തന്നെ.' (39:18)
 
അതുകൊണ്ട് തന്നെ ജമാഅത്തെ ഇസ്ലാമി ഒരു ഇഞ്ചല്ല 60 വര്‍ഷമായി മുന്നോട്ട് പോയിക്കൊണ്ടേയിരിക്കുകയാണ്. എണ്ണത്തില്‍ വളരെ ചെറിയ സംഘമാണെങ്കിലും പ്രവര്‍ത്തനത്തില്‍ അതിനോടൊപ്പമെത്തിയ മുസ്ലിം സംഘടനകള്‍ കേരത്തില്‍ വേറെ ഏതാണുള്ളത് എന്ന് പരിശോധിക്കുക. വെല്‍ഫയര്‍ പാര്‍ട്ടി ഇന്ത്യന്‍ സാഹചര്യത്തില്‍ പരമാവധി മൂല്യവത്തായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടി ജമാഅത്ത് നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട പൊതുരാഷ്ട്രീയ പ്രസ്ഥാനമാണ്. അത് അതിന്റെ ലക്ഷ്യം അനുസരിച്ച് മുന്നോട്ടുപോകൂം. ജമാഅത്ത് എന്താണോ ലക്ഷ്യം വെച്ചത് അതിനനുസരിച്ച് അതും മുന്നോട്ട് പോകും. പോകുന്നുണ്ട്.

ജമാഅത്തിനെ മനസ്സിലാക്കാന്‍ അവകാശമുള്ള പോലെ തന്നെ തെറ്റിദ്ധരിക്കാനും സാധ്യതയുണ്ട്. സന്‍മനസ്സുള്ളവര്‍ക്ക് ആ തെറ്റിദ്ധാരണനീക്കാനാവശ്യമായ എല്ലാ ഇടപെടലുകളും വിശദീകരണവും അത് നല്‍കുന്നുമുണ്ട്. നിലവിലെ പാര്‍ലമെന്ററി ജനാധിപത്യം മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമനിര്‍മാണം അംഗീകരിക്കാത്തിടത്തോളം കാലം കുറ്റമറ്റതോ നവീനമോ അല്ല. മറിച്ച് വിശ്വസിക്കാന്‍ ജമാഅത്തിന് ബാധ്യതയും ഇല്ല. കെ.പി.എസ് വിശ്വസിക്കുന്നതിനേക്കാള്‍ എത്രയോ ഉന്നതവും വ്യക്തവും ശക്തവുമായ കുറ്റമറ്റ ജനാധ്യപത്യത്തിലാണ് ഓരോ ജമാഅത്തുകാരനും വിശ്വസിക്കുന്നത്.(അവസാനിച്ചു)

10 അഭിപ്രായ(ങ്ങള്‍):

Abid Ali പറഞ്ഞു...

നന്നായി പറഞ്ഞു

Ashraf പറഞ്ഞു...

"ഭൂരിപക്ഷത്തിന്റെ സമ്മതപ്രകാരം ഒരു നിയമം നിര്‍മ്മിക്കപ്പെടുമ്പോള്‍ അത് അനുസരിക്കാന്‍ ന്യൂനപക്ഷം ബാധ്യസ്ഥമാണ്"(KPS)

"ഭൂരിപക്ഷ ജനാഭിപ്രയ"മെന്ന പവിത്ര സങ്കല്പത്തില്‍ നിന്നുകൊണ്ടാണ് കെപിഎസ് ഇപ്രകാരം പറയുന്നതെങ്കിലും ന്യൂനപക്ഷത്തിന് അനുസരിക്കാന്‍ ബാധ്യസ്ഥതയുള്ള നിയമനിര്‍മിതിയുടെ യഥാര്ത്ഥരൂപം ഭീകരമാണ്.

1.ഭൂരിപക്ഷത്തിന്റെ സമ്മതപ്രകാരം എന്നതല്ല, തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഭൂരിപക്ഷങ്ങളുടെ പിന്തുണപ്രകാരം എന്നതാണ് ജനാധിപത്യത്തിന്റെ "തിയറി"...! ചെറിയ ഭൂരിപക്ഷത്തില്‍ ഭരണത്തിലിരിക്കുന്നവരുടെ കാര്യത്തില്‍ "ഭൂരിപക്ഷജനപിന്തുണ ലഭിച്ചവര്‍" പ്രതിപക്ഷത്തിരിക്കുന്ന അവസ്ഥ ജനാധിപത്യത്തില്‍ അസംഭവ്യമൊന്നുമല്ല.!!

2. ജനാധിപത്യത്തിലെ "പ്രാക്ടിക്കല്‍" ഇതിനെക്കാള്‍ മോശമാണ്... അവിടെ ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണയെക്കള്‍ പാര്ട്ടി യാണ് വോട്ട് (പിന്തുണ) തീരുമാനിക്കുന്നത്. അംഗങ്ങള്ക്ക് ‌ സ്വതന്ത്രമായ ചിന്തയോ വോട്ടിംഗോ പലപ്പോഴും സാധ്യമാകില്ല. "വിപ്പ്‌" നല്കരപ്പെടുന്ന ഇക്കാലത്ത് ഒരു പാര്ട്ടി യിലെ സഭാംഗങ്ങളുടെ മൊത്തം വോട്ടുകളെ ജനാധിപത്യത്തിന്റെ അടിസ്ഥാനതിയറി പ്രകാരം "ഒരു വോട്ട്" എന്ന രീതിയിലെ എണ്ണാന്‍ പാടുള്ളൂ (സ്വാഭിപ്രായത്തോടെ വോട്ടിംഗ് നടത്താന്‍ സാധ്യമല്ലാത്ത പ്രോഗ്രാമ്ട് വോട്ടുകളെ "ഒരുവോട്ട്" എന്നതിനെക്കാള്‍ കൂടുതലായി എണ്ണാനാവുമോ, പക്ഷെ സംഭവിക്കുന്നത് മറിച്ചും). ചുരുക്കത്തില്‍ ഒരു വിഷയത്തില്‍ ഒരു പൊളിറ്റിക്കല്‍പാര്ട്ടി "യെസ്" എന്നും നാല് പാര്ട്ടികള്‍ "നോ" എന്നും അഭിപ്രായം രേഘപ്പെടുത്തിയാല്‍ വിജയം ന്യൂനപക്ഷ(ഒരുപാര്‍ട്ടി) "യെസ്" എന്നതിനാവും.
ജനാധിപത്യത്തിന്റെ പവിത്രമായ "ഭൂരിപക്ഷ ജനാഭിപ്രയ" സങ്കല്പത്തെ തോട്ടിലെരിയുന്ന പ്രാക്ടിക്കല്‍ രൂപം..!

3.ഭൂരിപക്ഷ സമ്മതപ്രകാരം പോലും ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ ഹനിച്ചുകൊണ്ട് തീരുമാനങ്ങളെടുത്താല്‍ അത് ജനാധിപത്യത്തിന് എതിരാവും.. എങ്കിലും ണ് പ്രയോഗത്തില്‍ നടക്കുന്നത്.. എന്തിനേറെ ഭൂരിപക്ഷ ജനാഭിപ്രയത്തിന് വിരുദ്ദമായിപോലും ജനാധിപത്യ സംവിധാനത്തില്‍ തീരുമാനങ്ങള്‍ പ്രവാര്ത്തിികമാവാന്‍ ജനാധിപത്യം തന്നെ ലൂപ്‌ ഹോള്‍ നല്കു ന്നു.


"പാര്ലിമെന്റില്‍ ഭൂരിപക്ഷം ജനപ്രധിനിധികള്ക്ക് നിയമം നിര്മ്മിുക്കാന്‍ കഴിയുന്ന ജനാധിപത്യ സമ്പ്രദായം........ " എന്ന് തുടങ്ങുന്ന പാരഗ്രാഫ് കെ പി എസ്സിന്റെത്‌ ആണെന്ന് തോന്നുന്നു, പക്ഷെ അത് ക്രമീകരിച്ചത് അദ്ദേഹത്തിന്റെ് മറ്റുവരികള്‍ നല്കുപ്പെട്ടത്‌ പോലെയല്ല... ! (CK Lathif, please check)

CKLatheef പറഞ്ഞു...

നന്ദി. അഷ്റഫ് മറുപടി സഹിതം അത് ശരിപ്പെടുത്തിയിട്ടുണ്ട്.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു...

I posted this article in our "Koottilangadi Group" ....Discussion going on this topic...... :)

CKLatheef പറഞ്ഞു...

ജമാഅത്തെ ഇസ്ലാമി അതിന്റെ പ്രബോധനം സമര്‍പ്പിക്കുമ്പോള്‍ ചിലരെങ്കിലും വളരെ ബാലിശതയോടെ തിരിച്ചു ചോദിക്കുന്നത്. ഞങ്ങളാരും, അല്ലെങ്കില്‍ നിങ്ങളല്ലാത്തവരാരും ഞങ്ങളുടെ നിയമം ദൈവത്തില്‍നിന്ന് ഇറക്കിത്തന്നതാണ് എന്ന് വാദിക്കുന്നില്ലല്ലോ എന്നാണ്.

അതിന് ജമാഅത്തെ ഇസ്ലാമി എന്ത് ചെയ്യണം. നിങ്ങളെ പോലെ തന്നെ വാദിക്കുകയോ?.

ജമാഅത്തിനെക്കുറിച്ച് വെച്ചുപുലര്‍ത്തുന്ന മറ്റൊരു തെറ്റിദ്ധാരണ, ഇന്ത്യന്‍ പാര്‍ലമെന്റ് നിര്‍മിക്കുന്ന മനുഷ്യനിര്‍മിത നിയമങ്ങള്‍ ഞങ്ങള്‍ അംഗീകരിക്കുകയില്ല എന്ന് ജമാഅത്തെ ഇസ്ലാമി പറയുന്നുവെന്ന് മനസ്സിലാക്കിയതാണ്. സത്യത്തില്‍ മനുഷ്യപുരോഗതിക്ക് ഉതകുന്നതും സാമാധാനത്തിനും രാഷ്ട്രസുരക്ഷക്കും ഉപയുക്തമായ നിയമങ്ങളൊക്കെ തന്നെയും ദൈവിക നിയമങ്ങളുടെത് പോലെ തന്നെയാണ്. അതിനാല്‍ അവ പാലിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടത് മതപരമായ കര്‍തവ്യമാണ് എന്ന് മനസ്സിലാക്കുന്നവരും കൂടിയാണവര്‍ . ഉദാഹരണത്തിന് റോഡിന്റെ ഇടതുഭാഗം ചേര്‍ന്ന് വണ്ടിയോടിക്കണം എന്ന ഒരു നിയമം നിര്‍മിച്ചിട്ടുണ്ടെങ്കില്‍ അതിന് വിരുദ്ധമായി വലത് വശത്തുകൂടിയോ തോന്നിയ പോലെയോ വണ്ടിയോടിക്കാന്‍ ഒരു മുസ്ലിമിന് മതപരമായി പോലും അനുവാദം ലഭിക്കുകയില്ല. എന്ന് വെച്ചാല്‍ പോലീസ് കണ്ടാലോ എന്ന് കരുതിമാത്രമല്ല അവന്‍ ഈ നിയമം പിന്തുടരുന്നത് മറിച്ച് ദൈവത്തിങ്കല്‍ കുറ്റക്കാരനാകും എന്ന നിലക്ക് കൂടിയാണ്.

CKLatheef പറഞ്ഞു...

ജമാഅത്തെ ഇസ്ലാമി അതിന്റെ പ്രബോധനം സമര്‍പ്പിക്കുമ്പോള്‍ ചിലരെങ്കിലും വളരെ ബാലിശതയോടെ തിരിച്ചു ചോദിക്കുന്നത്. ഞങ്ങളാരും, അല്ലെങ്കില്‍ നിങ്ങളല്ലാത്തവരാരും ഞങ്ങളുടെ നിയമം ദൈവത്തില്‍നിന്ന് ഇറക്കിത്തന്നതാണ് എന്ന് വാദിക്കുന്നില്ലല്ലോ എന്നാണ്.

അതിന് ജമാഅത്തെ ഇസ്ലാമി എന്ത് ചെയ്യണം. നിങ്ങളെ പോലെ തന്നെ വാദിക്കുകയോ?.

ജമാഅത്തിനെക്കുറിച്ച് വെച്ചുപുലര്‍ത്തുന്ന മറ്റൊരു തെറ്റിദ്ധാരണ, ഇന്ത്യന്‍ പാര്‍ലമെന്റ് നിര്‍മിക്കുന്ന മനുഷ്യനിര്‍മിത നിയമങ്ങള്‍ ഞങ്ങള്‍ അംഗീകരിക്കുകയില്ല എന്ന് ജമാഅത്തെ ഇസ്ലാമി പറയുന്നുവെന്ന് മനസ്സിലാക്കിയതാണ്. സത്യത്തില്‍ മനുഷ്യപുരോഗതിക്ക് ഉതകുന്നതും സാമാധാനത്തിനും രാഷ്ട്രസുരക്ഷക്കും ഉപയുക്തമായ നിയമങ്ങളൊക്കെ തന്നെയും ദൈവിക നിയമങ്ങളുടെത് പോലെ തന്നെയാണ്. അതിനാല്‍ അവ പാലിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടത് മതപരമായ കര്‍തവ്യമാണ് എന്ന് മനസ്സിലാക്കുന്നവരും കൂടിയാണവര്‍ . ഉദാഹരണത്തിന് റോഡിന്റെ ഇടതുഭാഗം ചേര്‍ന്ന് വണ്ടിയോടിക്കണം എന്ന ഒരു നിയമം നിര്‍മിച്ചിട്ടുണ്ടെങ്കില്‍ അതിന് വിരുദ്ധമായി വലത് വശത്തുകൂടിയോ തോന്നിയ പോലെയോ വണ്ടിയോടിക്കാന്‍ ഒരു മുസ്ലിമിന് മതപരമായി പോലും അനുവാദം ലഭിക്കുകയില്ല. എന്ന് വെച്ചാല്‍ പോലീസ് കണ്ടാലോ എന്ന് കരുതിമാത്രമല്ല അവന്‍ ഈ നിയമം പിന്തുടരുന്നത് മറിച്ച് ദൈവത്തിങ്കല്‍ കുറ്റക്കാരനാകും എന്ന നിലക്ക് കൂടിയാണ്. ഏതെങ്കിലും പാര്‍ട്ടികള്‍ തങ്ങള്‍ തോന്നിയത് പോലെ നിയമം നിര്‍മിക്കാം എന്ന് കരുതുന്നുവെങ്കില്‍ ആയിക്കൊള്ളട്ടേ. പക്ഷെ അത് ആ പാര്‍ട്ടിയുടെ മഹത്വമായി ഇവിടെയൊക്കെ വിളമ്പാതിരിക്കാനുള്ള സാമാന്യബുദ്ധിയെങ്കിലും മിനിമം പ്രതീക്ഷിക്കുന്നുണ്ട്.

CKLatheef പറഞ്ഞു...

ഒരു മുതലാളിത്ത വ്യവസ്ഥിതിക്കാരനും ഒരു കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്നവനും അവരവരുടെ ആദര്‍ശത്തിനും തത്വത്തിനും യോജിക്കുന്ന നിയമമായിരിക്കും നിര്‍മിക്കുക. കാരണം അവര്‍ നന്മകാണുന്നത് അതിലാണ്. അല്ല എന്ന് ഏതെങ്കിലും വിഢികള്‍ ഇവിടെ വന്ന് പറഞ്ഞാലും അത് ആരെങ്കിലും മുഖവിലക്കെടുക്കും എന്ന് തോന്നുന്നില്ല.

CKLatheef പറഞ്ഞു...

ഇന്നത്തെ ചര്‍ച അവസാനിപ്പിച്ചുകൊണ്ട് പറയാനുള്ളത്. ജമാഅത്തിനെ കെ.പി. സുകുമാരന്‍ സാര്‍ കുറേകൂടി ഗൌരവത്തില്‍ പഠിക്കണമെന്നാണ്. അതിനെതിരെ ചന്ദ്രഹാസമിളക്കുന്നവര്‍ താങ്കളെ വഞ്ചിതരാക്കാതിരിക്കട്ടേ... കാര്യങ്ങളെ യഥാവിധി മനസ്സിലാക്കിയതിന് ശേഷം താങ്കള്‍ക്ക് ഇഷ്ടമുള്ളത് സ്വീകരിക്കാം.

ജമാഅത്തിനെക്കുറിച്ച പഠനം വലിയ ഒരു ആശയപ്രപഞ്ചത്തെക്കുറിച്ചുള്ള പഠനമാണ്. പുതിയ ഒരു ജീവിതലക്ഷ്യത്തെയും ദൌത്യത്തേയും കുറിച്ച പഠനമാണ്. പതിനാല് നൂറ്റാണ്ടിലധികമായി നിലനിന്ന് വരുന്ന ഒരു വലിയ തത്വസംഹിതയെക്കുറിച്ച പഠനമാണ്. ഇന്നും മതരഹിതമതേതരത്വത്തിനും സ്വേഛാധിപത്യത്തിനും എതിരെ വിപ്ലവം സൃഷ്ടിക്കാന്‍ കരുത്തുള്ള ഭരണവ്യവസ്ഥയെക്കുറിച്ച പഠനമാണ്.....

മറിച്ച് ഇതിനെതിരെ സകലമാന ജമാഅത്ത് വിമര്‍ശകരുടെയും വിരോധികളുടെയും പിന്തുണയോടെ ആയുസ് കാലം മുഴുവനും അത്യധ്വാനം ചെയ്തിട്ടും അവസാനം ജമാഅത്തിന്റെ ഇന്റലക്ച്വല്‍ ജിഹാദിനെക്കുറിച്ച് വിലപിക്കേണ്ടി വന്ന ഹമീദ്-കാരശേരികളാധികളുടെ അനുഭവം ഓര്‍ക്കുന്നത് നല്ലതാണ്. അതിലപ്പുറമൊന്നും ആര്‍ക്കും ഇനി കേരളത്തില്‍ ചെയ്യാനാവുമെന്ന് തോന്നുന്നില്ല.

അതിനുമപ്പുറം കള്ളവും കുതന്ത്രവും ചെയ്യുന്നവര്‍ക്കും അവസരമുണ്ട് അവരത് ഉപയോഗപ്പെടുത്തുകയും ചെയ്യും. അതാണ് ഈ ഇസ്ലാം എന്ന തത്വസംഹിതയുടെ ചരിത്രം. അത്തരം തീചൂളകളിലൂടെ ഇത് കാലത്തെ അതിജയിച്ച് കടന്നുപോകണം എന്നാണ് ദൈവം തീരുമാനിച്ചിരിക്കുന്നത് എന്ന് തോന്നുന്നു.

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

"KPS വിശ്വസിക്കുന്നതിനേക്കാള്‍ എത്രയോ ഉന്നതവും വ്യക്തവും ശക്തവുമായ കുറ്റമറ്റ ജനാധിപത്യതിലാണ് ഓരോ ജമാഅത്കാരനും വിശ്വസിക്കുന്നത്". ഈ വാക്കുകള്‍ക്ക് എന്റെ അടിവര.
വിശ്വസിക്കുക മാത്രമല്ല അതിനനുസ്ര്തമായി അതിന്റെ അണികളെ വാര്‍ത്തെടുക്കാന്‍ ജമാഅത്ത് നേത്രത്വം ശ്രദ്ധ വെക്കുന്നത് കൊണ്ടാണ് കെപി സ് മതിപ്പോടെയും ഒരുവേള മുഖം മൂടിയെന്നു തെറ്റിദ്ധരിക്കുകയും ചെയ്യുന്ന നല്ല സംസ്കാരമുള്ള ആളുകളായി ജമാഅത്തണികളില്‍ ഭൂരിഭാഗവും കാണപ്പെടുന്നത്. അത് കേവല ഭൌതികതയിലൂന്നിയ ജനാധിപത്യം വഴി ആര്‍ജിതമാവില്ല. നമുക്ക് മീതെ സ്രഷ്റ്റാവും ഉടമസ്ഥനുമായ ഒരു ദൈവമുണ്ടെന്നും മരണാനന്തരം അവനു മുമ്പില്‍ ഉത്തരം ബോധിപ്പിക്കേണ്ടിവരും എന്നാ വിശ്വാസം അതിനു മെലൊപ്പായി ജനങ്ങളില്‍ രൂഡമൂലമാക്കെണ്ടാതുണ്ട്. ഇത് സാധിതമാവുംമ്പോഴാണ് ലോകവ്യാപകമായി ജനാതിപത്യ രാജ്യങ്ങളില്‍ കണ്ടുവരുന്ന ജീര്‍ണതകളായ അഴിമതി, സ്വജനപക്ഷപാതം അരാജകത്വം തുടങ്ങിയവ അന്യമായ ഒരു ജനാധിപത്യം നിലവില്‍ വരുന്നത്.

പാര്‍ലിമെന്ററി ജനാധ്പത്യം അംഗീകരിച്ചു ഇന്ത്യയിയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയെക്കാളും ഉയര്‍ന്ന ജനാധിപത്യ മാനദഡമനുസരിച്ചാണ് ജമാഅത്തെ ഇസ്‌ലാമി അതിന്റെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. പ്രായോഗിക തലത്തില്‍ തികച്ചും ജനാധിപത്യപരമെന്നു അവകാശപ്പെടാവുന്ന നേത്ര് തിരഞ്ഞെടുപ്പ് നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടി ഇന്ത്യയില്‍ എതാണുള്ളത്?
മതേതര ജനാധിപത്യത്തിന്റെ ഇന്ത്യന്‍ പതിപ്പ് ജമാഅത്തിനു സ്വീകാര്യമാണെന്ന് അത് വളച്ചുകെട്ടില്ലാതെ കാലാ കാലങ്ങളില്‍ വ്യക്തമാക്കിയത് KPS കാണാതെ പോവില്ലെന്നാണ് എന്റെ വിശ്വാസം. എന്ന് വച്ച് അത് അന്യൂനമെന്നു ജമാഅത്ത് കരുതുന്നു എന്നല്ല നിലവിലുള്ള ഇന്ത്യനവസ്ഥയില്‍ അതാണ്‌ ഏറ്റവും അനുയോജ്യം എന്നേ അര്‍ത്ഥമുള്ളൂ.
ഇന്ത്യന്‍ ജനാധിപത്യം കുറ്റമറ്റതെന്നു KPS നും വാദമുണ്ടെന്ന് തോന്നുന്നില്ല. ശാസ്ത്രോപാസകനായ kps ഇതാണ് ആത്യന്തിക രീതിശാസ്ത്രം എന്നും കരുതാനുമിടയില്ല. കാരണം ശാസ്ത്രത്തില്‍ ആത്യന്തിക സത്യം എന്ന ഒന്നില്ലല്ലോ?അങ്ങിനെ വരുമ്പോള്‍ കൂടുതല്‍ നല്ലതിന് വേണ്ടിയുള്ള അന്വേഷനത്തിന്‌ ഒരു സ്കോപ് എപ്പോഴും അവിടെ ഉണ്ടാവും. മൊത്തം മനുഷ്യര്‍ക്കും ആത്യന്തികമായി നല്ലതെന്ന് ജമാഅത്ത് കരുതുന്ന ദൈവിക ജനപ്രാധിനിത്യ വ്യവസ്ഥ, ജനാധിപത്യം ജീര്‍നോന്മുഖമായ വാര്‍ത്ത‍മാനാവസ്ഥയില്‍ ഒരു ത്വതിക പരീക്ഷനമെന്ന നിലയിലെങ്കിലും ചര്‍ച്ച ചെയ്യപ്പെടെണ്ടാതല്ലേ? ഇതാരുടെ മേലും അടിചെല്‍പ്പിക്കെണ്ടതല്ലല്ലോ. മുഴു ജനതയും അല്ലെങ്കില്‍ അവരില്‍ ഭൂരിപക്ഷ്മെങ്കിലും അറിഞ്ഞംഗീകരിക്കുംപോഴേ പ്രസ്തുത വ്യവ്യസ്ഥ നിലവില്‍ വരികയുള്ളു. പുതിയ കരടു ഭരണഘടനക്കായി ഈജിപ്തില്‍ നടന്നു വരുന്ന റഫറണ്ടം പോലെ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK