'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, ഓഗസ്റ്റ് 06, 2009

ജമാഅത്തെ ഇസ്ലാമിയുടെ നയനിലപാടുകള്‍

ജമാഅത്തെ ഇസ്ലാമി സമഗ്ര ഇസ്ലാമിനെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ് ഇത് വരെ പറഞ്ഞുവന്നത്. ഇതിനെ ആചരിക്കാനും സമാധാന പൂര്‍വം പ്രചരിപ്പിക്കാനും ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് തന്നെ അതിന് സ്വാതന്ത്യമുണ്ട്. നാട്ടില്‍ കുഴപ്പവും ചിദ്രതയും ഉണ്ടാക്കുന്നതോ സമാധാനത്തെ ഹനിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും അത് ഏര്‍പ്പെടുകയില്ല എന്നത് ജമാആത്തിന്റെ നയം മാത്രമല്ല അതിന്റെ ആദര്‍ശത്തില്‍തന്നെ അലിഞ്ഞ് ചേര്‍ന്നതാണ് അതിനാല്‍ ഒരു ഘട്ടത്തിലും അതില്‍ മാറ്റമുണ്ടാവുകയില്ല.
സ്വയം രാഷ്ട്രീയത്തില്‍ പ്രവേശിക്കാതിരിക്കെ തെരഞ്ഞെടുപ്പിന്റെ അവസരത്തില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്നത് പ്രസ്ഥാനം ചിന്തിച്ച് പോന്നിട്ടുണ്ട്. തുടക്കത്തില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ട് രേഖപ്പെടുത്തേണ്ടതില്ല എന്ന സ്വാഭാവിക നിലപാടാണ് സ്വീകരിച്ചത്. അടിയന്തരാവസ്ഥയെ തുടര്‍ന്ന് പ്രസ്ഥാനത്തിന് പ്രവര്‍ത്തന സ്വാതന്ത്യ്രം തിരിച്ച് കിട്ടുന്നതിന് വേണ്ടി കോണ്‍ഗ്രസിനെതിരെ വോട്ട് രേഖപ്പെടുത്താന്‍ തീരുമാനിച്ചു. പിന്നീട് മൂല്യാധിഷ്ഠിത നിലപാട് സ്വീകരിച്ചു. അതിന് ശേഷം വന്ന തെരഞ്ഞെടുപ്പുകളില്‍ വര്‍ഗീയ ഫാസിസ്റ് ശക്തികള്‍ അധികാരത്തില്‍ വരുന്നത് തടയത്തവിധം അവര്‍ക്കെതിരെ മല്‍സരിക്കുന്ന വിജയസാധ്യതയുള്ള മതേതര കക്ഷികള്‍ക്ക് വോട്ടു നല്‍കാന്‍ തീരുമാനിച്ചു. അവസാനം സാമ്രജ്യത്വത്തിനെതിരെ താരതമ്യേന കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നത് ഇടത് പക്ഷ കക്ഷികാളാണെന്ന അടിസ്ഥാനത്തില്‍ അവര്‍ക്ക് വോട്ടുനല്‍കി. ഇന്ത്യ സ്വാതന്ത്യം നേടി ഇത് വരെയുള്ള അതിസങ്കീര്‍ണമായ വ്യത്യസ്ത അവസ്ഥകളില്‍ കടന്ന് വന്ന തെരഞ്ഞെടുപ്പുകളില്‍ ജമാഅത്ത് സ്വീകരിച്ച നിലപാടുകളുടെ സംക്ഷിപ്തമാണിത്. ഇവയിലോരോ തീരുമാനവും ജമാഅത്തിലെ പണ്ഡിതന്‍മാര്‍ (ശൂറാ അംഗങ്ങള്‍) ഖുര്‍ആനും സുന്നത്തും സമകാലിക ലോക പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങളും മുന്നില്‍വെച്ച് ദീര്‍ഘനാളത്തെ ചര്‍ച്ചകൊടുവില്‍ എത്തിചേര്‍ന്നവയായിരുന്നു. അപ്പോഴൊക്കെ മുജാഹിദ് പ്രസ്ഥാനം എന്ത് ചെയ്യുകയായിരുന്നു?. മുഖ്യമായും ചെയ്തിരുന്നത് മുന്‍കാല തീരുമാനങ്ങളുടെ ഉദ്ധരണികള്‍ എടുത്ത് കാട്ടി പുതിയ തീരുമാനങ്ങളെ എത്രപരിഹാസ്യമായി ചിത്രീകരിക്കാന്‍ കഴിയുമോ അത്രയും മോശമാക്കി സ്റേജുകളിലൂടെയും പുസ്തകത്താളുകളിലൂടെയും ആഘോഷിക്കുകയായിരുന്നു. ഒറ്റപ്പെട്ട ചിലതീരുമാനങ്ങള്‍ ഉണ്ടായിട്ടില്ല എന്നല്ല. പഴയകാല മുജാഹിദ് സാഹിത്യങ്ങള്‍ പരിശോധിച്ചാല്‍ ഇസ്ലാമിന്റെ രാഷ്ട്രീയത്തെക്കുറിച്ച ചര്‍ച്ചയില്‍ സംഭവിച്ച വൈരുദ്ധ്യങ്ങള്‍ ആര്‍ക്കും ന്യായീകരിച്ചൊപ്പിക്കാനാവാത്ത വിധത്തിലാണ്. അതുകൊണ്ടു തന്നെയാവണം ഇപ്പോള്‍ ഞങ്ങള്‍ക്ക് ആര് പറഞ്ഞതും തെളിവല്ല, ഞങ്ങളുടെ തെളിവ് ഖുര്‍ആനും സുന്നത്തുമാണ് എന്നവകാശപ്പെട്ട് ഓരോരുത്തരും തോന്നിയപോലെ പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നത്. അപ്പോള്‍ ആദ്യം പറഞ്ഞവരുടെ സ്രോതസ് ഖുര്‍ആനും സുന്നത്തുമായിരുന്നില്ലേ എന്ന് ചോദിക്കാന്‍ തോന്നുന്നു.
രാഷ്ട്രീയവും തെരഞ്ഞെടുപ്പും ഒരു ദീന്‍കാര്യമോ അതല്ല മാര്‍ക്കെറ്റില്‍ ചെന്ന് മീന്‍ വാങ്ങുന്നത് പോലെ ഒരു ദുന്‍യാകാര്യമോ എന്ന ചര്‍ച്ചനടന്നുകൊണ്ടിരിക്കുന്ന പക്ഷത്തോടു ഈ വിഷയത്തില്‍ വലിയ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് പ്രസക്തിയില്ല. അല്ലെങ്കില്‍ നമുക്ക് ചോദിക്കാമായിരുന്നു. എന്താണ് ഇസ്ലാമിക രാഷ്ട്രീയം? ഒരാള്‍ മതപരമായി മുജാഹിദും രാഷ്ട്രീയപരമായി കമ്മ്യൂണിസ്റും ആകുന്നതിന്റെ വിധി എന്താണ്?. ഒരു മുസ്ലിമിന് രാഷ്ട്രീയത്തിലൊരു നേതാവും മതകാര്യങ്ങളില്‍ വേറൊനേതാവും ആകാം എന്നത് ഖുര്‍ആനിന്റെയും സുന്നത്തിന്റേയും അടിസ്ഥാനത്തിലുള്ള തീരുമാനമാണോ?. ഇവയ്ക്കൊക്കെ ആര് മറുപടിതരാനാണ്. ഇനി തന്നാലും അണികള്‍തന്നെയും അതംഗീകരിക്കുമോ? അവരുടെ തെളിവ് ഖുര്‍ആനും സുന്നത്തുമല്ലേ?. എങ്കിലും നമുക്ക് ഒന്ന് പ്രതീക്ഷിക്കാം ഒരു നോട്ടീസ്. അതില്‍ സ്വന്തം വകയായി ഒരു തലക്കെട്ടും ജമാഅത്ത് സാഹിത്യങ്ങളിലും പ്രബോധനത്തില്‍ വ്യത്യസ്ത സന്ദര്‍ഭത്തിലെടുത്ത തീരുമാനങ്ങള്‍ നിരത്തിയിട്ടുണ്ടാകും. ഹറാം ഹലാലാക്കിയതിലെ രോഷപ്രകടനം, തീവ്രവാദത്തിന്റെ അടിസ്ഥാനം മൌദുദിയും ഐ.പി.എച്ച് സാഹിത്യവുമാണ് എന്നുണ്ടാവും. ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ മതേതരത്വത്തിനും ജനാധിപത്യത്തിനും എതിരാണ് എന്ന പതിവ് പല്ലവിയുണ്ടാവും. ഇത്തരം നോട്ടിസുകളെ അവഗണിക്കുക എന്നതാണ് പലപ്പോഴും ജമാഅത്തിന്റെ സമ്പ്രദായം എന്നറിയുന്നതിനാല്‍ ധൈര്യമായി എന്തും എഴുതിവിടാം.

1 അഭിപ്രായ(ങ്ങള്‍):

Jamal Changaramkulam പറഞ്ഞു...

ഇസ്ലാം എന്നാൽ ഒരാൾ തന്റെ സ്രഷ്ടാവിന് തന്റെ ജീവിതം സമർപ്പിക്കുന്നതിലൂടെ അയാൾക്ക് കൈവരുന്ന സമാധാനമാണ്. അങ്ങിനെ സമർപ്പണത്തിന്റെ മാർഗ്ഗം തിരഞ്ഞെടുത്ത മനുഷ്യനെ മുസ്ലിം എന്ന് പറയുന്നു.
ജീവിതവും മരണവും അല്ലാഹു സ്രിഷ്ടിക്കിട്ടുള്ളത് ആരാണ് നന്നായി പ്രവർത്തിക്കുന്നത് എന്ന് പരീക്ഷിക്കുവാൻ വേണ്ടിയാകുന്നു.
സന്മാർഗ്ഗികൾക്ക് സ്വർഗ്ഗവും ദുർമാർഗ്ഗികൾക്ക് നരകവും പ്രതിഫലമായി ലഭിക്കും.
സന്മാർഗ്ഗം ഓരോരുത്തരും സ്വയം തീരുമാനിക്കുകയല്ല, മറിച്ച് പടച്ചവൻ കാലാകാലങ്ങളിൽ ദൂതന്മാരിലൂടെ നന്മയും തിന്മയും വേർതിരിച്ച് പഠിപ്പിക്കുകയായിരുന്നു. അങ്ങിനെ അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ) യിലൂടെയും അദ്ദേഹത്തിലൂടെ അവതരിപ്പിച്ച അന്തിമവേദഗ്രന്ഥത്തിലൂടെയും അല്ലാഹു ഇസ്ലാം മതത്തെ പൂർത്തീകരിച്ചു തന്നിരിക്കുന്നു. ഇനി ആർക്കും ദീനിൽ പുതുതായി ഒന്നും കൂട്ടിച്ചേർക്കാൻ അനുവാദമില്ല. പണ്ഡിതന്മാരും പരിഷ്കർത്താക്കളും ദീനിനെ പ്രവാചകൻ പഠിപ്പിച്ച രീതിയിൽ വിവരിച്ചുകൊടുക്കുന്നവരും ജനങ്ങൾക്ക് ബാധിക്കുന്ന വിശ്വാസവൈകല്യങ്ങളെ തിരുത്തി ഖുർആനിന്റെയും സുന്നത്തിന്റെയും യഥാർത്ഥമാർഗ്ഗത്തിലേക്ക് ജനങ്ങളെ തിരിച്ചു കൊണ്ടു വരുന്നവരുമാണ്. അവർക്കും തെറ്റു പറ്റാം. അതിനെ അന്ധമായി പിന്തുടരാൻ പാടില്ല. അടിസ്ഥാനം ദൈവിക ഗ്രന്ഥവും ദൈവദൂതന്റെ അധ്യാപനവുമായിരിക്കണം. പരിഷ്കരിച്ച് പരിഷ്കരിച്ച് പടച്ചവനും പ്രവാചകനും പഠിപ്പിച്ചതിന് എതിരാവരുത്.
ദീനിന്റെ അടിസ്ഥാനപരമായി വിശ്വാസ കാര്യങ്ങളായും കർമ്മകാര്യങ്ങളായും മൌദൂദിക്ക് മുൻപുള്ള പണ്ഡിതന്മാർ വിശദീകരിക്കിട്ടുണ്ട്. അതിന്റെ ഏറ്റവും ലളിത രൂപം താഴെകൊടുക്കുന്നു.
ഈമാൻ കാര്യങ്ങൾ:
1. അല്ലാഹുവിൽ വിശ്വസിക്കൽ
2. മലക്കുകളിൽ വിശ്വസിക്കൽ
3. വേദഗ്രന്ഥങ്ങളിൽ വിശ്വസിക്കൽ
4. പ്രവാചകന്മാരിൽ വിശ്വസിക്കൽ
5. അന്ത്യനാളിൽ വിശ്വസിക്കൽ
6. വിധിയിൽ വിശ്വസിക്കൽ

ഇസ്ലാംകാര്യങ്ങൾ:
1. അശ് ഹദു അന്ന ലാഇലാഹ ഇല്ലല്ലാഹ് വ അശ് ഹദു അന്ന മുഹമ്മദ് റസൂലുല്ലാഹ് എന്ന് സാക്ഷ്യവചനപ്രഖ്യാപനം.(അല്ലാഹു അല്ലാതെ ആരാധനക്കർഹൻ ഇല്ലെന്നും മുഹമ്മദ് അവന്റെ ദൂതനാണെന്നുമുള്ള ആ‍ത്മാർത്ഥമായ പ്രഖ്യാപനം)
2. നമസ്ക്കാരം
3. സക്കാത്ത്
4. നോമ്പ്
5. ഹജ്ജ്
ഇതാണ് ഇസ്ലാമിന്റെ അടിസ്ഥാനം. ഇത് പ്രവാചകൻ പഠിപ്പിച്ചതു പോലെ പിൻപറ്റി മൌദൂദി സാഹിബിന്റെ കാലം വരെയും അതിനുശേഷവും ജീവിച്ച ആളുകളും പൂർണ്ണമുസ്ലിംകളല്ലെ? മൌദൂദി സാഹിബിനെക്കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശദീകരണത്തെക്കുറിച്ചും കോടിക്കണക്കിന് മുസ്ലിംകൾ കേട്ടിട്ടു പോലുമില്ല എന്ന് വിചാരിക്കുക. എന്നാൽ അവർ പ്രവാചകന്റെ അധ്യാപനം ശരിയായി മനസ്സിലാക്കി അനുധാവനം ചെയ്യുന്നു. അവരുടെ ഈമാനിനോ ദീനിനോ വല്ല കുഴപ്പവുമുണ്ടോ?
ഉണ്ടെങ്കിൽ നബി(സ)പഠിപ്പിച്ചത് ശരിയല്ല എന്നല്ലേ നിങ്ങളുടേ വാദം.
കുഴപ്പമൊന്നുമില്ലെങ്കിൽ മുജാഹിദ് പ്രസ്ഥാനം ഉള്ളപ്പോൾ മറ്റൊരു പ്രസ്ഥാനം ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ചതെന്തിന്? ലളിതമായി ജനങ്ങളെ പഠിപ്പിക്കേണ്ട ദീനിനെ വിശദീകരിക്കുമ്പോൾ എന്തിനാണ് ജമാ‍ അത്തെ ഇസ്ലാമിക്ക്, മൌദൂദിസാഹിബിനെക്കുറിച്ചും സമഗ്ര രാഷ്ട്രീയ ഇസ്ലാമിനെക്കുറിച്ചും സാഹിത്യശൈലിയിൽ ഒരുപാട് എഴുതേണ്ടിവരുന്നത്.?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK