'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, ഓഗസ്റ്റ് 06, 2009

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയം

രാഷ്ട്രീയത്തോടുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട് നിലവിലെ രാഷ്ട്രീയ പരിസരത്ത് നിന്നാണ് രൂപം കൊള്ളുക. നല്ലയാളുകള്‍ക്ക് പ്രവേശനം അസാധ്യമോ പ്രയാസകരമോ ആണ് നിലവിലെ രാഷ്ട്രീയ സംവിധാനങ്ങള്‍ എന്ന് പൊതുവെ മനസ്സിലാക്കപ്പെടുന്നു. ഇക്കാരണത്താലാണ് ജമാഅത്തെ ഇസ്ലാമി ഒരു രാഷ്ട്രീയ സംഘടനായാണ് എന്ന് സ്റേജില്‍ നിന്ന് വിമര്‍ശകര്‍ പ്രഖ്യാപിക്കുമ്പോള്‍ ഒരല്‍പം ഭേദപ്പെട്ട ശകാരമായി എന്ന് ശ്രോതാക്കള്‍ക്ക് തോന്നുന്നത്. അത് കേവലം മതസംഘടനയോ നിലവിലെ രാഷ്ട്രീയ സംഘടനകളെപ്പോലെ ഒരു രാഷ്ട്രീയ സംഘടനയോ അല്ല; സംപൂര്‍ണമായി ഇസ്ലാമിനെ പ്രതിനിധീകരിക്കുന്ന ഒരു ഇസ്ലാമിക പ്രസ്ഥാനമാണ്. പ്രവാചകന്‍ പ്രബോധനം ചെയ്ത ഇസ്ലാമില്‍ നിന്ന് രാഷ്ട്രീയം വേര്‍ത്തിരിച്ച് നിര്‍ത്തിയാല്‍ എന്താണ് ബാക്കിയാവുക. അല്ലാഹുവിന്റെ വ്യവസ്ഥ അഥവാ ദീന്‍ ജീവിതത്തിന്റെ സകലതുറകളിലും നടപ്പില്‍വരുത്താന്‍ (ഇഖാമത്തുദ്ദീന്‍) വേണ്ടിയാണല്ലോ പ്രവാചകന്‍ നിയോഗിക്കപ്പെട്ടത്. മാത്രമല്ല ആ വ്യവസ്ഥ സകല വ്യവസ്ഥകളേക്കാളും മേല്‍കൈ നേടണമെന്നതും (ലി യുള്ഹിറഹു അലദ്ദീനി കുല്ലിഹീ) പ്രവാച നിയോഗത്തിന്റെ ലക്ഷ്യമാണ്. ഈ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന് അതിന്റെ ജനങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുകയും ഒരു വ്യവസ്ഥയുടെ തന്നെ ജീവനുമായ രാഷ്ട്രീയവശത്തെ കുറിച്ച് നിശബ്ദമാകാനാവില്ല. ഇതൊരിക്കലും ദേശവിരുദ്ധമാവില്ല; മനുഷ്യവിരുദ്ധവും. കാരണം ഇത് സര്‍വലോക സ്രഷ്ടാവായ ദൈവത്തിന്റെ വ്യവസ്ഥയാണ്. ഇന്ത്യയില്‍ ജമാഅത്തെ ഇസ്ലാമി പോലൊരു പ്രസ്ഥാനം വേറെയില്ല. ഇത് പോലൊരു ചിന്തയും വേറെയില്ല. രാഷ്ട്രപിതാവ് ഗാന്ധിജിക്ക് ഇതു പോലെയൊരു ചിന്തയുണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ മതമൂല്യങ്ങളുടെ സമന്വയം. ഉമറിന്റെ ഭരണം എന്ന് ഗാന്ധിജി പ്രയോഗിക്കുമ്പോള്‍ ഈ ചിന്തയുടെ ബഹിര്‍സ്ഫുരണമല്ലെങ്കില്‍ അത് മറ്റെന്താണ്?. മൂല്യങ്ങളില്‍ നിന്ന് മുക്തമായ രാഷ്ട്രീയം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്നു. ജമാഅത്ത് ഇസ്ലാമി അതിന്റെ ലക്ഷ്യം കണ്ടെത്തിയാല്‍ ഏത് മതത്തിലേയും അക്രമികള്‍ക്ക് മാത്രമേ ഭയക്കേണ്ടതായി വരികയുള്ളൂ. മതത്തിന്റെ നേട്ടങ്ങള്‍ക്ക് രാഷ്ട്രീയത്തെ ഉപയോഗിക്കുകയോ രാഷ്ട്രീയ നേട്ടങ്ങള്‍ മതവികാരത്തെ ഉപയോഗപ്പെടുത്തുകയോ ചെയ്യുന്ന ഒരു ശൈലിമാത്രം പരിചയമുള്ളവരാണ് ഇന്ത്യന്‍ ജനത, അതുമൂലം ജമാഅത്തിന്റെ രാഷ്ട്രീയ പ്രവേശത്തെ ചിലരെങ്കിലും ആശങ്കയോടെനോക്കിക്കാണുന്നു. അവരുടെ കണ്ണില്‍ മാത്രമല്ല അനുഭവത്തിലും മതം വളരെ സങ്കുചിതമാണ്. അവര്‍ക്കറിയാവുന്ന ഇസ്ലാമാകട്ടെ അതിലേറെ അസഹിഷ്ണുവാണ്. സ്വന്തം മതക്കാരിലെ സ്വന്തം സംഘടനകളിലെ അഭിപ്രായ വ്യത്യാസങ്ങളോടുപോലും തുറന്ന ജിഹാദിലേര്‍പ്പെടുന്ന മതത്തിന് അധികാരം ലഭിച്ചാലുള്ള അവസ്ഥ എത്ര ഭീകരമായിരിക്കും എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. സഹോദര സംഘനയായി കാണേണ്ട ഒരു സംഘടനയെ തൂക്കമൊപ്പിക്കാന്‍ നിരോധിച്ചപ്പോള്‍ ആഹ്ളാദം പ്രകടിപ്പിക്കുകയും. നിരോധനം നിലനിന്നപ്പോള്‍ എതിര്‍ക്കാന്‍ സ്വന്തം ആവനാഴിയിലെ അവസാന അസ്ത്രവും ഉപയോഗിക്കുകയും, അതൊന്നും ബോധ്യപ്പെടാതിരുന്ന ഇന്ത്യയിലെ പരമോന്നത നീതിപീഠം പ്രവര്‍ത്തന സ്വാതന്ത്യം തിരിച്ച് നല്‍കിയിട്ടും ഇപ്പോഴും ഒന്നുകൂടി നിരോധിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ച് വൃഥാ ശ്രമത്തിലേര്‍പ്പെടുകയും ചെയ്യുന്നവരല്ല ജമാഅത്തെ ഇസ്ലാമിയുടെ മാതൃക. താലിബാനിസമോ, രാജാധിപത്യവാഴുന്ന സഊദി അറ്യേബ്യ പോലുമോ ജമാഅത്തെ ഇസ്ലാമിയുടെ മാതൃകയല്ല. മറിച്ച് ശത്രുകളുടെ പീഢനം സഹിക്കവയ്യാതെ സ്വരാജ്യം വിട്ട് പലായനം ചെയ്യുമ്പോള്‍ പോലും ബഹുദൈവ വിശ്വാസിയെ വഴികാട്ടിയായി സ്വീകരിക്കാന്‍ ധൈര്യമുള്ള, തന്റെ വിശുദ്ധമസ്ജിദില്‍ ക്രിസ്തുമത വിശ്വാസികളില്‍പ്പെട്ട പ്രതിനിധി സംഘത്തിന് പ്രാര്‍ത്ഥിക്കാന്‍ സമയമായപ്പോള്‍ അവസരം നല്‍കിയ മദീനയിലെ ഭരണാധികരാരി പ്രവാചകന്‍ മുഹമ്മദ് നബി (സ)യാണ് ജമാഅത്തെ ഇസ്ലാമിയുടെ മാതൃക. തന്റെ പിന്‍തലമുറ അവകാശവാദമുന്നയിക്കുമോ എന്ന സംശയത്താല്‍ ക്രിസ്ത്യന്‍ ദേവലയത്തില്‍ നമസ്കരിക്കാനുള്ള ക്രിസ്തുമത വിശ്വാസികളുടെ ആവശ്യം നിരാകരിച്ച ഉമര്‍(റ)നെ ഓര്‍മയില്ലേ. ആ സാത്വികരായ ഖലീഫമാരെ മാതൃകയായി സ്വീകരിക്കുന്ന ഒരു വിഭാഗത്തിന്ന് തങ്ങളെ കുറിച്ച് ഒട്ടും അവിശ്വസമില്ല. ജമാഅത്തെ ഇസ്ലാമിയെ ചൂണ്ടി മനുഷ്യരെ ഭയപ്പെടുത്തുന്നവരുണ്ടല്ലോ, അവര്‍ തങ്ങളുടെ മാനസിക നില അനാവരണം ചെയ്യുകയും, അതേ മനസ്സ് ജമാഅത്തില്‍ കാണുകയുമാണ് ചെയ്യുന്നത്.

1 അഭിപ്രായ(ങ്ങള്‍):

Jamal Changaramkulam പറഞ്ഞു...

ഇസ്ലാം എന്നാൽ ഒരാൾ തന്റെ സ്രഷ്ടാവിന് തന്റെ ജീവിതം സമർപ്പിക്കുന്നതിലൂടെ അയാൾക്ക് കൈവരുന്ന സമാധാനമാണ്. അങ്ങിനെ സമർപ്പണത്തിന്റെ മാർഗ്ഗം തിരഞ്ഞെടുത്ത മനുഷ്യനെ മുസ്ലിം എന്ന് പറയുന്നു.
ജീവിതവും മരണവും അല്ലാഹു സ്രിഷ്ടിക്കിട്ടുള്ളത് ആരാണ് നന്നായി പ്രവർത്തിക്കുന്നത് എന്ന് പരീക്ഷിക്കുവാൻ വേണ്ടിയാകുന്നു.
സന്മാർഗ്ഗികൾക്ക് സ്വർഗ്ഗവും ദുർമാർഗ്ഗികൾക്ക് നരകവും പ്രതിഫലമായി ലഭിക്കും.
സന്മാർഗ്ഗം ഓരോരുത്തരും സ്വയം തീരുമാനിക്കുകയല്ല, മറിച്ച് പടച്ചവൻ കാലാകാലങ്ങളിൽ ദൂതന്മാരിലൂടെ നന്മയും തിന്മയും വേർതിരിച്ച് പഠിപ്പിക്കുകയായിരുന്നു. അങ്ങിനെ അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ) യിലൂടെയും അദ്ദേഹത്തിലൂടെ അവതരിപ്പിച്ച അന്തിമവേദഗ്രന്ഥത്തിലൂടെയും അല്ലാഹു ഇസ്ലാം മതത്തെ പൂർത്തീകരിച്ചു തന്നിരിക്കുന്നു. ഇനി ആർക്കും ദീനിൽ പുതുതായി ഒന്നും കൂട്ടിച്ചേർക്കാൻ അനുവാദമില്ല. പണ്ഡിതന്മാരും പരിഷ്കർത്താക്കളും ദീനിനെ പ്രവാചകൻ പഠിപ്പിച്ച രീതിയിൽ വിവരിച്ചുകൊടുക്കുന്നവരും ജനങ്ങൾക്ക് ബാധിക്കുന്ന വിശ്വാസവൈകല്യങ്ങളെ തിരുത്തി ഖുർആനിന്റെയും സുന്നത്തിന്റെയും യഥാർത്ഥമാർഗ്ഗത്തിലേക്ക് ജനങ്ങളെ തിരിച്ചു കൊണ്ടു വരുന്നവരുമാണ്. അവർക്കും തെറ്റു പറ്റാം. അതിനെ അന്ധമായി പിന്തുടരാൻ പാടില്ല. അടിസ്ഥാനം ദൈവിക ഗ്രന്ഥവും ദൈവദൂതന്റെ അധ്യാപനവുമായിരിക്കണം. പരിഷ്കരിച്ച് പരിഷ്കരിച്ച് പടച്ചവനും പ്രവാചകനും പഠിപ്പിച്ചതിന് എതിരാവരുത്.
ദീനിന്റെ അടിസ്ഥാനപരമായി വിശ്വാസ കാര്യങ്ങളായും കർമ്മകാര്യങ്ങളായും മൌദൂദിക്ക് മുൻപുള്ള പണ്ഡിതന്മാർ വിശദീകരിക്കിട്ടുണ്ട്. അതിന്റെ ഏറ്റവും ലളിത രൂപം താഴെകൊടുക്കുന്നു.
ഈമാൻ കാര്യങ്ങൾ:
1. അല്ലാഹുവിൽ വിശ്വസിക്കൽ
2. മലക്കുകളിൽ വിശ്വസിക്കൽ
3. വേദഗ്രന്ഥങ്ങളിൽ വിശ്വസിക്കൽ
4. പ്രവാചകന്മാരിൽ വിശ്വസിക്കൽ
5. അന്ത്യനാളിൽ വിശ്വസിക്കൽ
6. വിധിയിൽ വിശ്വസിക്കൽ

ഇസ്ലാംകാര്യങ്ങൾ:
1. അശ് ഹദു അന്ന ലാഇലാഹ ഇല്ലല്ലാഹ് വ അശ് ഹദു അന്ന മുഹമ്മദ് റസൂലുല്ലാഹ് എന്ന് സാക്ഷ്യവചനപ്രഖ്യാപനം.(അല്ലാഹു അല്ലാതെ ആരാധനക്കർഹൻ ഇല്ലെന്നും മുഹമ്മദ് അവന്റെ ദൂതനാണെന്നുമുള്ള ആ‍ത്മാർത്ഥമായ പ്രഖ്യാപനം)
2. നമസ്ക്കാരം
3. സക്കാത്ത്
4. നോമ്പ്
5. ഹജ്ജ്
ഇതാണ് ഇസ്ലാമിന്റെ അടിസ്ഥാനം. ഇത് പ്രവാചകൻ പഠിപ്പിച്ചതു പോലെ പിൻപറ്റി മൌദൂദി സാഹിബിന്റെ കാലം വരെയും അതിനുശേഷവും ജീവിച്ച ആളുകളും പൂർണ്ണമുസ്ലിംകളല്ലെ? മൌദൂദി സാഹിബിനെക്കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശദീകരണത്തെക്കുറിച്ചും കോടിക്കണക്കിന് മുസ്ലിംകൾ കേട്ടിട്ടു പോലുമില്ല എന്ന് വിചാരിക്കുക. എന്നാൽ അവർ പ്രവാചകന്റെ അധ്യാപനം ശരിയായി മനസ്സിലാക്കി അനുധാവനം ചെയ്യുന്നു. അവരുടെ ഈമാനിനോ ദീനിനോ വല്ല കുഴപ്പവുമുണ്ടോ?
ഉണ്ടെങ്കിൽ നബി(സ)പഠിപ്പിച്ചത് ശരിയല്ല എന്നല്ലേ നിങ്ങളുടേ വാദം.
കുഴപ്പമൊന്നുമില്ലെങ്കിൽ മുജാഹിദ് പ്രസ്ഥാനം ഉള്ളപ്പോൾ മറ്റൊരു പ്രസ്ഥാനം ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ചതെന്തിന്? ലളിതമായി ജനങ്ങളെ പഠിപ്പിക്കേണ്ട ദീനിനെ വിശദീകരിക്കുമ്പോൾ എന്തിനാണ് ജമാ‍ അത്തെ ഇസ്ലാമിക്ക്, മൌദൂദിസാഹിബിനെക്കുറിച്ചും സമഗ്ര രാഷ്ട്രീയ ഇസ്ലാമിനെക്കുറിച്ചും സാഹിത്യശൈലിയിൽ ഒരുപാട് എഴുതേണ്ടിവരുന്നത്.?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK